സംയോജിത കൃഷിയിലൂടെ നേട്ടം; എല്ലാം വിളയും പ്രസാദിന്റെ പറമ്പില്‍
March 07,2019 | 09:41:55 am

വിളവും വരുമാനവും ലഭിക്കുന്ന എല്ലാ ഇനങ്ങളും ഒരുമിച്ച് കൃഷി ചെയ്ത് മാതൃകയാവുകയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ യുവകര്‍ഷകനായ ഇടത്തേടത്ത് പ്രസാദ്. പുരയിടവും പറമ്പുമെല്ലാം പാടവുമെല്ലാം കൃഷിയ്ക്കായി ഉപയോഗിക്കുകയാണ് പ്രസാദ്.

കോഴിയും താറാവും മത്സ്യവും പച്ചക്കറികളും നെല്ലും ചേമ്പും വാഴയും പപ്പായയും പച്ചമുളകും തണ്ണിമത്തനും ബന്ദിപൂവും ഇങ്ങനെ നിരവധിയുണ്ട് പ്രസാദിന്റെ കൃഷിത്തോട്ടത്തില്‍. നൂറ്റമ്പിതിലേറെ പപ്പായ മരങ്ങള്‍ നട്ടിട്ടുണ്ട് പ്രസാദിന്റെ പറമ്പില്‍. മാരാരിക്കുളത്തെ റിസോര്‍ട്ടുകാര്‍ മുന്‍കൂട്ടി തന്നെ പപ്പായ ബുക്ക് ചെയ്യും. റെഡ് ലേഡി ഇനത്തിലുള്ള പപ്പായ ആണ് കൃഷി ചെയ്തിട്ടുള്ളത്.

വിദേശികള്‍ക്കും സ്വദേശ ടൂറിസ്റ്റുകള്‍ക്കും പ്രിയപ്പെട്ട ഇനമായി പപ്പായ മാറി കഴിഞ്ഞു. പാകമായ പപ്പായയ്ക്ക് ആവശ്യക്കാരേറെയാണ്. നാട്ടുകാര്‍ക്കിടയിലും പ്രസാദിന്റെ പപ്പായയ്ക്ക് വന്‍ ഡിമാന്റാണ്.
അക്വാപോണിക്ക് 'ബയോ ഫ്ളോക്ക് സംവിധാനങ്ങളിലാണ് മല്‍സ്യകൃഷി. അന്‍പതിനായിരത്തിനടുത്ത് ഗിഫ്റ്റ് തിലോപ്പിയും ചെമ്പല്ലിയുമാണ് വളര്‍ത്തുന്നത്. പ്രത്യേകം തയ്യാറാക്കിയ മത്സ്യ കുളത്തിലെ അഴുക്ക് വെള്ളം ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ നെല്‍കൃഷിയും നടത്തുന്നുണ്ട്.

കിലോയ്ക്ക് നാനൂറിനടുത്ത് വിലയുള്ള ബ്ലാക്ക് റൈസ് ഇനത്തില്‍പ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. നാലു ലക്ഷം ചെമ്മീന്‍ വളര്‍ത്തുന്നതിനുള്ള കുളം ഒരുക്കുന്ന തിരക്കിലാണ് പ്രസാദ്. കുളത്തിനു സമീപം പച്ചക്കറികളും തഴച്ചുവളരുന്നു. ആയിരത്തിനു മുകളില്‍ കിലോ പച്ചമുളക് ഇതിനകം വിറ്റു കഴിഞ്ഞു. തണ്ണിമത്തനും ഇളവനും മത്തനും പാടം നിറയെ പടര്‍ന്നു കഴിഞ്ഞു.

വെള്ളം നനക്കുന്നതിലും പ്രത്യേക സംവിധാനമാണ് പ്രസാദ് ഒരുക്കിയിട്ടുള്ളത്. വീട്ടുമുറ്റത്ത് വിദേശ രാജ്യങ്ങളില്‍ നല്ല ഡിമാന്റ് ള്ള കരിമഞ്ഞള്‍, റെഡ് ഇഞ്ചി എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. അഡ്കോസ് ഓഹരി ഉടമ കൂടിയായ പ്രസാദ് തുടര്‍ കൃഷിക്കുള്ള സാമ്പത്തിക സഹായം കുറഞ്ഞ പലിശയ്ക്ക് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്. കൃഷിക്കാവശ്യമായ വളങ്ങള്‍ പറമ്പിന്റെയടുത്ത് തന്നെ നിര്‍മ്മിക്കുകയാണ്. തികച്ചും ജൈവവളമാണ് ഉല്‍പ്പാദിപ്പിക്കുന്നത്: ഭാര്യ ബിന്ദുവും മക്കളായ മാധവന്‍കുട്ടിയും മാളവികയും പ്രസാദിനെ കൃഷി കാര്യങ്ങളില്‍ എപ്പോഴും സഹായിക്കുന്നു.

 
� Infomagic- All Rights Reserved.