Download our App
   
+91 9447 033800
Offers Business Classifides
ബ്ലൂ വെയില്‍ അത്രയ്ക്ക് പ്രശ്നക്കാരനാണോ ? ; മാധ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ കുഴിയില്‍ ചാടിക്കുന്നുവോ ???
August 10,2017 | 06:24:46 pm
Share this on

ടെക്നിക്കല്‍ എക്സ്പെര്‍ട്ട്  രതീഷ്‌ ആര്‍ മേനോന്‍ ബ്ലൂ വെയ്ല്‍ ഗെയിമിനെ ക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നു ...

നാലു വര്‍ഷത്തെ പഴക്കമുണ്ട് ബ്ലൂ വെയ്ല്‍ ഗെയിമിനു. അതില്‍ തുടങ്ങുന്ന ആത്മഹത്യകള്‍ക്കു രണ്ട് വര്‍ഷവും.അങ്ങിനെ നാലു വര്‍ഷം കൊണ്ട് ആ കൊലയാളി ഗെയിം നമ്മുടെ നാട്ടിലും എത്തി എന്നാണു മീഡിയകള്‍ പറയുന്നത്.മീഡിയ പറഞ്ഞാല്‍ പിന്നെ അതാണല്ലോ നമുക്ക് സത്യം.അവര്‍ പറയുന്നതേ നമ്മള്‍ വിശ്വസിക്കൂ. അവര്‍ പകല്‍ സമയത്ത് റെക്കോഡിങ്ങ് നടത്തി രാത്രി വന്നു ലൈവ് എന്നു ബാനര്‍ കാണിച്ചാല്‍ നമ്മളത് ലൈവ് എന്ന്‍ വിശ്വസിക്കുന്നവരാണു.അങ്ങിനെ എല്ലാം വിശ്വസിക്കാത്തവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ മാത്രം ക്ഷമയോടെ ഇത് വായിക്കുക.വായിച്ചിട്ട് ശരി എന്നൊന്നും പറയണ്ട,ശരിയാണോ എന്നു സ്വയം ചിന്തിക്കുക.

എന്താണു ബ്ലൂ വെയ്ല്‍ ഗെയിം ?

റഷ്യയില്‍ വി കെ എന്നൊരു സോഷ്യല്‍ വെബ് സൈറ്റ് ഉണ്ട്,വികൊണ്ടാക്റ്റെ ( ഇന്‍ കോണ്ടാക്റ്റ് ) എന്ന അര്‍ത്ഥം .കെട്ടിലും മട്ടിലും പഴയകാല ഫേസ്ബുക്കിനെ അനുംസ്മരിപ്പിക്കുന്ന രൂപം.ഇന്നു നമ്മളെല്ലാം ഉപയോഗിക്കുന്ന ടെലഗ്രാം ആപ്പിന്റെ ഡെവലപ്പര്‍ പാവേല്‍ ഡുറോവ് ആണു വി കെ എന്ന സൈറ്റിന്റെയും ഉടമ.വി കെ യില്‍ 2013 ല്‍ തുടങ്ങിയ ഒരു ഗ്രൂപ്പിലാണു ഈ ഗെയിം ആരംഭിക്കുന്നത്.2015ല്‍ ആണു ആദ്യമായ് ഈ ഗെയിമിന്റെ പേരില്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ബുഡൈകിന്‍ എന്ന ആളാണു ഈ ഗെയിമിന്റെ ഉപജ്ഞാതാവ്.

