സെല്‍വരാജ് വിളയിച്ചത് മറുനാട്ടിലെ ബജ്റയും ചോളവും
March 27,2019 | 08:17:38 am

ഇതരസംസ്ഥാനക്കാരുടെ ഇഷ്ട വിഭവമായയ ബജ്റയും ചോളവും കേരളത്തില്‍ വിളയിക്കുകയാണ് യുവ കര്‍ഷകന്‍. നന്ദിയോട് പനവൂര്‍ പഞ്ചായത്തുകളില്‍ കൃഷി ചെയ്യുന്ന സെല്‍വരാജാണ് തന്റെ കൃഷിതോട്ടത്തില്‍ ഈ വ്യത്യസ്ഥ ഇനങ്ങള്‍ പരീക്ഷിച്ച് വിജയിച്ചത്.

മലനാട്ടില്‍ വിളയിക്കാന്‍ പ്രയാസമെന്ന് വിധിയെഴുതിയ ബജ്റയും (മണിച്ചോളം) ചോളവും ഇറുങ്ങും അമരയുമെല്ലാം സെല്‍വരാജിന്റെ കൃഷിയിടത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. നെല്ല് പോലെ തന്നെ 110 - 120 ദിവസമാകുമ്പോള്‍ ബജ്റയും വിളവെടുക്കാം. ജൈവവളവും കൃത്യമായ ജലസേചനവും ഉണ്ടെങ്കില്‍ സമ്പുഷ്ടമായ വിളയും ലഭിക്കും. നീര്‍വാര്‍ച്ചയും ഇളക്കവുമുളള മണ്ണുമാണ് കൃഷിയ്ക്ക് അനുയോജ്യം. 100 ചെടികളില്‍ നിന്നും 10 കി.ഗ്രാം വിളവ് പ്രതീക്ഷിക്കാം. ഇതേ മാതൃകയില്‍ 100 കിലോ ഗ്രാം ജൈവവളചോളവും സെല്‍വരാജ് കൊയ്തിരുന്നു. പേരയം പാലുവളളിയില്‍ ശ്യം എന്ന കര്‍ഷകന്‍ തുടങ്ങിയ ഹൈടെക്ക് മില്ലില്‍ ഇത് പൊടിച്ച് നല്‍കാനുളള സൗകര്യമുണ്ട്.

മില്ലില്‍ നിന്നു തന്നെ ആവശ്യക്കാര്‍ക്ക് വിത്തും ലഭ്യമാക്കും. പൊടിച്ച ബജ്റയും ചോളവും നന്ദിയോട് കൃഷിഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോസ് കര്‍ഷക ചന്ത വഴി വിറ്റഴിക്കാനും സൗകര്യമുണ്ട്. ജൈവ കര്‍ഷക കോഓര്‍ഡിനേറ്റര്‍ പൗവത്തൂര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. ചെറുധാന്യങ്ങളില്‍ ആറാം സ്ഥാനത്തുളള ബജ്റ വിള ഉയര്‍ന്ന നാരുകള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ നല്ലതാണ്.

മൂന്നര ഏക്കറിലായി പച്ചക്കറി തോട്ടത്തില്‍ അതിര് തിരിച്ചാണ് മറുനാടന്‍ ധാന്യവിളകളുടെ കൃഷി. ഭക്ഷ്യസുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെല്ലിനു പകരം നവധാന്യങ്ങള്‍ എന്ന കൃഷി വകുപ്പിന്റെ സന്ദേശം ഉള്‍ക്കൊണ്ടാണ് സെല്‍വരാജിന്റെ മറുനാടന്‍ കൃഷി. സ്വന്തമായുളളത് അമ്പത് സെന്റ് സ്ഥലം മാത്രമാണുളളത്. ബാക്കി കൃഷി പാട്ടത്തിനെടുത്ത ഭൂമിയാണ്.

അച്ഛന്‍ റസലയന്‍ മികച്ച കര്‍ഷകനായിരുന്നു. ആ പാത പിന്തുടര്‍ന്നാണ് സെല്‍വനും കാര്‍ഷിക വൃത്തി ജീവിതമാക്കിയത്. പച്ചക്കറിവിളകള്‍ക്കൊപ്പം തൊണ്ടന്‍ മുളക്, കാന്താരി മുളക്, കത്തിരി, വെണ്ട, കൂരവ്, തക്കാളി മുതലായവയും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. നന്ദിയോട് പഞ്ചായത്തിലെ മാതൃകാകര്‍ഷകനും ജില്ലയിലെ മികച്ച കര്‍ഷകരില്‍ പ്രധാനിയുമാണ്.

 
� Infomagic- All Rights Reserved.