Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
പോഷകഗുണത്തിലും ഔഷധഗുണത്തിലും മുമ്പന്‍ ചതുരപ്പയര്‍
April 20,2017 | 03:52:25 pm
Share this on

മനുഷ്യന്‍ പ്രകൃത്യാ സസ്യാഹാരി ആയിരുന്നെങ്കിലും ഇപ്പോള്‍ നാടുമുഴുവനും മാംസാഹാര പ്രതിപത്തി വര്‍ധിച്ചിരിക്കുന്നു. മാനവസമൂഹം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സസ്യാഹാരമുണ്ടാക്കുന്നതിലും കൂടുതല്‍ ഊര്‍ജം മാംസാഹാര ഉല്‍പാദനത്തിന് ചെലവഴിക്കേണ്ടിവരുന്നത് ഒരു വലിയ പ്രതിസന്ധിയാണ്. മാംസാഹാരമുല്‍പാദിപ്പിക്കാനുള്ള മാടുകള്‍ക്ക് ആഹാരമായി മനുഷ്യന്‍ ഭക്ഷിക്കേണ്ട വലിയഅളവ് ധാന്യങ്ങളും മറ്റും നല്‍കേണ്ടിവരുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. അതുകൊണ്ടാണ് ലോകാരോഗ്യസംഘടന ഷഡ്പദങ്ങളെയും പ്രാണികളെയും പുല്‍ച്ചാടികളെയും ആഹാരമാക്കുന്നത് ശീലിക്കാന്‍ നിര്‍ദേശിച്ചത്.

സസ്യാഹാരങ്ങളില്‍ മാംസ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ പയര്‍വര്‍ഗങ്ങളുടെ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കാനാണ് ലോകാരോഗ്യസംഘടനയുടെ മറ്റൊരു നിര്‍ദേശം. അതിന്റെ പ്രാധാന്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് 2016 ലോക പയര്‍വര്‍ഗവര്‍ഷമായി ആചരിച്ചത്. എന്നാല്‍ മാംസത്തില്‍ നിന്ന് കിട്ടുന്ന എല്ലാ അമിനോ അമ്ലങ്ങളും പയര്‍വര്‍ഗങ്ങളില്‍ നിന്ന് ലഭിക്കില്ലെന്നൊരുവാദം നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ധാന്യങ്ങളും പയറും കൂടിച്ചേര്‍ന്ന സമീകൃതാഹാരം മതി ജീവസന്ധാരണത്തിന് എന്നൊരു മറുവാദം അതിനെ ഖണ്ഡിക്കുന്നു. എന്തായാലും പയര്‍ വര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നതിന് യാതൊരു സംശയവുമില്ല. പയറുവര്‍ഗങ്ങളിലെല്ലാം തന്നെ മാംസ്യമടങ്ങിയിരിക്കുന്നു. എന്നാല്‍, ഏറ്റവും കൂടുതല്‍ മാംസ്യം അടങ്ങിയിരിക്കുന്ന പയറിനമാണ് ചതുരപ്പയര്‍ അല്ലെങ്കില്‍ ഇറച്ചിപ്പയര്‍ എന്നു നമ്മള്‍ വിളിക്കുന്ന പയറിനം. വിയറ്റ്നാമില്‍ ഡ്രാഗണ്‍ പയര്‍, മലയയില്‍ കസാങ് ബുട്ടോള്‍, സ്പാനിഷില്‍ സിഗാറില്ലാസ്, ചൈനയില്‍ സ്ക്വയര്‍ ബീന്‍സ്, സുഡാനില്‍ ജാട്ട, തായ് ഭാഷയില്‍ മൂണ്ടന്‍ ബീന്‍സ് എന്നിങ്ങനെ വിളിക്കപ്പെടുന്ന ചതുരപ്പയറിന് തമിഴര്‍ ശിറകു അവരൈ എന്നും ഇംഗ്ലീഷുകാര്‍ വിങ് ബിന്‍സ് എന്നും പറയുന്നു.

