ജൈവകൃഷിയിലൂടെ രാജ്യത്തിന് മാതൃക: ഇത് വഞ്ചിവയല്‍ ആദിവാസി ഗ്രാമത്തിന്റെ ഉയിര്‍പ്പിന്റെ കഥ
March 13,2019 | 10:45:17 am

പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ കൊച്ചു ആദിവാസി ഗ്രാമമാണ് വഞ്ചിവയല്‍. ഈ ഗ്രാമത്തിലെ കാര്‍ഷിക വിളകള്‍ക്ക് വന്‍ ഡിമാന്റാണ്. കേരളത്തിലോ, ഇന്ത്യയിലോ അല്ല കാര്‍ഷിക വിളകള്‍ വിറ്റഴിക്കുന്നത്. അങ്ങ് ജര്‍മ്മിനിയിലാണ്. വഞ്ചിവയല്‍ ഗ്രാമത്തിലെ ആദിവാസികള്‍ ജൈവകൃഷി കൊണ്ട് സമ്പാദിക്കുന്നതോ ലക്ഷങ്ങളും.ഈ ആദിവാസി ഗ്രാമം കഴിഞ്ഞ വര്‍ഷം ഉല്‍പ്പാദിപ്പിച്ച് കയറ്റി അയച്ചത് 31.2 ടണ്‍ കുരുമുളകും 19 ടണ്‍ കാപ്പിയും. അടുക്കും ചിട്ടയോടെ വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് വഞ്ചിവയല്‍ നേടിയെടുത്ത ഈ നേട്ടം രാജ്യത്തെ ആദിവാസി മേഖലയ്ക്ക് ഏറ്റവും വലിയ മാതൃകയാവുകയാണ്. വഞ്ചിവയലിലെ ആദിവാസി ഗ്രാമം ഉയര്‍ത്തെഴുന്നേറ്റ കഥ ഇങ്ങനെ:

വണ്ടിപ്പെരിയാറിനടുത്ത് വള്ളക്കടവില്‍ വനംവകുപ്പിന്റെ ചെക്പോസ്റ്റില്‍ ഇറങ്ങി നാല് കിലോമീറ്ററിലധികം വനത്തിനുള്ളിലാണ് വഞ്ചിവയല്‍ ഗ്രാമം. വനംവകുപ്പിന്റെ വാഹനങ്ങള്‍ മാത്രമേ കടത്തിവിടൂ. കടുവാ സങ്കേതമായതിനാല്‍ റോഡ് ടാറിടാന്‍ കഴിയില്ല. മണ്‍പാതയാണ്. പ്രത്യേക അനുമതിയുണ്ടെങ്കിലേ അങ്ങോട്ട് പോകാന്‍ കഴിയൂ. അല്ലെങ്കില്‍ ഗ്രാമവാസിയായിരിക്കണം. ഊരാളി വിഭാഗത്തില്‍പ്പെട്ട 73 വീടുകളിലായി 83 ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. മൊത്തം 40.2 ഹെക്ടര്‍ സ്ഥലമാണ് കോളനിയിലെ ആദിവാസികള്‍ കൈവശംവയ്ക്കുന്നത്. കൃഷിയും അവരുടേതാണ്.

777 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പെരിയാര്‍ കടുവാ സങ്കേതത്തിന്റെ പല ഭാഗങ്ങളിലായി താമസിച്ചിരുന്ന ഊരാളി വിഭാഗത്തില്‍പ്പെടുന്ന ആദിവാസികള്‍ ഏതാണ്ട് 75 വര്‍ഷം മുമ്പാണ് വഞ്ചിവയലില്‍ താമസമാക്കിയത്. ആദ്യകാലത്ത് നെല്ല് ഉള്‍പ്പടെയുള്ള ഭക്ഷ്യവിളകള്‍ കൃഷി ചെയ്തു. പക്ഷേ, കാട്ടുപോത്തും പന്നിയും മ്ലാവുമൊക്കെ കൃഷിയിടത്തില്‍ ശല്യമായി മാറി. ഇതോടെ ഇത്തരത്തിലുള്ള കൃഷി നിറുത്തുകയായിരുന്നു. കുരുമുളകും കാപ്പിയുമെല്ലാം കൃഷി ചെയ്യാന്‍ വഞ്ചിവയലിലെ ഊരാളി വിഭാഗക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഇവയെല്ലാം വണ്ടിപ്പെരിയാറിലെ ഇടനിലക്കാരായ കച്ചവടക്കാര്‍ ചുളുവിലയ്ക്ക് തട്ടിയെടുക്കുകയായിരുന്നു.

