രാജ്ഘട്ടില്‍ സംഭാവനപ്പെട്ടി വെച്ച് രാഷ്ട്രപിതാവിനെ അപമാനിക്കരുതെന്ന് കോടതി
December 05,2017 | 07:11:00 am
Share this on

 

ന്യൂഡല്‍ഹി: രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ 'സംഭാവനപ്പെട്ടി' സ്ഥാപിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി ഡല്‍ഹി ഹൈക്കോടതി. രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിനു തുല്യമാണ് ഇതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സമാധിസ്മാരകം കൃത്യമായി പരിപാലിക്കുന്നില്ലെന്ന് ആരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
'ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഗാന്ധിസമാധിയിലേക്കെത്തുന്ന സന്ദര്‍ശകര്‍ക്കു മുന്നില്‍ ഇങ്ങനെയാണോ രാഷ്ട്രപിതാവിനോടുള്ള ബഹുമാനം നാം പ്രകടിപ്പിക്കേണ്ടത്? സമാധിസ്മാരം എല്ലാ ബഹുമാനവും അര്‍ഹിക്കുന്ന ഇടമാണ്. ബന്ധപ്പെട്ട അധികൃതര്‍ ഇത് കൃത്യമായി സംരക്ഷിക്കുകയും വേണം' കോടതി പറഞ്ഞു.
ആരാണ് സംഭാവനപ്പെട്ടി സ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്നും അതില്‍ നിന്നു ലഭിക്കുന്ന പണം എവിടേക്കാണു പോകുന്നതെന്നും അറിയിക്കണമെന്ന് കോടതി രാജ്ഘട്ട് സമാധി സമിതിയോട് ആവശ്യപ്പെട്ടു. സമിതിക്കാണ് ഗാന്ധിസമാധി സ്മാരകത്തിന്റെ സംരക്ഷണ ചുമതല. മഹാത്മാഗാന്ധി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിന് ആണ് സംഭാവനപ്പെട്ടിയില്‍ നിന്നുള്ള പണം ലഭിക്കുന്നത്. ഇവര്‍ തന്നെയാണ് പെട്ടി സ്ഥാപിച്ചതെന്നും കൗണ്‍സല്‍ ഫോര്‍ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് അറിയിച്ചു. തുടര്‍ന്ന് ഗാന്ധിസമാധിയില്‍ സംഭാവനപ്പെട്ടി വയ്ക്കരുതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു.

രാജ്ഘട്ടിലെ സന്ദര്‍ശകര്‍ക്ക് എന്തെല്ലാം സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന കാര്യം വ്യക്തമാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു നടപടിയുണ്ടാകണമെന്നാണ് രാജ്ഘട്ട് സമാധി സമിതി സെക്രട്ടറിയോട് ഉത്തരവിട്ടിരിക്കുന്നത്. ഹര്‍ജിയില്‍ വരുന്ന ജനുവരി 30നു വീണ്ടും വാദം കേള്‍ക്കും. അതിനു മുന്‍പ് നടപടിറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി നിര്‍ദേശം.

സ്മാരകത്തിന്റെ അവസ്ഥ സംബന്ധിച്ച് നഗരവികസന മന്ത്രാലയത്തെയും സമിതിയെയും അറിയിച്ചെങ്കിലും നടപടിയില്ലാതിരുന്നതിനെ തുടര്‍ന്നാണ് ശ്യാം നാരായണ്‍ എന്ന വ്യക്തി കോടതിയെ സമീപിച്ചത്. സമാധിയുടെ പ്രവേശന കവാടത്തില്‍ നിറയെ മുറുക്കാന്‍ തുപ്പിയ പാടുകളായിരുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

തറ പലയിടത്തും പൊട്ടിപ്പൊളിഞ്ഞു. സമാധിയിലെ വെളുത്ത മാര്‍ബിള്‍ വൃത്തിയാക്കാത്തതിനെത്തുടര്‍ന്ന് കറുപ്പുനിറമായി. സന്ദര്‍ശകര്‍ക്കായുള്ള പരവതാനിയും മോശം അവസ്ഥയിലാണ്. രണ്ട് ശുചിമുറികളുടെയും അവസ്ഥ പരിതാപകരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 2014ലും 2015ലും 2016ലും സമാധി സന്ദര്‍ശിച്ചപ്പോള്‍ കണ്ട മോശം അവസ്ഥ ചിത്രങ്ങള്‍ സഹിതമാണു കോടതിയില്‍ സമര്‍പ്പിച്ചത്.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.