Kerala Classifieds, News, Offers & Business
Category
Districts
+91 9447 033800
+91 9446 033800
പശുവളര്‍ത്തല്‍ ആദായകരമാക്കാം
April 21,2017 | 10:58:31 am
Share this on

പാല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലെ ഒരവശ്യവസ്തുവാണ്. അതുപോലെ തന്നെ പശുവും. ശാസ് ത്രീയമായും ശ്രദ്ധയോടും പശുവിനെ തെരഞ്ഞെടുക്കുക എന്നതു പശുപരിപാലനത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ ഉരുവില്‍ നിന്നും പരമാവധി ഉത്പാദനം ലഭിച്ചാല്‍ മാത്രമേ പശുവളര്‍ത്തല്‍ ലാഭകരമാവുകയുള്ളൂ. ഉരുവിന്‍റെ ജനിതകമൂല്യം പാലുത്പാദനത്തെ ബാധിക്കുന്ന ഒന്നായതിനാല്‍ ഉരുക്കളുടെ തെരഞ്ഞെടുപ്പ് അത്രമേല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അതിനാല്‍ പശുക്കിടാങ്ങളെ തെരഞ്ഞെടുക്കേണ്ടതിന്‍റെ  ശാസ്ത്രീയവശം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ജനന സമയത്ത് കൂടിയ ശരീരതൂക്കവും ആരോഗ്യവും പിന്നീട് ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഉള്ള കിടാക്കളെയാണ് തെരഞ്ഞെടുക്കേണ്ടത്. അംഗവൈകല്യങ്ങളോ മറ്റ് അനാരോഗ്യലക്ഷണങ്ങള്‍ ഉള്ളതോ ആയ കിടാക്കളെ ഒഴിവാക്കുക. കറവപ്പശുവിനെ തെരഞ്ഞെടുക്കുമ്പോള്‍ ഏകദേശം 305 ദിവസത്തെ കറവക്കാലത്ത് 2000 കിലോഗ്രാമില്‍ അധികം പാലുത്പാദിപ്പിക്കുന്ന പശുക്കളാണ് ഉത്തമം. ഏറ്റവും കൂടിയ പ്രതിദിന പാലുത്പാദനശേഷിയുള്ള (9-10 ലിറ്റര്‍) പശുക്കളാണ് ഈ ഇനത്തില്‍പ്പെടുന്നത്.
പശുപരിപാലനത്തില്‍ പാലുത്പാദനക്ഷമത കൂടാതെ പാലിലെ കൊഴുപ്പിന്‍റെയും മറ്റു ഖരപദാര്‍ഥങ്ങളുടെയും ശരാശരി അനുപാതം  എന്നിവ അറിഞ്ഞിരിക്കേണ്ടതാണ്. പ്രസവശേഷം വേണ്ടിവരുന്ന ബീജദാനങ്ങളുടെ എണ്ണം മുന്‍കാലവന്ധ്യതയുടെ വിവരങ്ങള്‍ എന്നിവയും അറിഞ്ഞിരിക്കുക. കിടാരികളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ മാതാപിതാക്കളുടെ ജനിതകമേന്മ അറിഞ്ഞിരിക്കേണ്ടതാണ്. നല്ല കിടാങ്ങളില്‍ രണ്ടു വയസിനുള്ളില്‍ ഗര്‍ഭധാരണം നടക്കേണ്ടതാണ്. മൂരിക്കിടാവിനോടൊപ്പം ജനിക്കുന്ന കിടാക്കളില്‍ വന്ധ്യതയ്ക്കുള്ള സാധ്യത കൂടുതലായതിനാല്‍ അങ്ങനെയുള്ളവയെ ഒഴിവാക്കുന്നതാണു നല്ലത്.  

ഓരോ പ്രസവം കഴിയുംതോറും കറവപ്പശുക്കളുടെ പാലുത്പാദനശേഷി ക്രമേണ വര്‍ധിച്ച് മൂന്നാമത്തെ പ്രസവം കഴിയുമ്പോഴേക്കും ഏറ്റവും കൂടിയ ഉത്പാദനശേഷി കൈവരുന്നു. പിന്നീട് ഉത്പാദനം കുറഞ്ഞുവരുന്നു. എട്ടു വയസാകുമ്പോഴേക്കും പാലുത്പാദനശേഷി തീരെ കുറയുന്നതിനാല്‍ കൂടുതല്‍ പ്രായമുള്ള പശുക്കളെ തെരഞ്ഞെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രസവശേഷം ഓരോ ദിവസം കഴിയുന്തോറം പാലുത്പാദനം ക്രമേണ വര്‍ധിക്കും. അതിനുശേഷം നേരിയതോതില്‍ കുറഞ്ഞുവരികയും 10-ാം മാസത്തോടെ വളരെ കുറഞ്ഞ ഉത്പാദനത്തിലേക്ക് എത്തുകയും ചെയ്യുന്നു.

