ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി
September 12,2017 | 11:01:50 am
Share this on

കാപ്പി ഉത്പാദനത്തിലും കയറ്റുമതിയിലും ഏഷ്യയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഏറ്റവും ചെലവ് കൂടിയ കാപ്പിയും ഉത്പാദിപ്പിക്കുന്നു. കിലോയ്ക്ക് എണ്ണായിരം രൂപ. ഗള്‍ഫിലും യൂറോപ്പിലും 20,000-25,000 രൂപ വരെയുണ്ട് വില. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ ഒരു ചെറുകിട സംരംഭമായാണ് ഏറ്റവും ചെലവു കൂടിയ കാപ്പി ഉത്പാദിപ്പിക്കുന്നത്. സിവെറ്റ് കോഫി അഥവാ ലുവാര്‍ക് കോഫി എന്നാണ് അതിന് പേര് നല്‍കിയിരിക്കുന്നത്. അസാധാരണമായ ഉത്പാദന രീതിയായതിനാലാണ് ഇവയ്ക്ക് വിലയേറുന്നത്.

സിവെറ്റ് എന്ന വെരുകിന്‍റെ  കാഷ്ടത്തില്‍ നിന്നാണ് ഇത്തരം കാപ്പി നിര്‍മിക്കുന്നത്. കാപ്പിക്കുരു ഭക്ഷണമാക്കുന്ന വെരുകിനെ കാപ്പിത്തോട്ടത്തിലേക്ക് കയറ്റിവിടും. ഇവ കഴിക്കുന്ന കാപ്പിക്കുരു ദഹിക്കാറില്ല. ഇത് മലത്തിനൊപ്പം അതേപടി പുറത്തു വരും. ഈ കാപ്പിക്കുരു ശേഖരിച്ച്‌ സംസ്കരിച്ചാണ് ഏറ്റവും ചെലവു കൂടിയ സിവെറ്റ് കോഫി നിര്‍മിക്കുന്നത്.

ഇവയ്ക്ക് വില പോലെ തന്നെ രുചിയും ഗുണവും കൂടുതലാണ്. വെരുകിനെ ഉപയോഗിച്ച്‌ അവയുടെ മലം സംസ്കരിച്ച്‌ കാപ്പിക്കുരു ശേഖരിക്കുന്നതിനാല്‍ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വിപണനത്തിനെത്തിക്കുന്നത്. ഇത്രയും പ്രക്രിയകളിലൂടെ കടന്നുവരുന്നതിനാലാണ് ഇവയ്ക്ക് ചെലവേറുന്നത്.

രാജ്യത്ത് വളര്‍ന്നു വരുന്ന കോഫി ഉത്പാദന സംസ്ഥാനമാണ് കര്‍ണാടക. കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമ്മോഡിറ്റീസ് എന്ന സ്റ്റാര്‍ട് അപ് സംരംഭമാണ് വില കൂടിയ കോഫി ഉത്പാദനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറിയ തോതിലുള്ള ഉത്പാദനവും ചെറിയൊരു കട നടത്തി അതിലൂടെ പ്രാദേശികമായുള്ള വില്‍പനയുമാണ് നടത്തുന്നത്.

പ്രാരംഭഘട്ടത്തില്‍ 20 കിലോ സിവെറ്റ് കാപ്പിയാണ് ഉത്പാദിപ്പിച്ചത്. സ്റ്റാര്‍ട് അപ് സ്ഥാപനം നിര്‍മിച്ച ശേഷം 2015-16 വര്‍ഷത്തില്‍ 60 കിലോ കാപ്പിയും കഴിഞ്ഞ വര്‍ഷം 200 കിലോ കാപ്പിയുമാണ് ഉത്പാദിപ്പിച്ചത്. ഒക്ടോബറോടെ പുതിയ തോട്ടത്തില്‍ നിന്ന് അര ടണ്‍ കാപ്പി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് കൂര്‍ഗ് കണ്‍സോളിഡേറ്റഡ് കമ്മോഡിറ്റീസിന്റെ സ്ഥാപകരിലൊരാളായ നരേന്ദ്ര ഹെബ്ബാര്‍ പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.