Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
വസ്തു വാങ്ങുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം
February 22,2017 | 04:53:40 pm
Share this on

 ഭൂമി വില്‍ക്കുന്നത് വസ്തു കൈമാറ്റ (Transfer of property act) നിയമമനുസരിച്ചായിരിക്കും. അതിനു വിരുദ്ധമായ വസ്തു വില്‍പനയ്ക്ക് നിയമസാധുതയുണ്ടാവില്ല. ഇംഗ്ലീഷ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാവരവസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നതു സംബന്ധിച്ച നിയമങ്ങള്‍ ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കിയത്. ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് അതില്‍ ഭേദഗതികള്‍ ആവശ്യമായിരുന്നു. അതിനെത്തുടര്‍ന്നാണ് ഇന്നത്തെ ട്രാന്സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്റ്റ് 1882-ല്‍ നിലവില്‍ വന്നത്. ഏതൊരു വസ്തു വില്‍പ്പനയും ഒരു (കരാറിന്‍റെ) അടിസ്ഥാനത്തിലാണ് നടക്കുന്നത്. അതില്‍ രണ്ട് കക്ഷികളുണ്ടായിരിക്കും; വില്‍ക്കുന്നവനും വാങ്ങുന്നവനും. വില്‍പ്പനയിലെ വ്യവസ്ഥകള്‍ ഇരുവരും പരസ്പരം സമ്മതിച്ച് ഉറപ്പിച്ചതായിരിക്കണം. ഈ നിയമത്തിലെ സെക്ഷന്‍ 7 അനുസരിച്ച് വസ്തു വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും ഒരു കരാര്‍ ഒപ്പിടാന്‍ യോഗ്യരായിരിക്കണം. 18 വയസ്സ് തികഞ്ഞ ആളായിരിക്കണം. മൈനറോ, ബുദ്ധിമാദ്ധ്യമുള്ള ആളോ ആയിരിക്കരുത്.

ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വസ്തുഉടമയ്ക്ക് പ്രതിഫലം നല്കിയിരിക്കണം. പ്രതിഫലമില്ലാത്ത വസ്തു വില്‍പനയെ നിയമം അംഗീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം മക്കള്‍ക്ക് വസ്തു ദാനം നല്‍കുന്നതിന് ഈ വ്യവസ്ഥ തടസ്സമല്ല (സ്നേഹം പ്രതിഫലമായി നല്‍കുന്നു എന്നാണ് ഇത്തരം ആധാരങ്ങളില്‍ രേഖപ്പെടുത്താറ്) ഇന്ത്യന്‍ കോണ് ട്രാക്റ്റ് ആക്റ്റില്‍ പ്രതിഫലം എന്നവാക്കിന് കണ്‍സിഡറേഷന്‍ (Consideration – ക്യൂഡ് പ്രോക്കൊ-Quid Proquo) എന്നു പറയുന്നു. വസ്തു കൈമാറ്റ നിയമപ്രകാരം പ്രതിഫലം നല്‍കി വസ്തു കൈമാറ്റം ചെയ്യുന്നതിനെയാണ് വില്‍പ്പന എന്നു പറയുന്നത്. 100 രൂപയില്‍ കവിഞ്ഞ വിലയുള്ള സ്ഥാവരവസ്തുക്കള്‍ രജിസ്റ്റര്‍ ചെയ്യാതെ വില്‍പന നടത്താന്‍ പാടില്ല. രജിസ്ട്രേഷന് നിയമപ്രകാരമുള്ള മുദ്രപ്പത്രം വാങ്ങണം. രജിസ്ട്രേഷന്‍ ഫീസ് നല്‍കണം. വസ്തുവില്‍ എന്തെങ്കിലു ബാദ്ധ്യതയുണ്ടോ എന്നറിയാന്‍ രജിസ്റ്റര്‍ കച്ചേരിയില്‍ നിന്ന് 30 വര്‍ഷത്തെ ബാദ്ധ്യതാസര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച് ബാദ്ധ്യതയില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഉചിതം. 13 വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണ് പൊതുവേ പരിശോധിക്കുന്നത്. കാരണം അന്യ കൈവശത്തിന് നിയമ സാധുത ലഭിക്കുന്നത് 12 വര്‍ഷത്തെ കൈവശത്തിനു ശേഷമാണ്.

എന്നാല്‍ സര്‍ക്കാര്‍ വസ്തുക്കളെ സംബന്ധിച്ചിടത്തോളം 30 വര്‍ഷക്കാലമാണ് അന്യകൈവശത്തിന് ബാധകം. അതുകൊണ്ടാണ് 30 വര്‍ഷത്തെ എന്നു പറയുന്നത്. വസ്തുവിന്‍റെ സര്‍വ്വേ നമ്പറില്‍ വ്യത്യാസമുണ്ടോ എന്നും വസ്തു പോക്കുവരവു ചെയ്തു ഉടമയുടെ സ്വന്തം പേരില്‍ തണ്ടപ്പേര്‍ വാങ്ങിയിട്ടുണ്ടോ എന്നും മുന്നാധാരവും ആധാരവും തമ്മില്‍ ഒത്തുനോക്കി പൊരുത്തക്കേടുകളുണ്ടോ എന്നും സര്‍ക്കാരിലേയ്ക്ക് അടയ്ക്കേണ്ട തുകയുമായി ബന്ധപ്പെട്ട് വസ്തുവില്‍ എന്തെങ്കിലും ബാദ്ധ്യതയുണ്ടോ എന്നും പരിശോധിക്കണം. വില്‍ക്കുന്ന വസ്തുവില്‍ ഉടമയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ടായിരിയ്ക്കണം. വസ്തുവില്‍ എത്ര അവകാശികളുണ്ടോ അവരെല്ലാം വസ്തു വില്‍ക്കുന്ന ആധാരത്തില്‍ ഒപ്പിട്ടിരിയ്ക്കണം. മറ്റൊരാള്‍ക്കും കൈവശമോ ജീവനാംശാവകാശമോ മറ്റെന്തെങ്കിലും അവകാശമോ വസ്തുവില്‍ ഇല്ല എന്നും മിച്ചഭൂമിയില്‍ പെട്ടതല്ലാ വസ്തുവെന്നും ഉറപ്പുവരുത്തണം. വസ്തുവിന്‍റെ ആധാരം, മുന്നാധാരം, റെവന്യു ടാക്സ് രസീത് എന്നിവയുടെ അസ്സല്‍ പരിശോധിച്ച് വസ്തു മറ്റൊരിടത്തും പണയപ്പെടുത്തിയിട്ടില്ല എന്നും വസ്തു ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം വിജ്ഞാപനം ചെയ്ത് വില്‍പ്പന നിരോധിക്കപ്പെട്ട പ്രദേശത്തല്ല സ്ഥിതി ചെയ്യുന്നതെന്നും ഉറപ്പുവരുത്തണം. വസ്തു വാങ്ങുന്നതില്‍ മറ്റെന്തെങ്കിലും നിയമ തടസ്സമുണ്ടോ എന്നും പരിശോധിക്കണം. അതിലുപരിയായി നാട്ടുകാരോടും അധികാരികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് വസ്തു വാങ്ങുന്നതില്‍ അപാകതയില്ലെന്ന് ബോദ്ധ്യപ്പെടണം

RELATED STORIES
Infomagic - All Rights Reserved.