ഗെയിമില്‍ പങ്കെടുക്കാന്‍ വി കെയില്‍ ബ്ലൂവെയ്ല്‍ എന്നും എഫ് 56,57 എന്നൊക്കെ ചില ടാഗുകള്‍ ഉള്ള സ്റ്റാറ്റസുകള്‍ ആദ്യം പോസ്റ്റ് ചെയ്യണം.പിന്നീട് ഗെയിമിന്റെ കുറേറ്റര്‍ എന്ന പേരില്‍ ബന്ധപ്പെടുന്ന ആള്‍ നിങ്ങളെ അവരുടെ പ്രൈവറ്റ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുന്നു.നിങ്ങളുമായ് അവര്‍ ആദ്യത്തെ ടാസ്ക് എന്ത് എന്നുള്ള വിവരം പങ്കുവയ്ക്കുന്നു.,അതിരാവിലെ 4.20 നു എഴുന്നേല്‍ക്കുക എന്തെങ്കിലും അവര്‍ പറയുന്ന കാര്യം സേര്‍ച്ച് ചെയ്യുക ഇതാണു ആദ്യ ടാസ്ക്.പിന്നീട് അതു കഠിനമായ ടാസ്കുകളിലേക്ക് നീങ്ങുന്നു.സ്വയം മുറിവേല്‍പ്പിക്കുക.മറ്റുള്ളവരെ ഹിംസിക്കുക,തുടങ്ങിയ സാഡിസ്റ്റ് ചിന്തകള്‍ ഉള്ള പല ടാസ്കുകളും അതില്‍ ഉള്‍പ്പെടുന്നു.ഒപ്പം അതി സാഹസങ്ങളായ മറ്റു ചില ടാസ്കുകളും അതില്‍ ഉള്‍പ്പെടുന്നു. ഏറ്റെടുക്കപ്പെടുന്ന എല്ലാ ടാസ്കുകളുടേയും ഫോട്ടോകള്‍ കുറേറ്റര്‍ക്ക് നല്‍കണം എന്ന്‍ നിബന്ധനയും ഉണ്ട്. നെവ് ( Nerve ) എന്ന ഇംഗ്ലീഷ് ഫിലിമുമായ് ഇതിനു സാമ്യം ഉണ്ടാകാം.അതില്‍ അവസാനത്തെ ടാസ്ക് ആണു ആത്മഹത്യ ചെയ്യുക എന്നത് ( ആത്മഹത്യ ചെയ്യണമെന്നത് ടാസ്ക് ആണു എന്ന് പറയപ്പെടുന്നതല്ലാതെ അതു ശരിയാണു എന്നതിന് തെളിവൊന്നുമില്ല ) ,

49 ടാസ്കുകള്‍ക്കിടയില്‍ ചലഞ്ചില്‍ പങ്കെടുക്കുന്നവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തക്ക എന്തോ കാര്യങ്ങള്‍ അവര്‍ കണ്ടെത്തുന്നു.അതു മോബൈല്‍ ഹാക്ക് ചെയ്താണു കണ്ടേത്തുന്നതെന്ന്‍ നമ്മുടെ മാധ്യമങ്ങള്‍ പറയുന്നു.എന്നാല്‍ പ്രായം കുറവുള്ള കുട്ടികളില്‍ നിന്നും ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാന്‍ മാത്രം എന്ത് കാര്യമാണു അവര്‍ക്ക് കിട്ടുക ? മറ്റൊന്നു ഇതൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ഗെയിം അല്ല. ചെയ്യേണ്ട ടാസ്ക് അതു വി കെയിലെ യോ ടെലഗ്രാമിലേയോ പ്രൈവറ്റ് ഗ്രൂപ്പുകളിലൂടെ കുറേറ്റര്‍ നല്‍കുകയാണു പതിവ്, വി കെ എന്നത് ഒരു നിയന്ത്രണവുമില്ലാത്ത ,റഷ്യയില്‍ വെബ് റാങ്കിംഗില്‍ ഒന്നാം സ്ഥാനമുള്ള വെബ് സൈറ്റ് ആണു.ആര്‍ക്കും ജോയിന്‍ ചെയ്യാം,എന്തും പോസ്റ്റാം വര്‍ഷങ്ങള്‍ക്ക് മുന്നേ രതീഷ് ആര്‍ മേനോന്‍ എന്ന പേരിലും ചില ഫേക്ക് പേരുകളിലും വര്‍ക്കിന്റെ കാര്യങ്ങള്‍ക്കായ് ഞാന്‍ വി കെയില്‍ പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തിരുന്നു.അന്നും ഇന്നും അവിടെ ഒരു കാര്യവും പോസ്റ്റ് ചെയ്യാന്‍ ഒരു നിയന്ത്രണവുമില്ല അതു മാത്രമല്ല വി കെയിലും ടെലഗ്രാമിലും,സര്‍ക്കാരുമായോ സുരക്ഷാ ഏജന്‍സികളുമായോ അവര്‍ ഒരു ഡാറ്റയും ഷെയര്‍ ചെയ്യാന്‍ താല്‍പ്പര്യം കാണിക്കാത്തവരുമാണു.അതുകൊണ്‍ തന്നെ ആണു ഇത്തരം കാര്യങ്ങള്‍ക്ക് അവിടം താവളമാകുന്നതും.

