'പദ്മാവതി': സിനിമകളെ സിനിമകളായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി
November 13,2017 | 10:49:44 am
Share this on

മുംബൈ: സിനിമകളെ സിനിമകളായാണ് താന്‍ കാണുന്നതെന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി' എന്ന ചിത്രത്തിന്റെ റിലീസ് വിവാദമായ പശ്ചാത്തലത്തിലാണു നിലപാട് വ്യക്തമാക്കി കേന്ദ്രമന്ത്രി എത്തുന്നതെന്നതു ശ്രദ്ധേയമാണ്. സിനിമകളെ സിനിമകളായാണു കാണുന്നത്. അതിലേക്കു ചരിത്രവും ഭൂമിശാസ്ത്രവും കൊണ്ടുവരേണ്ട കാര്യമില്ലെന്നും മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നഖ്‌വി വ്യക്തമാക്കി.സിനിമ ഇഷ്ടപ്പെട്ടാല്‍ അത് അംഗീകരിക്കണം. ഇല്ലെങ്കില്‍ അതവിടെ വിട്ടേച്ചുപോകണം. സിനിമയെ പിന്തുണയ്ക്കാനോ എതിര്‍ക്കാനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ സിനിമയെ എതിര്‍ത്തുള്ള പ്രതിഷേധം സൂറത്തിലും അരങ്ങേറി. രജ്പുത് സമൂദായം, വിശ്വഹിന്ദു പരിഷത്, ബജ്‌റങ് ദള്‍, കര്‍നി സേന എന്നിവര്‍ സംയുക്തമായാണു സൂറത്തില്‍ പ്രതിഷേധം നടത്തിയത്. റാണി പദ്മാവതിയെ തെറ്റായ രീതിയിലാണു സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചരിത്രത്തെ സിനിമയില്‍ വളച്ചൊടിച്ചു. സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കണം. അല്ലെങ്കില്‍ എല്ലാവരും ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരും. ഞങ്ങളുടെ സമുദായത്തോടു ബഹുമാനമില്ലായ്മ നടത്തുന്നതു സഹിക്കാനാകില്ലെന്നും സൂറത്തിലെ പ്രതിഷേധക്കാരിലൊരാള്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ പ്രതിഷേധിച്ച അഖണ്ഡ് രജ്പുത്തന സേവ സംഘിലെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. പദ്മാവതിയുടെ റിലീസ് വിലക്കണമെന്ന ആവശ്യം സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. സെന്‍സര്‍ബോര്‍ഡ് ചിത്രത്തിന് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന കാരണത്താലായിരുന്നു അത്. ദീപികാ പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ തുടങ്ങിയ താരങ്ങള്‍ അഭിനയിച്ച ചിത്രം ഡിസംബര്‍ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

RELATED STORIES
� Infomagic - All Rights Reserved.