കേരളത്തിലെല്ലായിടത്തും വലിയപ്രയാസമില്ലാതെ വളര്‍ത്താവുന്നയിനം വള്ളിപ്പയറാണിത്. അത്യുത്പാദനശേഷിയും മികച്ചരോഗകീടപ്രതിരോധശേഷിയും പ്രകടിപ്പിക്കുന്നയിനമാണെന്നതുതന്നെയാണ് ഇതിന്റെ പ്രധാന മികവ്. ഇതിന്റെ എല്ലാഭാഗവും (ഇല, പൂവ്, കിഴങ്ങ്, കായ) ഭക്ഷ്യയോഗ്യമാണ്. ഇല ഉപ്പേരിയും കറിയുമായും പൂവ് ഉപ്പേരിയും സലാഡുമായും കായകള്‍ പലവിധത്തിലും വിത്ത് സോയാബീന്‍ പോലെയും മിക്കരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ചുവരുന്നു. പല രാജ്യങ്ങളിലും വളര്‍ത്തുമീന്‍ തീറ്റയുടെ പ്രധാനചേരുവയായും ചതുരപ്പയറിന്റെ വിത്തുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാനറ്റേ സാമ്രാജ്യത്തിലെ ഫബാസിയേ കുടുംബത്തിലെ അംഗമായ ചതുരപ്പയറിന് സോഫോ കാര്‍പ്പസ് ടെട്രാഗോണോലോബുസ് എന്നാണ് ശാസ്ത്രനാമം. 4-5 മീ്റ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വള്ളിപ്പയറിനമാണിത്. ഇതിന്റെ കായകള്‍ക്ക് 10-15 സെ.മീ. വരെ നീളമുണ്ടാകും. പൂവുകള്‍ക്ക് മങ്ങിയ നീലനിറമാണ്. കായകള്‍ക്ക് രണ്ടറ്റത്തുനിന്നും നാല് എണറുകള്‍ ചിറകുകള്‍പോലെ കാണാം. വിത്തുകള്‍ ഉണങ്ങിക്കഴിഞ്ഞാല്‍ ചാരം കലര്‍ന്ന കാപ്പിനിറമാകും. തണ്ടിന് സാധാരണയായി പച്ച നിറമാണെങ്കിലും വള്ളി മൂത്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ പര്‍പ്പിള്‍നിറവുമായി മാറാം.

കൃഷിരീതി

സാധാരണയായി വേനല്‍ക്കാലാംരംഭത്തിലാണ് കേരളത്തില്‍ ചതുരപ്പയര്‍ കൃഷിചെയ്തുവരുന്നത്. നല്ല വെയിലും ഈര്‍പ്പവും കലര്‍ന്ന അന്തരീക്ഷമാണിതിന് വേണ്ടത്. 25 ഡിഗ്രി അന്തരീക്ഷോഷ്മാവാണിതിന് പഥ്യം. ഒരുസെന്റിന് 80 ഗ്രാം വിത്ത് ആവശ്യമായിവരുന്നു. സെന്റിന് കൂടിയാല്‍ 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ടുമീറ്ററെങ്കിലും ഇടയകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടിവ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരുസെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത്, 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക. ചാക്കുകളിലാണ് നടുന്നതെങ്കില്‍ മണല്‍, മണ്ണ്, ചാണകപ്പൊടി, എന്നിവ 3:3:3 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി നിറച്ച്‌ നന്നായി നനച്ചതിനുശേഷം വിത്ത് നടാം. വിത്തിന് 5 മുതല്‍ 8 സെ.മീ. വരെ നീളമുണ്ടാവും. നടുന്നതിന് എട്ടുമണിക്കൂര്‍ മുമ്പെങ്കിലും വിത്ത് നനച്ചുവെക്കണം. നട്ട് നനച്ചതിനുശേഷം ചപ്പിലകൊണ്ട് പുതയിട്ടുകൊടുക്കണം. വിത്ത്മുളച്ചുവന്നാല്‍ പുതയൊഴിവാക്കാം.

താങ്ങുകൊടുക്കാം

പടര്‍ന്നുവളരുന്ന ഇനമായതുകൊണ്ട് പന്തല്‍ അല്ലെങ്കില്‍ താങ്ങ് കെട്ടിക്കൊടുക്കാം. മുള, കവുങ്ങ്. എന്നിങ്ങനെയുള്ളവയാണ് സാധാരണയായി ഇതിനുപയോഗിക്കാറ്. ചെടി വളര്‍ന്നു പന്തലില്‍ കയറുന്ന സമയത്താണ് ആദ്യത്തെ മേല്‍വളപ്രയോഗം നടത്തേണ്ടത്. മേല്‍വളമായി ചാണകപ്പൊടിയോ കമ്പോസ്റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തില്‍ നന്നായി നനച്ചുകൊടുക്കണം. പിന്നീട് വള്ളിവീശുമ്പോഴും പൂവിടുമ്പോഴും മേല്‍വളം നല്‍കാവുന്നതാണ് കൂടാതെ ഗോമൂത്രം പത്തിലൊന്നാക്കി നേര്‍പ്പിച്ചതോ ബയോഗ്യാസ് സ്ലറിയോ തടത്തിലൊഴിച്ചുകൊടുക്കാവുതാണ്. കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലില്‍ കയറിക്കഴിഞ്ഞാല്‍ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയില്‍ പൊട്ടിവരുന്ന ചെറുവള്ളികള്‍ നശിപ്പിച്ചുകളയണം. വള്ളി പടര്‍ന്നുകയറി നാലുമാസത്തിനുള്ളില്‍ വിളവെടുക്കാം. നല്ല ഇളംപ്രായത്തില്‍ത്തന്നെ കായ പറിച്ചുപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഹെക്ടറിന് നാലു ടണ്‍ വിളവു ലഭിക്കും. ഏകദേശം ഒരു ടണ്‍ വിത്തുകള്‍ ഹെക്ടറിന് കിട്ടാറുണ്ട്.