ഇതൊരു ഗെയിം അല്ല,നല്‍കുന്ന ചലഞ്ച് ഏറ്റെടുക്കുക എന്നതാണു എന്ന്‍ പറഞ്ഞല്ലോ അതുകൊണ്ട് തന്നെ മോബൈലില്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുമില്ല കമ്പ്യൂട്ടറിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഒന്നുമില്ല ഈ കളിക്ക്.എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ പറയുന്നത് ഇന്റ്യയില്‍ നാല്‍പതിനായിരം ഡൗണ്‍ ലോഡ് കഴിഞ്ഞു എന്നൊക്കെ ആണു. അതൊരു തെറ്റായ വിവരമല്ലേ ? നമ്മുടെ കൂട്ടുകാരും ബ്ലൂ വെയ്ല്‍ എന്ന പേരില്‍ ഏ പി കെ ഫയല്‍ ഷെയര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.അതൊക്കെ ഫേക്ക് ആപ്പുകള്‍ ആണു.മാത്രവുമല്ല ചിലത് നിങ്ങളുടെ മോബൈലിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ഹാക്കര്‍മാര്‍ നിര്‍മ്മിച്ചിരിക്കുന്ന റിമോട്ട് അഡ്മിനിസ്ട്രേഷന്‍ സൗകര്യം ഉള്ളവയുമാണു .അതിനാല്‍ ബ്ലൂ വെയിലിന്റെ പുറകേ പോയി അത് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.

കഴിഞ്ഞ ദിവസം മുംബൈയില്‍ പതിനാലു വയസുള്ള മന്‍ പ്രീത് കെടിടത്തിന്റെ മുകളില്‍ നിന്നും ചാടി മരിക്കയും അവന്റെ കൂട്ടുകാര്‍ അവന്‍ ” മോബൈലില്‍ ബ്ലൂ വെയ്ല്‍ കളിക്കാറുണ്ട് ” എന്ന മൊഴി നല്‍കുകയും ചെയ്തതോടെ ആണു നമ്മുടെ ഇവിടെ ബ്ലൂ വെയ്ല്‍ വീണ്ടും ചര്‍ച്ച ആയത്.പിന്നെ പാലക്കാട് കാരന്‍ പിള്ളേര്‍ കൊയിലാണ്ടിക്ക് പോയത് ബ്ലൂ വെയ്ല്‍ കളിച്ചിട്ടാണെന്ന മറ്റൊരു കഥ കേരളത്തിലും റിലീസ് ആയി.ഇവരുടെ ഒക്കെ മോബൈലില്‍ ബ്ലൂവെയ്ല്‍ ഗെയിം കളിച്ച ആപ്പ് കണ്ടു എന്നൊക്കെ ആണു പറയുന്നത്. ബ്ലൂ വെയ്ല്‍ എന്ന ടാസ്ക് മാത്രമുള്ള ഈ കളിക്ക് ഇല്ലാത്ത ആപ്പ് എങ്ങിനെ കണ്ടു എന്ന്‍ ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല ..

ബ്ലൂ വെയ്ല്‍ എന്നത് ആ ഒരു ഗ്രൂപ്പുകൊണ്ട് തീരുന്ന ഒരു ഗെയിം മാത്രമല്ല.അതിന്റെ ഉപജ്ഞാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു എങ്കിലും ആ ഗെയിമിന്റെ ചനഞ്ചുകളും അതിന്റെ കോപ്പികളും പിന്തുടരുന്ന ഒട്ടേറെ സീക്രട്ട് ഗ്രൂപ്പുകള്‍ ഇനിയും പല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലുമുണ്ട്.ടെലഗ്രാമും വാട്ട്സാപ്പും പുതിയതായ് ഇറങ്ങുന്ന പ്രൈവസി കൂടിയ മെസ്സഞ്ചര്‍ ആപ്പുമെല്ലാം ഇത്തരക്കാര്‍ വ്യാപകമായ് ഉപയോഗിക്കുന്നുണ്ട്.ഇവര്‍ക്കെന്താകും ഇതുകൊണ്ട് ഗുണം ?

