ദിലീപിന്‍റെ അറസ്റ്റ് -കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന സര്‍ക്കാര്‍ വിദ്യ...
July 15,2017 | 09:08:18 am
Share this on

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമാണ് കടന്നു പോകുന്നത്.ഇതുവരെ ചെയ്ത ജനക്ഷേമ പദ്ധതികള്‍ക്ക് നാട്ടുകാരില്‍ നിന്നും ലഭിച്ച കയ്യടികള്‍ക്കുമൊക്കെ എത്രയോ മുകളിലാണ് ഇപ്പോള്‍ ലഭിച്ച അംഗീകാരം അതിന് മാത്രം എന്താണ് ഇപ്പോള്‍ സംഭവിച്ചത്.

ജനങ്ങള്‍ക്ക് അറിവില്ലാത്ത, എന്നാല്‍ കേട്ടു കേള്‍വിയും,കെട്ടുകഥകളാലും, അതിശയോക്തികളാലും സമ്പന്നമായ വെള്ളിത്തിരയിലെ മിന്നും താരത്തെ മണ്ണിലേക്കിറക്കിയ സര്‍ക്കാര്‍ എന്നതാണ് പിണറായി സര്‍ക്കാരിന് ഇതു വരെ കിട്ടിയതില്‍ വെച്ചേറ്റവും തിളക്കമുള്ള കിരീടം. പെന്‍ഷന്‍ നല്‍കിയത്, പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തിയത്, അംഗനവാടി ജീവനക്കാരുടെ ശമ്പള വര്‍ദ്ധനവ് എന്നു വേണ്ട മനുഷ്യന്റെ ദൈന്യം ദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ശ്രദ്ധയോടെ ഇടപെട്ടപ്പോള്‍ ഒന്നും ലഭിക്കാതിരുന്ന  സ്വീകാര്യതയാണിപ്പോള്‍ സര്‍ക്കാരിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പക്ഷേ  അതേ സമയം അന്വേഷണം നടക്കുന്ന ഒരു കേസില്‍ മുന്‍വിധികള്‍ കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്തുന്ന മാധ്യമങ്ങളുടെ അതിരുവിട്ട വേട്ട കാരണം നടന് വേണ്ടിയും ഇപ്പോള്‍ ശബ്ദമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണ് പറഞ്ഞ് ജനസമ്മിതി നേടുന്നത് ഓരോ രാഷ്ട്രീയപാര്‍ട്ടികളും ചെയ്യുന്നത് സ്വാഭാവികമാണ്. എന്നാല്‍ അന്വേഷണം നടക്കുകയാണ് എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ കേസില്‍ സര്‍ക്കാരിന് നൂറില്‍ നൂറ് മാര്‍ക്കും നല്‍കി രംഗത്തെത്തിയിരിക്കുകയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയിലൂടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി സര്‍ക്കാരിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

" വെള്ളിത്തിരയിലെ കറുപ്പ് "  എന്ന പേരില്‍ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തില്‍ പോലീസ് നടപടി എല്‍.ഡി.എഫിന്റെ സല്‍പേര് വര്‍ദ്ധിപ്പിച്ചു എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം കൊടിയേരി വ്യക്തമാക്കുന്നു. പോലീസിന്റെ പ്രഥമാന്വേഷണ റിപ്പോര്‍ട്ട് അതേ പോലെ വിശ്വസിച്ച് കൊണ്ട് ഏത് കൊലകൊമ്പനായാലും കുറ്റം ചെയ്താല്‍ അഴിയെണ്ണുമെന്ന സൂചനയാണ് ഇതെന്നും കൊടിയേരി പറയുന്നുണ്ട്. അന്വേഷണത്തിന് നേതൃത്വം നല്‍കിയ എ.ഡി.ജി.പി സന്ധ്യയെയും, ഐ.ജി ദിനേന്ദ്ര കശ്യപിനേയും അഭിനന്ദിക്കുന്നുമുണ്ട് ലേഖനത്തില്‍ കൊടിയേരി.

സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ജനക്ഷേമ പദ്ധതികള്‍ക്ക് കിട്ടാത്ത കയ്യടി ഇപ്പോള്‍ കിട്ടുന്നു എന്നതിനാലാവണം വിചാരണ ആരംഭിക്കാത്ത ഒരു കേസിലെ കൊടിയേരിയുടെ ഈ നിഗമനങ്ങള്‍.  സര്‍ക്കാരിന്റെ ഒരു വര്‍ഷത്തിനിടെയുള്ള പ്രവര്‍ത്തനത്തിനിടെ ഇ.പി. ജയരാജന്റേയും,എ.കെ ശശീന്ദ്രന്റേയും രാജിക്കുമപ്പുറം ചീത്തപേരുണ്ടാക്കിയത് എന്ത് എന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ. അത് പോലീസാണ്.

മാവോയിസ്റ്റുകളെ വെടി വെച്ചു കൊന്നത്, നിരപരാധികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത്, ജിഷ്ണു കേസിലെ രക്ഷിതാക്കള്‍ക്കെതിരെയുള്ള ഇടപെടല്‍, സെന്‍കുമാര്‍ സര്‍ക്കാര്‍ പോരാട്ടം തുടങ്ങീ സകലതിലും പോലീസിനാല്‍ " വിഷം തീണ്ടിയ " അനുഭവമാണ് സര്‍ക്കാരിനുള്ളത്. അതേ സംവിധാനത്തെ ഉപയോഗിച്ച് എങ്ങിനെ മനേഹരമായി വിഷമിറക്കാം എന്ന വിദ്യയാണ് അന്വേഷണത്തിന് സമാന്തരമായി ഇപ്പോള്‍ ഈ കേസില്‍ ഇവിടെ നടക്കുന്നത്.

കഥ തുടങ്ങും മുന്‍പ് വില്ലനേയും നായകനേയും പ്രഖ്യാപിക്കുന്ന രീതിയാണിത്. കഥ എവിടെ ചെന്ന് അവസാനിച്ചാലും നഷ്ടപ്പെട്ട പ്രതിച്ഛായ ചുരുങ്ങിയ നിമിഷം കൊണ്ട് തിരിച്ചുപിടിക്കാനാവുന്ന സര്‍ക്കാര്‍ സൂത്രം. അന്വേഷണം നടക്കുന്ന കേസില്‍ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടി തന്നെ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലെ സാംഗത്യം ഇതല്ലാതെ മറ്റെന്താണ്. ഇതെല്ലാം കാണുന്ന നിഷ്പക്ഷമതിയായ ഒരാള്‍ക്ക് എളുപ്പം മനസ്സിലാകുന്ന കാര്യവുമിതാണ് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കുന്ന സര്‍ക്കാര്‍ വിദ്യയാണിത്.

 

 

RELATED STORIES
� Infomagic - All Rights Reserved.