നമുക്കും സമ്മിശ്രകൃഷി ചെയ്യാം
August 10,2017 | 10:28:01 am

നമ്മുടെ സംസ്ഥാനം വീട്ടുവളപ്പിലെ കൃഷിക്ക്പ്രസിദ്ധമാണ്. വീട്ടുവളപ്പിൽ നാം ചെയ്യുന്ന കൃഷിയിൽ അധികവും സമ്മിശ്രവിളരീതിയാണ് അവലംബിക്കുന്നത്. തെങ്ങും കവുങ്ങും കുരുമുളകും വാഴയുംപച്ചക്കറിയും ആടും പശുക്കളും കോഴികളുമടങ്ങുന്ന ഒരു മിശ്രിത കൃഷിരീതിയാണ് വീട്ടുവളപ്പിൽ നാം ചെയ്തുപോരുന്നത്. എന്നാൽ തോട്ടവ്യവസ്ഥയിലോ വാണിജ്യകൃഷി രീതികളിലോ ഇത്തരത്തിലൊരു സമ്പ്രദായം മലയാളിസ്വീകരിക്കുന്നില്ല.

വാഴകൃഷി ചെയ്യുകയാണെങ്കിൽ അതുമാത്രം.അല്ലെങ്കിൽ തെങ്ങോ, റബറോ വിസ്തൃതമായ കൃഷിയിടങ്ങളിൽ ഏകവിളയായി ചെയ്തു പോരുകയാണ് അധികം പേരും. എന്നാൽ ഒരുസ്ഥലത്തുനിന്നും പരമാവധി ഉത്പാദനം സാധ്യമാക്കി, ജലസേചന സൗകര്യങ്ങളും സൂര്യപ്രകാശ ലഭ്യതയും കൂട്ടിച്ചേർത്തുകൊണ്ട് കൃഷി നടത്തുന്നത് ലാഭകരവും ഒപ്പം സുസ്ഥിരവുമായിരിക്കും. ഇങ്ങനെ ചെയ്യുന്നതുവഴി കർഷകന് അധികവരുമാനം ലഭിക്കും.ഏതെങ്കിലും ഒരു കാർഷികോത്പന്നത്തിന്‍റെ വിലയിടിവിനെ നേരിടാനും കഴിയും.ഏതെങ്കിലും ഒരു ഉത്പന്നത്തിന്‍റെ വിലകുറഞ്ഞാൽ മറ്റ് കാർഷികോത്പന്നങ്ങളുടെ വരുമാനം വഴി കർഷകന് പിടിച്ചുനിൽക്കാൻ കഴിയും. അതിന് ചില കാർഷിക ഗൃഹപാഠങ്ങൾ ചെയ്താൽ മാത്രം മതി. സമ്മിശ്രകൃഷി നടത്തുന്നതിന് സഹായിക്കുന്ന ചിലഉദാഹരണങ്ങൾ നോക്കാം.

തെങ്ങിൻതോട്ടം: ഒറ്റവിളയായിതെങ്ങ് കൃഷിചെയ്യുന്ന ഒട്ടനവധി തോട്ടങ്ങൾ കേരളത്തിലുണ്ട്. സമ്മിശ്രകൃഷിരീതികൾ ഇവിടെ പരീക്ഷിക്കാവുന്നതാണ്. തെങ്ങുകൾക്കിടയിലെ എട്ടുമീറ്റർ അകലം ഇതിന് സഹായകമാണ്. തെങ്ങിൻ തൈവച്ച് ആദ്യത്തെ ഏഴെട്ടു വർഷവും 25 വർഷത്തിനുശേഷവും ലാഭകരമായി ഇടവിളകൾ കൃഷിചെയ്യാം. ഞാലിപ്പൂവൻ വാഴ, മരച്ചീനി, കൊക്കോ, ജാതി, പപ്പായ, മുരിങ്ങ എന്നീ വിളകൾ കൃഷിചെയ്യാവുന്നതാണ്.പച്ചക്കറിവിളകൾ, ഇഞ്ചി, മഞ്ഞൾ, കച്ചോലം, തീറ്റപ്പുല്ല് എന്നിവയും ആദ്യകുറച്ചു വർഷങ്ങളിൽ ലാഭകരമായി ചെയ്യാവുന്നതാണ്. കൂടാതെ വലിപ്പമുള്ള തെങ്ങുകളിൽ കുരുമുളക് പടർത്തുന്നതും വ്യാപകമാകുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കേരകൃഷിത്തോട്ടം ഒരു പൂങ്കാവനമായി മാറും.