ബ്ലൂ വെയിലിന്റെ ഉപജ്ഞാതാവ് അറസ്റ്റിലായപ്പോ പറഞ്ഞത് സമൂഹത്തിനു ആവശ്യമില്ലാത്ത കീടങ്ങളെ ഉന്മൂലനം ചെയ്യാന്‍ ആണു ഈ ഗെയിം ഉണ്ടാക്കിയത് എന്നാണു.എന്നാല്‍ അദ്ദേഹം ജയിലിലായപ്പൊഴും ഗെയിം തുടരുന്നു.അതില്‍ നിന്നും ഈ ചലഞ്ച് മറ്റു പലരും ഏറ്റെടുത്തിരിക്കുന്നു എന്ന്‍ മനസ്സിലാക്കാം.അങ്ങിനെ ഏറ്റെടുത്തിരിക്കുന്നവര്‍ കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്തെങ്കിലും ടാസ്കില്‍ ഉള്‍പ്പെടുത്തി ചെയ്യിച്ചിട്ടുണ്ടാകാം,ധൈര്യശാലി എന്ന്‍ തെളിയിക്കാന്‍ നടക്കുന്ന കുട്ടികള്‍ അത് ചെയ്തിട്ടുണ്ടാകാം.അതിന്റെ തെളിവുകള്‍ കാണിച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കി അത്മഹത്യ ചെയ്യിച്ച് തെളിവില്ലാതാക്കിയതാകാം ഈ അന്‍പതാമത്തെ സൂസിസൈഡ് ടാസ്ക്.

ബ്ലൂ വെയ്ല്‍ എന്ന ഗെയിം ഇപ്പോള്‍ വന്‍ പ്രചാരമായ് കഴിഞ്ഞു.ഇനി ആണു നമ്മള്‍ സൂക്ഷിക്കേണ്ടത്.ഇതു എന്തെന്ന്‍ അറിയാന്‍ നമ്മുടെ കുട്ടികള്‍ നെറ്റില്‍ തിരഞ്ഞിറങ്ങും.ചെയ്യരുത് എന്ന്‍ പറയുന്നത് ചെയ്യാന്‍ ആണല്ലോ എല്ലാവര്‍ക്കും താല്‍പ്പര്യം.അങ്ങിനെ കുട്ടികള്‍ എത്തപ്പെടുന്നത് തീവ്രവാദ/മയക്കുമരുന്ന്‍ മാഫിയകള്‍ ക്രിയേറ്റ് ചെയ്തിരിക്കുന്ന ബ്ലൂ വെയ്ല്‍ ചലഞ്ച് ഗ്രൂപ്പുകളിലായിരിക്കും.ടാസ്കുകള്‍ എന്ന പേരില്‍ അവര്‍ കുട്ടികളെ ഉപയോഗിക്കും.കയ്യിലും ദേഹത്തും സ്വയം മുറിവേല്‍പ്പിക്കുക എന്നത് അത്തരത്തില്‍ ബ്ലൂ വെയിലില്‍ ഉള്ള ഒരു ടാസ്ക് ആണല്ലോ.അതു ചെയ്യാന്‍ നല്ല ധൈര്യമുള്ളവര്‍ക്കേ സാധിക്കൂ.നമുക്കൊന്നും സ്വയം മുറിവേല്‍പ്പിക്കാന്‍ ആവില്ല.അങ്ങിനെ സ്വയം മുറിവേല്‍പ്പിക്കുന്ന ടാസ്കുകള്‍ വിജയിക്കുന്ന കുട്ടികള്‍, അവര്‍ക്ക് ഒരു ചെറിയ ബ്രെയിന്‍ വാഷിംഗും സ്വല്‍പം പണവും ഒഴുക്കിയാല്‍ ടാസ്കെന്ന പേരില്‍ തന്നെ തീവ്രവാദികള്‍ക്കും മയക്കു മരുന്നു മാഫിയകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ ആകും,ചാവേര്‍ ആകാന്‍ പോലും ടാസ്കിന്റെ പേരില്‍ ആളെ ചുളുവില്‍ അവര്‍ക്ക് കിട്ടുമെന്ന്‍ അര്‍ത്ഥം.

എങ്ങിനെ തടയാം ?