രോഗങ്ങളും കീടങ്ങളും

സാധാരണ പച്ചക്കറികള്‍ക്കു വരുന്ന കീടങ്ങളൊന്നും ചതുരപ്പയറിനെ ബാധിച്ചുകാണാറില്ല. കായീച്ച, എപ്പിലാക്സ് വണ്ട് എന്നിവയാണ് കുറച്ചെങ്കിലും ബാധിക്കുന്നത്. വേരുചീയല്‍ രോഗം, പൂപ്പല്‍ രോഗം, ഇലപ്പുള്ളിരോഗം എന്നിങ്ങനെയുള്ള രോഗങ്ങളും ചിലപ്പോള്‍ ബാധിക്കാറുണ്ട്. കായ ചെറുതായി വന്നുതുടങ്ങുമ്പോള്‍ത്തന്നെ വേപ്പെണ്ണ എമെല്‍ഷന്‍, വെളുത്തുള്ളി-ബാര്‍സോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാം. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച്‌ നശിപ്പിക്കാം. എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച്‌ ശേഖരിച്ച്‌ നശിപ്പിക്കാം. മിത്രപ്രാണികളെയുപയോഗിച്ചും വേപ്പെണ്ണ എമെല്‍ഷന്‍, പെരുവലം സത്ത്, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം എന്നിവയുപയോഗിച്ചും വണ്ടിനെ നിയന്ത്രിക്കാം.

വേരുചീയല്‍ രോഗം

വേരുചീയല്‍ രോഗമാണ് ചതുരപ്പയറിനെ ബാധിക്കുന്ന രോഗം. ഇത് പിടിപെട്ടാല്‍ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാര്‍ഗമുള്ളൂ. വള്ളി മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ്പിടിത്തം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തോട്ടങ്ങളില്‍ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികള്‍ മാത്രം തടത്തില്‍ നിര്‍ത്തുക എന്നിവയാണിതിന് ചെയ്യാവുന്നത്. ഫംഗസിനെ പ്രതിരോധിക്കുന്ന തരം ജൈവമരുന്നുകള്‍ വേണമെങ്കില്‍ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാവുന്നതാണ്.

ഇലപ്പുള്ളിരോഗം

ഇലയുടെ അടിഭാഗത്ത് വെള്ളത്തിനാല്‍ നനഞ്ഞപോലെയുള്ള പാടുകളും അതിനെത്തുടര്‍ന്ന് ഇലയുടെ ഉപരിതലത്തില്‍ മഞ്ഞക്കുത്തുകള്‍ പ്രത്യക്ഷപ്പെടുന്നതുമാണ് ഇതിന്റെ ലക്ഷണം. പിന്നീട് ഈ മഞ്ഞക്കുത്തുകള്‍ വലുതായി ഇലമൊത്തം വ്യാപിച്ച്‌ കരിഞ്ഞുണങ്ങുകയും ചെയ്യുന്നു. രോഗം കാണുന്ന ഇലകള്‍ നശിപ്പിക്കുകയും സ്യൂഡോമോണസ് ലായനി രണ്ടുശതമാനം വീര്യത്തില്‍ ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും സമൂലവും തളിക്കുകയുമാണിതിന്റെ പ്രതിരോധമാര്‍ഗങ്ങള്‍.
പ്രകൃതി ദത്ത പ്രോട്ടീനിന്റെ ഒരു മികച്ച കലവറയാണ് ചതുരപ്പയര്‍. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, എന്നീമൂലകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ., തയാമിന്‍, റൈബോഫ്ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും അസ്കോര്‍ബിക്, അമിനോ ആസിഡുകള്‍, എന്നിവയും നിയാസിനും ചതുരപ്പയറിയില്‍ അടങ്ങിയിരിക്കുന്നു. പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മാംസ്യത്തിന് പകരം വെക്കാവുന്ന ഈ പച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടില്‍ വളര്‍ത്താം.

RELATED STORIES
� Infomagic - All Rights Reserved.