ബുദ്ധി ജീവികള്‍ മാത്രമല്ല പുസ്തകം വായിക്കുന്നത്...ശാരദക്കുട്ടി അസ്വസ്ഥയാകുന്നതെന്തിന്...ദീപാ നിശാന്ത്...
August 11,2017 | 12:49:33 pm
Share this on

തന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുളള എഴുത്തുകാരിയായ ശാരദക്കുട്ടി തന്റെ പുസ്തകം ആളുകള്‍ വായിക്കുന്നതില്‍ എന്തിനാണ് അസ്വസ്ഥയാകുന്നതെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാനിശാന്ത്. ശാരദക്കുട്ടി നേരത്തെ അയച്ച ഒരുപാട് അനുമോദന മെസേജുകള്‍ തന്റെ ഇന്‍ബോക്‌സിലുണ്ടെന്നും സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപാ നിശാന്ത് പറയുന്നു. തന്നെ പ്രോത്സാഹിപ്പിച്ച് കൊണ്ട്,എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ട് പലപ്പോഴായി അയച്ചവയാണ് അവ. അവതാരിക എഴുതാമെന്നൊക്കെ സന്തോഷപൂര്‍വം സമ്മതിച്ച് പുസ്തകമാക്കാന്‍ തന്നെ പ്രോത്സാഹിപ്പിച്ചിട്ടുളള വ്യക്തിയാണ് ശാരദക്കുട്ടിയെന്നും ദീപ വ്യക്തമാക്കുന്നു.
എന്റെയത്രയും നല്ല എഴുത്തുകാരിയല്ല ദീപാ നിശാന്ത് എന്നെങ്ങാനുമാണ്, അതു ശരിതന്നെയാണെങ്കില്‍പ്പോലും, അശോകന്‍ ചരുവില്‍ പറഞ്ഞിരുന്നതെങ്കിലോ. ആളുകള്‍ എങ്ങനെയാകും പ്രതികരിക്കുക. വലിച്ചുകീറി ഒട്ടിക്കില്ലേ, സമൂഹ മാധ്യമങ്ങളിലൊക്കെ. അദ്ദേഹത്തിന് അദ്ദേഹത്തെ വച്ചു താരതമ്യം ചെയ്യാനുള്ള അവകാശമുണ്ടല്ലോ. അതല്ലേ പറയാന്‍ പറ്റൂ. അത്ര വലിയ ഗൗരവമായിട്ടൊന്നും അതിനെ കാണേണ്ട കാര്യമുണ്ടായിരുന്നില്ല. ഒന്നാമതായി, എന്റെ എഴുത്തിന്റെ സാഹിത്യമൂല്യം ചര്‍ച്ച ചെയ്യേണ്ട സന്ദര്‍ഭമായിരുന്നില്ല അത്. പക്ഷേ, ഈ വിഷയം വന്നപ്പോള്‍ അത്തരം ചര്‍ച്ചകളിലേക്കൊക്കെ പലരും പോയി. അതിലെനിക്കു വിഷമമുണ്ട്. അശോകന്‍ ചരുവില്‍ എന്നെക്കുറിച്ചെഴുതിയത് ചര്‍ച്ചയാക്കി മാറ്റിയ ശാരദക്കുട്ടിയുടെ നിരവധി അനുമോദന മെസേജുകള്‍ എന്റെ ഇന്‍ബോക്‌സിലുണ്ട്. എന്നെ പ്രോല്‍സാഹിപ്പിച്ചുകൊണ്ട്, എഴുത്തിന് ആവേശം പകര്‍ന്നുകൊണ്ടു പലപ്പോഴായി അയച്ചവ. അവതാരിക എഴുതാമെന്നുമൊക്കെ സന്തോഷപൂര്‍വ്വം സമ്മതിച്ച്, പുസ്തകമാക്കാന്‍ പ്രോല്‍സാഹിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ശാരദക്കുട്ടി. അങ്ങനെയൊരാള്‍ ഇത്രമാത്രം ആളുകള്‍ ആ പുസ്തകം വായിക്കുന്നുവെന്ന ഘട്ടം വന്നപ്പോള്‍ അസ്വസ്ഥയാകുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പിന്നെ എഴുത്തുകാര്‍ തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ദീപാ നിശാന്ത് അഭിമുഖത്തില്‍ പറയുന്നു
ബുദ്ധിജീവികള്‍ മാത്രമല്ലല്ലോ പുസ്തകം വായിക്കുന്നത്. തന്റെ എഴുത്തു മോശമാണെങ്കില്‍ അതു വായിക്കുന്നയാളുകളെയാകെ അപമാനിക്കുന്നതിനു തുല്യമാണ്. അവരെ താഴ്ത്തിക്കെട്ടുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്തിനാണെന്നു മനസിലാകുന്നില്ല. മറ്റൊന്ന്, പുസ്തകം ഗംഭീരമാണെന്നു അവകാശപ്പെടുന്നുമില്ല. അതു വായിക്കണം എന്നാവശ്യപ്പെട്ട് ഇന്നുവരെ ഒരു പോസ്റ്റ് പോലും ഇട്ടിട്ടുമില്ല. തന്റെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാനുള്ള ഒരു സ്ഥലമായി സമൂഹ മാധ്യമത്തെ കാണുന്നില്ലെന്നും ദീപ പറയുന്നു. പുസ്തകത്തിന്റെ വരുമാനം പോകുന്നതു രണ്ടു സന്നദ്ധസേവന സംഘടനകളിലേക്കാണ്. തൃശൂരിലെ 'അംഹ' എന്ന ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന സംഘടനയ്ക്കും പിന്നെ 'സേവാസദന'ത്തിലേക്കും. അതുകൊണ്ടുതന്നെ വിവാദം സൃഷ്ടിച്ചു പുസ്തകം വില്‍ക്കേണ്ട ആവശ്യവുമില്ലെന്നും ദീപ വിശദമാക്കുന്നു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.