കുട്ടികള്‍ക്ക് കളിക്കാന്‍ നല്‍കുന്ന ഗെയിമുകള്‍ അത് നിങ്ങള്‍ കൂടി ചെക്ക് ചെയ്ത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഉള്ളതാണു എന്നും നല്ല റിവ്യൂ ഉള്ളതാണു എന്നും കണ്‍ ഫേം ചെയ്ത ശേഷം മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.ഒരു കാരണവശാലും പ്ലേ സ്റ്റോറിനു പുറത്തു നിന്നും ലഭിക്കുന്നതോ,പ്ലേ സ്റ്റോറില്‍ അപ് ലോഡ് ചെയ്ത് അധികമാവാത്തതോ ആയ ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.ക്രാക്കുകള്‍,പാച്ചുകള്‍ ഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.ഇതുമായ് എന്ത് ബന്ധമെന്ന്‍ നിങ്ങള്‍ ഇപ്പോള്‍ ആലോചിക്കുന്നുണ്ടാകും,ഒരു ഹാക്കര്‍ നിര്‍മ്മിച്ച് റിമോട്ട് അഡ്മിനിസ്ട്രേഷന്‍ ഉള്ള ഒരു ആപ്പ് ആണു നിങ്ങളുടെ കുട്ടി മോബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്കില്‍ ആ മോബൈലിനെ പൂര്‍ണ്ണ നിയന്ത്രണത്തിലാക്കി അതിലെ ഫയലുകളും ക്യാമറയും ഒക്കെ ആക്സസ് ചെയ്ത് അവര്‍ക്ക് ഡാറ്റകള്‍ സ്വരൂപിക്കാം.അങ്ങിനെ കിട്ടുന്ന ഡാറ്റ നിങ്ങളെ ( മാതാപിതാക്കളുടെ സ്വകാര്യതയെ ) ബാധിക്കുന്ന ഒന്നാണെങ്കില്‍ നിങ്ങളുടെ കുട്ടിയെ നിങ്ങളെ നാറ്റിക്കും എന്നൊക്കെ പറഞ്ഞു ബ്ലാക്ക് മെയില്‍ ചെയ്ത് വരുതിയിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

നിങ്ങളുടെ കുട്ടിയുമായ് കുറച്ച് നേരമെങ്കിലും ദിവസേന സംസാരിക്കാന്‍ സമയം കണ്ടെത്തുക.കുട്ടികളെ മാതാ പിതാക്കള്‍ കെയര്‍ ചെയ്യുന്നില്ല എന്ന്‍ തോന്നുംബോള്‍ ആണു അവര്‍ മറ്റു സ്ഥലങ്ങള്‍ തേടി അലയുന്നത്.

കുട്ടിയുടെ ദിന ചര്യയിലും സ്വഭാവത്തിലും മാറ്റം വന്നാല്‍ കഴിവതും മോബൈല്‍ നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.കുട്ടികളുടെ മോബൈല്‍ നിര്‍ബന്ധമായും ലോക്ക് ചെയ്യാതെ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെടുക.ഇടയ്ക്ക് കഴിവതും കിടക്കുന്ന നേരത്തിനു തൊട്ടു മുന്‍പെങ്കിലും മോബൈലില്‍ മെസ്സഞ്ചര്‍ ആപ്പുകളും ഗ്യാലറിയും എല്ലാം പരിശോധിക്കുക.

പരിചയമില്ലാത്തവരുമായ് കൂട്ടുകൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

കുട്ടിക്ക് ശരീരത്തില്‍ ഉണ്ടാകുന്ന പോറലുകളും മറ്റും എന്ത്കൊണ്ട് ഉണ്ടായി എന്ന്‍ തീര്‍ച്ചയായും അന്വേഷിച്ച് സത്യമെന്തെന്ന്‍ ഉറപ്പാക്കുക.രാത്രികാലങ്ങളില്‍ ടിവി,മോബൈല്‍ എന്നിവയില്‍ കുട്ടി നടത്തുന്ന സകല ആക്റ്റിവിറ്റികളും നിരീക്ഷണ വിധേയമാക്കുക.പ്രത്യേകിച്ചും കാണുന്ന സിനിമകള്‍ ഹൊറര്‍ ആണോ എന്ന്‍.തനിക്ക് ചങ്കൂറ്റം ഉണ്ട്,ധൈര്യശാലി ആണു എന്ന്‍ കാണിക്കാന്‍ ബ്ലൂ വെയിലില്‍ ഉള്ള ആദ്യ ടാസ്കുകള്‍ ആണിവ.

മോബൈലില്‍ ഏതെങ്കിലും ആപ്പ് റിമോട്ട് അഡ്മിനിസ്ട്രേഷനോടെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന്‍ സെറ്റിങ്ങ്സില്‍ സെക്യൂരിറ്റി എന്നതില്‍ ഡിവൈസ് അഡ്മിനിസ്ട്രേറ്റര്‍ എന്നതില്‍ ഇടയ്ക്ക് നോക്കുക,ഉണ്ടെങ്കില്‍ അത് നിങ്ങള്‍ അറിയാതെ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടവ ആണെങ്കില്‍ ഡിസേബിളാക്കുക,മോബൈലില്‍ അവാസ്റ്റ് ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് ഇടയ്ക്ക് സ്കാന്‍ ചെയ്യുക.സ്പൈ ആപ്പുകളെ കണ്ടുപിടിക്കാന്‍ ഉള്ള കഴിവ് ഏറ്റവും കൂടുതല്‍ ഉള്ളത് അവാസ്റ്റിനു ആണു.