2001ല്‍ ഏലം കൃഷി ചെയ്തെങ്കിലും വന്‍ തോതില്‍ കീടനാശികളുടെ പ്രയോഗം വേണ്ടി വന്നതിനാല്‍ അത് ഉപേക്ഷിച്ചു. ഇടനിലക്കാരുടെ ഇടപെടലും ചൂഷണവും വന്യമൃഗങ്ങളുടെ ശല്യവും കൊണ്ട് പലരും കൃഷി ഉപേക്ഷിക്കാന്‍ ആലോചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. 2003ല്‍ വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന് ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഇതോടെ പ്രദേശത്തെ ആദിവാസികളുടെ ജീവിതം തന്നെ മാറി. ജൈവ കുരുമുളക് പൂര്‍ണമായും ജര്‍മനിയിലേക്കു കയറ്റി അയക്കുകയാണ് ചെയ്യുന്നത്. അന്നു വനംവകുപ്പിന്റെ തലപ്പത്തുണ്ടായിരുന്ന പ്രമോദ്.ജി. കൃഷ്ണന്‍, എസ്. ശിവദാസ് എന്നിവരാണ് ജൈവകൃഷിയിലേക്ക് തിരിയാന്‍ ഗ്രാമീണരെ പ്രേരിപ്പിച്ചത്.

ജൈവകൃഷിയിലൂടെ മാത്രം അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉണ്ടാക്കുന്ന കുടുംബങ്ങള്‍ ഉണ്ട് ഇവിടെ. വരുമാനത്തിന്റെ വര്‍ദ്ധനവ് ജീവിത നിലവാരത്തിലും മാറ്റം വരുത്തി. കുട്ടികള്‍ മികച്ച വിദ്യാലയങ്ങളില്‍ പഠിക്കുന്നു, വീട്ടുക്കാര്‍ കാറും മറ്റ് വാഹനങ്ങളും വാങ്ങുന്നു. പത്ത് വര്‍ഷം മുന്‍പ് കൂലിപ്പണിയ്ക്ക് പോയാല്‍ നൂറ് രൂപ മാത്രം ദിവസകൂലി ലഭിച്ചിരുന്നിടത്താണ് ഇവരുടെ ഈ മാറ്റം.

കുരുമുളക് വിളവെടുക്കുന്നതിനു മുന്നോടിയായി ഡിസംബറില്‍ തന്നെ കുരുമുളക് മൊത്തത്തില്‍ വാങ്ങാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കും. ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അധിക വില നല്‍കുന്ന കമ്പനിക്കു കുരുമുളക് മൊത്തത്തില്‍ നല്‍കുകയുമാണ് പതിവ്. ഇത്തരത്തില്‍ ക്വട്ടേഷന്‍ വാങ്ങുന്ന കമ്പനിയാണ് നേരിട്ട് ജര്‍മനിയിലേക്കു കുരുമുളക് കയറ്റി അയക്കുന്നത്. കുരുമുളകു വിറ്റ് കിട്ടുന്ന പണം കൊണ്ട് സമ്പാദ്യമെന്ന നിലയില്‍ സ്വര്‍ണവും ഇപ്പോള്‍ ആദിവാസികള്‍ വാങ്ങി സൂക്ഷിക്കുന്നുണ്ട്.

നേരത്തെ തേന്‍, തെള്ളി എന്നിവ സംഭരിച്ച് വിറ്റാണ് ആദിവാസികള്‍ ജീവിച്ചിരുന്നത്. എന്നാല്‍ ജൈവ കൃഷിയില്‍ നിന്ന് കൂടുതല്‍ വരുമാനം ലഭിച്ചതോടെ ആദിവാസികള്‍ ഇപ്പോള്‍ കൃഷിക്കു തന്നെയാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. കൃഷിക്കൊപ്പം മറ്റു കൈത്തൊഴിലുകള്‍ ചെയ്യുന്നവരും അവിടെയുണ്ട്. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ആദിവാസി ഊരിനുള്ള സര്‍ക്കാര്‍ പുരസ്‌കാരവും വഞ്ചിവയലിനെ തേടിയെത്തി.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളിലൂടെ കോളനിയുടെ 90 ശതമാനം ഭാഗത്തും ട്രഞ്ച് നിര്‍മിച്ചിട്ടുള്ളതിനാല്‍ വന്യമൃഗ ശല്യവും ഇപ്പോള്‍ ഒരു പരിധിവരെ കുറയ്ക്കാനാവുന്നുണ്ട്.

വന്യമൃഗശല്യത്തെ തുടര്‍ന്ന് ഒരു കാലത്തു നഷ്ടപ്പെട്ടുപോയ നെല്‍ക്കൃഷി തിരിച്ചു കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഗ്രാമവാസികള്‍. പരീക്ഷണാടിസ്ഥാനത്തില്‍ അടുത്ത സീസണില്‍ രണ്ടു ഹെക്ടര്‍ നെല്‍ക്കൃഷി ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇതുവിജയമായാല്‍ കോളനിയിലേക്ക് ആവശ്യമുള്ള നെല്ല് സ്വയം കൃഷി ചെയ്തുണ്ടാക്കാന്‍ കഴിയും. കഴിഞ്ഞില്ല, കുരുമുളകിനൊപ്പം മഞ്ഞളും കാന്താരിമുളകും കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലുമാണിവര്‍.

പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ.വി. കുമാര്‍, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന്‍, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജി കുരിശുംമൂട്, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി ഫെസിലിറ്റേറ്റര്‍ സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വഞ്ചിവയലിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

 
� Infomagic- All Rights Reserved.