ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
July 17,2017 | 02:20:20 pm
Share this on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ അഭ്യര്‍ഥനപ്രകാരമാണ് കോടതിയുടെ നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് സര്‍ക്കാരിനുവേണ്ടി ഹാജരായത്. കേസിനെക്കുറിച്ചു പഠിക്കാന്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.

കുപ്രസിദ്ധ കുറ്റവാളിയും മുമ്പ് സമാനമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുള്ള ഒന്നാം പ്രതിയുടെ മൊഴിയില്‍ യാതൊരു അന്വേഷണവും നടത്താതെയാണ് ദിലീപിനെ അറസ്റ്റ് ചെയ്യുകയും പ്രതി ചേര്‍ക്കുകയും ചെയ്തതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു. ഒന്നാം പ്രതി ഒഴികെ മറ്റ് പ്രധാന സാക്ഷികളെയൊന്നും പ്രൊസിക്യൂഷന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

മറ്റ് രണ്ട് സാക്ഷികളായ പരാതിക്കാരിയേയും നടി മഞ്ജു വാര്യരേയും എ.ഡി.ജി.പി. ചോദ്യം ചെയ്തിരുന്നു. ഇവര്‍ പരാതിക്കാരന് ഒരിക്കലും സ്വാധീനിക്കാന്‍ സാധിക്കാത്ത സാക്ഷികളാണ്. അതു മാത്രവുമല്ല തനിക്കെതിരെയുണ്ടായ അക്രമത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമില്ലെന്ന് ഇരയായ നടി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതല്ലാതെ വേറെ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ല.

ഒന്നാം പ്രതിയേയും കൂട്ടു പ്രതികളേയും അറസ്റ്റ് ചെയ്തതിന് ശേഷം കേസില്‍ ഗൂഢാലോചനയില്ലെന്ന് പോലീസും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നതാണെന്നും അപേക്ഷയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടി. അഡ്വ. കെ. രാംകുമാറാണ് ദിലീപിനുവേണ്ടി ഹാജരാജയത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.