ബ്ലൂവെയില്‍ എന്നത് സര്‍ക്കാരിനു ഒരിക്കലും നിരോധിക്കാന്‍ കഴിയില്ല,കാരണം പ്രത്യേക പ്ലാറ്റ് ഫോമോ പ്രത്യേക ആപ്പോ ഒന്നും ഇല്ലാത്ത മെസ്സേജിലൂടെ വരുന്ന ടാസ്കുകള്‍ മാത്രമാണു ഇതില്‍ ഉള്ളത്.ആപ്പുകള്‍ ഉണ്ടെന്നുള്ളത് വെറും കെട്ടുകഥകള്‍ മാത്രമാണു, ഒരാള്‍ ആത്മഹത്യ ചെയ്തതിനു കാരണം അന്വേഷിച്ച് മറ്റുള്ളവരെ ചോദ്യം ചെയ്യുംബോള്‍ അവന്‍ ഗെയിം കളിക്കുന്നത് കണ്ടു എന്ന്‍ അവരെങ്ങാനും പറഞ്ഞാല്‍ ഉടനെ അതെല്ലാം ഇപ്പോ ബ്ലൂ വെയിലിന്റെ തലയില്‍ വച്ച് കൊടുക്കാന്‍ ആണു മീഡിയക്കിഷ്ടം.അല്ലാതെ ഗെയിമിന്റെ ഒരു തെളിവും ആരും എങ്ങും ഹാജരാക്കിയിട്ടില്ല . ബ്ലൂ വെയ്ല്‍ എന്ന പേരിലുള്ള മറ്റു ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കുഴിയില്‍ ചാടാതിരിക്കാനും ശ്രദ്ധിക്കുക.

ഹാക്കര്‍മാര്‍ സ്പൈ ആപ്പുകള്‍ ആ പേരില്‍ ധാരാളം പുറത്തിറക്കിയിട്ടുണ്ട്.

നിങ്ങളൊക്കെ ഇതു തിരയും എന്നറിയാവുന്നതിനാല്‍ നിങ്ങളെ വലയില്‍ വീഴ്ത്താന്‍ ഹാക്കര്‍മാര്‍ നിങ്ങളുടെ മോബൈലിലെ സകല വിവരവും ചോര്‍ത്താന്‍ ബ്ലൂ വെയ്ല്‍ എന്ന പേരില്‍ ഒട്ടനവധി ആപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.മലയാളിയോടാണോടാ ബ്ലൂ വെയില്‍ ചലഞ്ച് എന്ന്‍ ഒക്കെ അഹങ്കരിച്ച് വിചാരിച്ച് ബ്ലൂ വെയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തിരഞ്ഞ് നടന്നാല്‍ മോബൈലില്‍ കിടക്കുന്ന സകല ഡാറ്റയും ഫൊട്ടോയും വീഡിയോയും ആണ്‍ കുട്ടികള്‍ പൊക്കിയെടുത്തുകൊണ്ട് പോയിട്ടുണ്ടാകും.പിന്നെ ആദ്യത്തെ ടാസ്കൊന്നും കമ്പ്ലീറ്റ് ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് 50 മത്തെ ടാസ്കിലേക്ക് വഴി തുറന്നു കിട്ടും.ജാഗ്രതൈ!!

ഏകദേശം ഇരുന്നൂറോളം ആളുകള്‍ ഈ ഗെയിമില്‍ പങ്കെടുത്ത് ആത്മഹത്യ ചെയ്തു എന്നാണു പറയുന്നത്.നിങ്ങളുടെ കുട്ടിക്ക് ഏത് സാഹചര്യത്തിലും നിങ്ങളുടെ പിന്തുണ ഉണ്ടെന്നും ആര്‍ക്കും അവനെ / അവളെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയില്ല എന്നതും അവരെ പറഞ്ഞ് മനസ്സിലാക്കുക.

കടപ്പാട്: രതീഷ്‌ ആര്‍ മേനോന്‍

RELATED STORIES
� Infomagic - All Rights Reserved.