Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
സ്റ്റാര്‍ട്ടപ്പ് സംസ്‌ക്കാരം പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വിവിധ പദ്ധതികളുണ്ട്; ഡോ. സജി ഗോപിനാഥ്
July 15,2017 | 06:00:15 pm
Share this on

സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം സൃഷ്ടിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നതിനാല്‍ ഈ രംഗത്തെ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ എടുത്തു വരുന്നതായി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപകരുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധിപ്പിക്കുന്നതിനുമായി ഇന്‍ക്യു ഇന്നവേഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം 2.0-ഇന്‍ക്യുസ്പാര്‍ക്-ഓഫിന്റെ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം വളര്‍ത്തുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും നിര്‍ണായക പങ്കുണ്ട്. ഇതു കണക്കിലെടുത്താണ് 192 കോളേജുകളില്‍ സംരംഭകത്വ വികസന പരിപാടികള്‍ ആരംഭിച്ചത്, അദ്ദേഹം പറഞ്ഞു. മികച്ച ബിസിനസ് ആശയങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിബദ്ധമാണ്. മസാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയുമായിച്ചേര്‍ന്ന് (എംഐടി) വലിയ ലാബുകളും ആരംഭിച്ചു. യുഎസിനു പുറത്ത് എംഐടിക്കുള്ള ഏറ്റവും വലിയ ശൃംഖല ഇന്ത്യയിലാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിലും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. സാമൂഹ്യസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സര്‍ക്കാരിന് സവിശേഷ ഊന്നലുണ്ടെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു.

ഓഗ്മെന്റഡ് റിയാലിറ്റിയുടെ (എആര്‍) മേഖലയാണ് സാങ്കേതികരംഗത്തെ മികച്ച വളര്‍ച്ച പ്രതീക്ഷിക്കുന്ന വിഭാഗമെന്ന് ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂംസെന്‍സ് സ്ഥാപകന്‍ സ്‌കോട് ഒ ബ്രെയിന്‍ പറഞ്ഞു. ആശയവിനിമയം, വിനോദം, ആരോഗ്യരക്ഷ തുടങ്ങിയ മിക്കവാറും മേഖലകളില്‍ വന്‍സാധ്യതയാണ് ഇതിനുള്ളത്. ഇന്ത്യയിലെ വന്‍കിട വ്യവസായങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഓഗ്മെന്റഡ് റിയാലിറ്റിയുടെ മേഖലയിലെ ഏറ്റവും നൂതന സാങ്കേതികവിദ്യകള്‍ ഇന്‍ക്യു ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍തൊഴിലവസരങ്ങളാണ് ഈ രംഗത്തുണ്ടാകാന്‍ പോകുന്നത്.

വന്‍അളവുകോലുകളില്‍ പ്രവര്‍ത്തിക്കുകയെന്നതാണ് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന പ്രധാനവെല്ലുവിളിയെന്ന തുടര്‍സംരംഭകനും ഇന്‍ക്യുഇന്നൊവേഷന്‍സ് സഹസ്ഥാപകനുമായ വിനോദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഇന്നവേഷന്‍ കോണ്‍ക്ലേവില്‍ കേരളത്തില്‍ നിന്നുള്ള മികച്ച സ്റ്റാര്‍ട്ടപ്പുകളായ ഫാബ്ള്‍കാര്‍ട്ട്, ധാരണ, പശ്ചിം ബയോസ്പേസ്, കര്‍ണാടകയില്‍ നിന്നുള്ള ജിഎആര്‍, വേവ് ഡിസന്‍, ഓസ്ട്രേലിയയില്‍ നിന്നുള്ള എസ്ഐഎ പ്ലാനര്‍, ഹ്യൂംസെന്‍സ് എന്നിവ അവതരിപ്പിക്കപ്പെട്ടു.

വിവിധ സെഷനുകളില്‍ സ്റ്റാര്‍ട്ടപ്പ് ഗുരു അനില്‍ ചിക്കര, ലക്ഷ്മി നാരായണന്‍, ആപ്റ്റസ് എന്റര്‍്രൈപസസ് പ്രസിഡന്റ് രവി ചന്ദ്രന്‍, ആക്സല്‍ മീഡിയ വെഞ്ചേഴ്സ് ചെയര്‍മാന്‍ എന്‍.ആര്‍. പണിക്കര്‍, മലേഷ്യയിലെ ഏഷ്യാ പസഫിക് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്‍ഡ് ഇന്നവേഷന്‍ ഡീന്‍ ഡോ. ശിവ മുതലി, 100 ഓപ്പണ്‍ സ്റ്റാര്‍ട്ടപ്പ്സിലെ വരദരാജന്‍ ക്രിഷ്, ഓസ്ട്രേലിയന്‍ ട്രേഡ് കമ്മിഷനിലെ റോഷന്‍ പോള്‍, ഹൗസ് ഓഫ് ജീനിയസിലെ ആനന്ദ്കുമാര്‍, സദ്ഭാവന സ്‌കൂള്‍സ് സിഇഒ ഹരീഷ് കെ.ഇ, ഇന്‍ക്യു ഇന്നവേഷന്‍ സഹസ്ഥാപകരായ ഇര്‍ഫാന്‍ മലിക്, ദിലീപ് ഇബ്രാഹിം എന്നിവരും ജെബി ആര്‍സന്‍ പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ കെ, ബാന്യന്‍ ട്രീ സിഇഒ പ്രീതി നമ്പ്യാര്‍, ഇന്‍ക്യു ഇന്നവേഷന്‍ കോഡയറക്ടര്‍മാരായ ഉമേഷ് മോഹന്‍, അനീഷ് മോഹന്‍ തുടങ്ങിയവരും പങ്കെടുത്തു.

 

RELATED STORIES
� Infomagic - All Rights Reserved.