തോമസ് ചാണ്ടിയുടെ രാജി: എന്‍സിപിയില്‍ ആശയക്കുഴപ്പം; സംസ്ഥാന കൗണ്‍സില്‍ നാളെ
November 13,2017 | 08:44:12 am
Share this on

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് എന്‍സിപിയില്‍ കടുത്ത ആശയക്കുഴപ്പം. മന്ത്രിസ്ഥാനം ഇല്ലാതാകുന്ന സാഹചര്യം ഒഴിവാക്കാനാണു പാര്‍ട്ടിയുടെ ശ്രമം. പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ നാളെ കൊച്ചിയില്‍ പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. എന്നാല്‍ എന്‍സിപിയുടെ തീരുമാനം നീണ്ടുപോയാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടേണ്ടിവരും.

തോമസ് ചാണ്ടി രാജിവച്ചാല്‍ പാര്‍ട്ടിക്കു മന്ത്രിസ്ഥാനം ഇല്ലാതാകുമെന്നതാണ് എന്‍സിപിയുടെ പ്രശ്‌നം. പുതിയ മന്ത്രി അധികാരത്തിലേറുന്നതു നീണ്ടുപോയാല്‍ മന്ത്രിസ്ഥാനം നഷ്ടമാകുമോയെന്നാണ് ആശങ്ക. അങ്ങനെയൊരു സാഹചര്യമൊഴിവാക്കണം എന്നു ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രന്‍ കുറ്റവിമുക്തനായെത്തിയാല്‍ തോമസ് ചാണ്ടി മാറിക്കൊടുക്കുമെന്ന ധാരണ നേരത്തേയുണ്ട്. ഫോണ്‍കെണി കേസ് അന്വേഷിച്ച ജസ്റ്റിസ് പി.എ. ആന്റണി കമ്മീഷന്‍ ഉടന്‍ റിപ്പോര്‍ട്ടു നല്‍കുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ. എന്നാല്‍ ശശീന്ദ്രനെതിരായ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന പെണ്‍കുട്ടിയുടെ ഹര്‍ജി ഇനി ഹൈക്കോടതി 24നെ പരിഗണിക്കൂ.

തോമസ് ചാണ്ടിക്കെതിരായ മൂന്നു പൊതുതാല്‍പര്യഹര്‍ജികളും കലക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജിയും നാളെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഹൈക്കോടതിയില്‍നിന്ന് എതിരായ തീരുമാനമോ പരാമര്‍ശമോ വന്നാല്‍ ഉടന്‍ രാജി വയ്‌ക്കേണ്ടിവരും. ഈ വിഷമസ്ഥിതിയിലാണു നാളെ പാര്‍ട്ടി നേതൃത്വം യോഗം ചേരുന്നത്. തീരുമാനം നീണ്ടുപോയാല്‍ പരസ്യമായി രാജി ആവശ്യപ്പെടുമെന്ന് സിപിഐ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.