അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ: ഏറ്റവും സാധാരണമായ ശൈശവാര്ബു ദം
March 18,2017 | 10:30:24 am
Share this on

സാംക്രമിക രോഗങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ശൈശവ അര്‍ബുദരോഗം മൂലമുള്ള മരണം കൂടുകയാണ്. കുട്ടികളിലും കൗമാരക്കാരിലും അപകടം മൂലമല്ലാതെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ മുന്‍നിരയിലാണ് അര്‍ബുദത്തിന്‍റെ സ്ഥാനം.ഏറ്റവും സാധാരണയായ ശൈശവ അര്‍ബുദമായ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയേക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ താഴെപ്പറയുന്നു.

 • സാധാരണയായി കുട്ടികളില്‍ വളരെ നേരത്തെതന്നെ, ചിലപ്പോള്‍ ജനനത്തിനു മുമ്പു തന്നെ, ഡിഎന്‍എ കോശങ്ങളില്‍ വരുന്ന മാറ്റങ്ങളുടെ ഫലമായാണ് അര്‍ബുദം ഉണ്ടാകുന്നത്. മുതിര്‍ന്നവരിലെ അര്‍ബുദത്തില്‍നിന്നു വ്യത്യസ്തമായി ജീവിതശൈലികളും പാരിസ്ഥിതിക പ്രതികൂല ഘടകങ്ങളും കുട്ടികളിലെ അര്‍ബുദത്തെ ശക്തമായി സ്വാധീനിക്കുന്നില്ല.
 • കഴിഞ്ഞ കുറെ ദശകങ്ങളായി കുട്ടികളിലെ അര്‍ബുദ രോഗത്തിന്‍റെ സൗഖ്യനിരക്ക് വര്‍ധിച്ചുവരികയാണ്. എന്നിരുന്നാലും രോഗത്തെ അതിജീവിക്കുന്നവരുടെ നിരക്ക് എതു തരം അര്‍ബുദമാണ് ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ച്‌ വ്യത്യാസപ്പെട്ടിരിക്കും.
 • കുട്ടികളില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്ന രക്താര്‍ബുദത്തിന്‍റെ  (ലുക്കീമിയ) വകഭേദമാണ് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ. ലുക്കീമിയ ബാധിച്ച 75 ശതമാനം കുട്ടികളിലും അക്യൂട്ട്  ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയാണ് കണ്ടുവരുന്നത്. കൂടാതെ എല്ലാ ശൈശവ അര്‍ബുദരോഗങ്ങളുടെയും കണക്കെടുത്താല്‍ 25 ശതമാനം കുട്ടികളില്‍ ഈ രോഗം കണ്ടുവരുന്നു.
 • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയില്‍ മജ്ജകോശങ്ങള്‍ പക്വതയില്ലാത്ത ധാരാളം ലിംഫോസൈറ്റുകളെ ഉത്പാദിപ്പിക്കുന്നു. ശ്വേതരക്താണുക്കളുടെ ഒരു വിഭാഗമാണ് ലിംഫോസൈറ്റ്.
 • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ വളരെപ്പെട്ടെന്നു വളരുന്നവയാണ്. അതിനാല്‍ രോഗനിര്‍ണ്ണയം സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ ചികിത്സാ ആരംഭിക്കേണ്ടതുണ്ട്.
 • പനി, ക്ഷതങ്ങള്‍ പോലെ കാണപ്പെടുക എന്നിവ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന, കഴുത്ത്, കക്ഷം, വയര്‍, നാഭി എന്നിവിടങ്ങളില്‍ വേദനയില്ലാത്ത മുഴകള്‍, വാരിയെല്ലിനു താഴെ വേദന അല്ലെങ്കില്‍ നിറഞ്ഞിരിക്കുന്നതുപോലെയുള്ള അനുഭവം, ക്ഷീണം, തളര്‍ച്ച, വിളറിയ ചര്‍മ്മം, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.
