മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയെക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായി സംവിധായകൻ കമൽ. ചിത്രത്തിൽ മാധവിക്കുട്ടിയാവാനിരുന്ന വിദ്യാ ബാലനെക്കുറിച്ചാണ് കമലിന്റെ വിവാദ പരമാർശം. വിദ്യാ അപ്രതീക്ഷിതമായി പിന്മാറിയതിനെ തുടർന്നാണ് മഞ്ജു വാര്യർ ആമിയായത്.
കമലിന് രൂക്ഷമായ ഭാഷയിൽ വിമർശനവുമായി സോഷ്യൽ മീഡിയയിൽ സുനിതാ ദേവദാസ്:
"ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ എത്ര ഹീനമായാണ് കമൽ മാധവിക്കുട്ടിയെയും വിദ്യാ ബാലനെ യും അപമാനിക്കുന്നത്. എത്ര ശുഷ്കമാണ് അയാളുടെ ലൈംഗിക സങ്കൽപനങ്ങൾ. ഒരു പക്ഷേ മാധവിക്കുട്ടി അവരുടെ സാഹിത്യ ജീവിതത്തിലൂടെ ആവോളം പുച്ഛിച്ച അതേ മനോവൈകൃതമാണ് കമൽ പുറത്തെടുക്കുന്നത്."
കമൽ അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് :
"വിദ്യയെ ഞങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതല്ല, അവര്‍ പിന്മാറിയതാണ്. അത് കഥയോ കഥാപാത്രമോ ഇഷ്ടപ്പെടാതെ ആയിരുന്നില്ല മറ്റെന്തോ ചില കാരണങ്ങള്‍ കൊണ്ടാണ്. ചില ബാഹ്യപ്രേരണകള്‍ മൂലം. പക്ഷെ ഇപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്. വിദ്യയ്ക്ക് വേണ്ടി കണ്ടിരുന്ന മാധവിക്കുട്ടിയെ അല്ല മഞ്ജു ചെയ്തിരിക്കുന്നത്. വിദ്യ ചെയ്തിരുന്നെങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു. ഞാന്‍ പോലും ശരിക്ക് ശ്രദ്ധിക്കാത്ത ഒരു ഭാഗമായിരുന്നു അത്. എന്നാല്‍ മഞ്ജു വന്നതിനാല്‍ സാധാരണ തൃശ്ശൂര്‍ക്കാരിയുടെ നാട്ടുഭാഷയില്‍ പെരുമാറുന്ന മാധവിക്കുട്ടിയെ അവതരിപ്പിക്കാനായി . അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട സ്ത്രീയായിരുന്നെങ്കിലും അടിസ്ഥാനപരമായി അവര്‍ സാധാരണ ഒരു മലയാളി സ്ത്രീ ആയിരുന്നു. അങ്ങനെയുള്ളൊരു കലാകാരിയാകാന്‍ എന്തുകൊണ്ടും വിദ്യാ ബാലനെക്കാള്‍ ചേരുന്നത് മഞ്ജു തന്നെയാണ്.
മേക്കോവർ ശരിയാകുമോ എന്ന സംശയം കൊണ്ടാണ് മഞ്ജുവിനെ ആദ്യം കാസ്റ്റ് ചെയ്യാതിരുന്നത്. എന്നാല്‍ മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടന്ന് മഞ്ജു മാധവിക്കുട്ടിയായി മാറി. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വിദ്യ പിന്മാറിയത് ദൈവാനുഗ്രഹമായി തോന്നുന്നു. ഞാന്‍ ആഗ്രഹിച്ച മാധവിക്കുട്ടിയെ കുറച്ചുകൂടി നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചു. അതില്‍ സന്തോഷവും സമാധാനവും ഉണ്ട്."