കമുക്: കമുകിന് ഇടയകലം 2.7 മീറ്റർ മുതൽമൂന്നു മീറ്റർ വരെയാണ്. വാഴ, കമുകിൻ തോട്ടത്തിലെ മികച്ച ഇടവിളയാണ്. കൂടാതെ പയറും വാനിലയും കുരുമുളകും ലാഭകരമായി കൃഷിചെയ്യാം. ഇടയകലം കുറഞ്ഞു പോകാതെ നോക്കണം. വെള്ളത്തിനും വളർച്ചാ ഘടകങ്ങൾക്കും വേണ്ടി ഒരേരീതിയിൽ വേരുകളുണ്ടാകുന്ന ചെടികളെ അടുത്തടുത്ത് നടരുത്. ഇവയുടെ വേരുകൾ മൂലമുള്ള മത്സരം മുഖേന ചെടികൾക്ക് വളർച്ചാഘടകങ്ങൾ ലഭിക്കുന്നത്കുറഞ്ഞുപോകാനിടയുണ്ട്.

റബർ: കേരളത്തിൽ റബർ മാത്രംകൃഷിചെയ്യുന്ന തനിവിളത്തോട്ടങ്ങളാണ് 95 ശതമാനവും. റബർതൈ വച്ച് ആദ്യമൂന്നുവർഷം വിജയകരമായി ഇടവിളകൾ കൃഷി ചെയ്യാം. വാഴ, പച്ചക്കറികൾ, മഞ്ഞൾ, തീറ്റപ്പുല്ല് എന്നിവ ഈ സമയത്ത് ചെയ്യാവുന്നതാണ്. കറയെടുക്കുന്ന മരങ്ങളുള്ള റബർതോട്ടത്തിൽ കാന്താരിമുളകുപോലെ തണലിഷ്ടപ്പെടുന്ന വിളകൾ പരീക്ഷിക്കാം.കാന്താരിയുടെ വേരും റബറിന്‍റെ വേരും തമ്മിൽ വളർച്ചാ ഘടകങ്ങൾക്കായി ഒരുമത്സരവും ഉണ്ടാകില്ല.

വാഴ: വാഴക്കൃഷിയിലും രണ്ടുമീറ്റർ ഇടയകലം നൽകുന്നുണ്ട്. പച്ചക്കറികളായ പയറും വെണ്ടയും ചീരയും ഫലപ്രദമായി കൃഷിചെയ്യാം. വാഴ നനയുമ്പോൾ ചീരയും നനയും എന്ന ചൊല്ലുപോലുമുണ്ട്.വാഴത്തോട്ടത്തിൽ വൻപയർ വിതച്ചുകൊടുത്താൽ 45 ദിവസം കഴിയുമ്പോൾ ആവശ്യമായ ജൈവവളം ലഭ്യമാകും. ചെണ്ടുമല്ലികൃഷി ഒരു മികച്ച ഇടവിളയാക്കുന്നതോടൊപ്പം നിമാവിരകളെ അകറ്റി നിർത്താനും സഹായകമാണ്. വിലയിടിവിനും ഉത്പാദനച്ചെലവിനും മുന്‍പിൽ പകച്ചുനിൽക്കാതെ പ്രാദേശികമായ സമ്മിശ്ര വിളരീതികൾ പരീക്ഷിച്ചാൽ മാത്രമേ മികച്ച വരുമാനത്തോടൊപ്പം ഉത്പാദന നേട്ടവും സ്വായത്തമാക്കാൻ സാധിക്കൂ

RELATED STORIES
� Infomagic - All Rights Reserved.