 • ശാരീരിക പരിശോധനകള്‍, രക്തത്തിലെ കൗണ്ട് പരിശോധനകള്‍, രക്തത്തിന്‍റെ രാസഘടനയുടെ പഠനം, നെഞ്ചിന്‍റെ  എക്സ്-റേ, ബോണ്‍ മാരോ ബയോപ്സി, കൈറ്റോജനിക് (കോശങ്ങളെ സംബന്ധിച്ചുള്ളത്) പഠനങ്ങള്‍, അര്‍ബുദകോശങ്ങളെന്നു സംശയിക്കുന്ന ലിംഫോസൈറ്റുകള്‍ ടി-ലിംഫോസൈറ്റുകളോണോ ബി- ലിംഫോസൈറ്റുകളാണോ എന്നത് പരിശോധിക്കുന്ന ഇമ്മ്യൂണോഫിനോടൈപ്പിംഗ്, ലുക്കീമിയ കോശങ്ങള്‍ തലച്ചോറിലേക്കും നട്ടെല്ലിലേക്കും പടര്‍ന്നിട്ടുണ്ടോ എന്നറിയാനുള്ള ലമ്ബാര്‍ പംങ്ച്വര്‍ എന്നീ പരിശോധനകള്‍ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ രോഗനിര്‍ണ്ണയത്തിനായി ഉപയോഗിക്കുന്നു.
 • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയിലും അവ കൈകാര്യം ചെയ്യുന്നതിനും വിദഗ്ദ്ധരായ പീഡിയാട്രിക് ഓങ്കോളജിസ്റ്റുകളും മറ്റ് പീഡിയാട്രിക് ആരോഗ്യ വിദഗ്ദ്ധരും ചേര്‍ന്നുള്ള പ്രത്യേക സമീപനമാണ് ആവശ്യമായിട്ടുള്ളത്. കീമോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, കീമോതെറാപ്പിയോടൊപ്പം സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്, മോണോക്ലോണല്‍ ആന്റിബോഡികള്‍ (എംഎബി) ഉപയോഗിച്ചുള്ള ടാര്‍ജറ്റഡ് തെറാപ്പി എന്നിവയാണ് ചികിത്സാരീതികള്‍. മിക്കവാറും കേസുകളിലും ഒന്നിലധികം രീതികള്‍ സംയോജിപ്പിച്ചാണ് ചികിത്സ നടത്തുന്നത്.
 • അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയയുടെ ചികിത്സയില്‍ മൂന്നു ഘട്ടങ്ങളാണുള്ളത്.
  1) റെമിഷന്‍ ഇന്‍ഡക്ഷന്‍: ആദ്യഘട്ടത്തില്‍ രക്തത്തിലെയും മജ്ജയിലെയും ലുക്കീമിയ കോശങ്ങളെ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെ ലുക്കീമിയയുടെ തീക്ഷ്ണത കുറയ്ക്കുന്നു.
  2) കണ്‍സോളിഡേഷന്‍: ഇത് ലുക്കീമിയ റെമിഷന്‍ കഴിഞ്ഞിട്ടും ശരീരത്തില്‍ ബാക്കി നില്ക്കുന്ന ലുക്കീമിയ കോശങ്ങളെ നശിപ്പിക്കാനുള്ളതാണ്. വീണ്ടും ലുക്കീമിയ രോഗം വരാതിരിക്കാനാണ് ഇത് ചെയ്യുന്നത്.
  3) മെയ്ന്റന്‍സ് അല്ലെങ്കില്‍ കണ്ടിന്യൂവെഷന്‍: ഇത് ചികിത്സയുടെ മൂന്നാമത്തെ ഘട്ടമാണ്. ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കുശേഷവും ലുക്കീമിയ കോശങ്ങള്‍ ഇനിയും ബാക്കിനില്ക്കുന്നുണ്ടെങ്കില്‍ അവയെ നശിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്. അര്‍ബുദകോശങ്ങള്‍ വീണ്ടും വളരാതിരിക്കുന്നതിനും വീണ്ടും ലുക്കീമിയ രോഗം വരാതിരിക്കുന്നതിനുമാണ് ഇത് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ മറ്റു രണ്ട് ഘട്ടങ്ങളെ അപേക്ഷിച്ച്‌ കുറഞ്ഞ ഡോസിലുള്ള മരുന്നാണ് ഉപയോഗിക്കുന്നത്.
 • രോഗവിമുക്തിയും ദീര്‍ഘകാലത്തേക്കുള്ള അതിജീവനവും ഉറപ്പാക്കുന്നതിന് തുടര്‍പരിശോധനകളും പരിചരണവും വളരെ പ്രധാനമാണ്. ചികിത്സ പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞാലും തുടര്‍പരിശോധനകള്‍ ചെയ്യേണ്ടതാണ്

RELATED STORIES
� Infomagic - All Rights Reserved.