ശരീരം, കൊമ്പ്, പല്ല് എന്നിവ പരിശോധിച്ച് പശുക്കളുടെ പ്രായം നിശ്ചയിക്കാനാകും. കൊമ്പുകളില്‍ കാണുന്ന വളയങ്ങള്‍ പശുവിന്‍റെ പ്രായത്തെ കാണിക്കുന്നു. ഇവ ഉരച്ചു മിനുക്കി എണ്ണ പുരട്ടുന്നതുകൊണ്ട് ഇത്തരത്തിലുള്ള പ്രായനിര്‍ണയം ശരിയാവണമെന്നില്ല. പ്രായം നിശ്ചയിക്കാനുള്ള മറ്റൊരു മാര്‍ഗം പല്ലുകളില്‍ പ്രായത്തിനുസരിച്ച് ഉണ്ടാകുന്ന വ്യതിയാനങ്ങളാണ്.

താല്‍ക്കാലിക പല്ലുകള്‍ വെളുത്തതും ചെറുതുമാണ്. ഇവ കൊഴിഞ്ഞതിനുശേഷം വരുന്ന സ്ഥിരം പല്ലുകള്‍ വലുതും മങ്ങിയനിറത്തോടുകൂടിയതുമാണ്. കീഴ്ത്താടികളിലെ നാലു ജോഡി ഉളിപ്പല്ലുകളാണ് പ്രായനിര്‍ണയത്തിന് ഉപയോഗിക്കുന്നത്. നാലുജോഡി താത്കാലിക പല്ലുകളാണുള്ളതെങ്കില്‍ പ്രായം രണ്ടാഴ്ച മാത്രമായിരിക്കും.
ഉളിപ്പല്ലില്‍ നടുവിലത്തെ രണ്ടെണ്ണം കൊഴിഞ്ഞ് സ്ഥിരം പല്ല് വന്നിട്ടുണ്ടെങ്കില്‍ പ്രായം രണ്ടു-മൂന്ന് വയസ് എത്തിയിട്ടുണ്ടാകും. നാലു സ്ഥിരം പല്ലുകളാണെങ്കില്‍ നാലുവയസിനോടടുത്ത് പ്രായം എന്നാണര്‍ഥം.  പല്ലുകളുടെ തേയ്മാനം നോക്കി ഉരുക്കളുടെ പ്രായം നിര്‍ണയിക്കാം. 10 വര്‍ഷത്തിനുമേല്‍ പ്രായമുള്ളതെങ്കില്‍ അത് ആദായകരമായിരിക്കില്ല.

രണ്ടിലധികം തവണ പ്രസവിക്കാത്തതും പ്രായം കുറഞ്ഞതും ഇളം കറവയുള്ളതുമായതിനെവേണം തെരഞ്ഞെടുക്കാന്‍. തൊഴി, കുത്ത്, തന്നത്താനുള്ള പാല്‍കുടി മുതലായ ദുശീലങ്ങളുള്ള ഉരുക്കളെ ഒഴിവാക്കേണ്ടതാണ്. ശാന്തസ്വഭാവമുള്ളതും ഇണക്കമുള്ളതും കറവയ്ക്ക് ബുദ്ധിമുട്ടില്ലാത്തതും ആയതിനെ തെരഞ്ഞെടുക്കുന്നതാവും ഉചിതം. ആദ്യ ചുരത്തലില്‍ മുഴുവന്‍ പാലും തരുന്നതും തീറ്റ, കാലാവസ്ഥ, മറ്റു ചുറ്റുപാടുകള്‍ എന്നിവയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ളതും യഥേഷ്ടം ആഹാ രം കഴിക്കുന്നതുമായ പശുക്കളെയാവണം തെരഞ്ഞെടുക്കേണ്ടത്. ഇത്തരത്തില്‍ ശ്രദ്ധയോടെ നീങ്ങിയാല്‍ പാലുത്പാദനം കൊണ്ടുമാത്രം നല്ലവരുമാനം സാധ്യമാക്കാം.  

Infomagic - All Rights Reserved.