വര്‍ഗീസിന്റെ കൈയ്യെത്തിച്ച് പറിക്കാവുന്ന ആയുര്‍ജാക്ക് ചക്കകളുടെ കഥയിതാണ്
March 27,2019 | 11:12:50 am

അഞ്ചരയേക്കര്‍ റബ്ബര്‍ തോട്ടം വെട്ടി പ്ലാവ് വെച്ചു തൃശൂര്‍ക്കാരനായ വര്‍ഗീസ് തരകന്‍. അദ്ദേഹം തന്നെ വികസിപ്പിച്ചെടുത്ത കുഞ്ഞന്‍ പ്ലാവായ ആയുര്‍ജാക്കാണ് അദ്ദേഹം തോട്ടത്തില്‍ വെച്ചത്. ഒന്നരലക്ഷം രൂപ മാസവരുമാനം നേടിയിരുന്ന റബര്‍ തോട്ടം പ്ലാവുകള്‍ക്ക് വഴിമാറി. എന്നാല്‍ ഇന്ന് ചക്കയെ പറ്റി പഠിക്കാന്‍ വിദേശത്ത് നിന്ന് വരെ ആളുകള്‍ തോട്ടത്തിലെത്തുന്നു. ചെറിയ വളപ്പുകളിലും വേണമെങ്കില്‍ ടെറസിലും കൃഷി ചെയ്യാവുന്ന ഇനം കുഞ്ഞന്‍ പ്ലാവ് വികസിപ്പിച്ചെടുത്തതാണ് വര്‍ഗീസ് തരകന്റെ നേട്ടം. ആയുര്‍ ജാക്ക് എന്ന ഈ ഇനം ഏറിവന്നാല്‍ എട്ട് അടി ഉയരം വെക്കും. ഒരു കൈനീട്ടിയാല്‍ നല്ല വരിക്കച്ചക്ക പറിച്ചെടുക്കാം. നല്ല പരിചരണം കൊടുത്താല്‍ ഒന്നൊന്നര വര്‍ഷത്തിനുള്ളില്‍ കായ് പിടിച്ചു തുടങ്ങുകയും ചെയ്യും. തൃശ്ശൂര്‍ വേലൂര്‍ പഞ്ചായത്തിലാണ് തോട്ടം സ്ഥിതി ചെയ്യുന്നത്.

ചക്ക കണ്ടെത്തിയ വഴി
തന്റെ ഭാര്യവീട്ടില്‍ 35ല്‍ അധികം പ്ലാവുണ്ടായിരുന്നുവെന്ന് വര്‍ഗീസ് തരകരന്‍ പറയുന്നു. അതിലൊരെണ്ണം കല്ലിന്റെ ഇടയിലാണ് വളര്‍ന്നുവന്നത്. അതിന്റെ ചക്ക നല്ല രുചിയായിരുന്നു. ആ പ്ലാവ് മതില്‍ കെട്ടാന്‍ വേണ്ടി മുറിക്കേണ്ടി വരുമെന്ന് ഉറപ്പായി. അപ്പോഴാണ് അതില്‍ നിന്ന് ബഡ് തൈകള്‍ ഉണ്ടാക്കിയത്. 10 കിലോ പച്ചച്ചാണകം, 10 കിലോ കപ്പലണ്ടിപ്പിണ്ണാക്ക്. ഒരു കിലോ ഉണക്കപ്പയര്‍ വേടിച്ച് പൊടിപ്പിച്ച പൊടി, ഒരു കിലോ ശര്‍ക്കര, ഒരുകിലോ ഈ പറമ്പിലെ പൊടിമണ്ണ്. ഇതെല്ലാം കൂടി എടുത്ത് ഇരുപത് കിലോ വെള്ളത്തില്‍ കലക്കിവെച്ച് പതിനഞ്ച് ദിവസം രണ്ടുനേരവും കലക്കും. പതിനഞ്ച് ദിവസം കഴിഞ്ഞാല്‍ ഒരു ലിറ്റര്‍ വെള്ളം അതീന്നെടുത്ത് 100 ലിറ്റര്‍ വെള്ളത്തിലേക്ക് ഒഴിച്ച് മിക്സ് ചെയ്ത് ഓരോ ലീറ്റര്‍ വെളളം ഓരോ പ്ലാവിന്റെ കടയ്ക്കലും പതിനഞ്ച് ദിവസം ഇടവിട്ട് ഒഴിക്കുന്നുണ്ട്. അത് മാത്രമാണ് വളം. ലോകത്ത് ഇന്ന് കിട്ടാവുന്ന ഏറ്റവും നല്ല ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ചക്ക. കാന്‍സറിനെ പോലും പ്രതിരോധിക്കാന്‍ കഴിയുന്ന അല്‍ഭുതഫലമാണിത് - അദ്ദേഹം പറയുന്നു.

ട്രഞ്ച് നിര്‍മ്മിച്ച് വെള്ളം കൊയ്തെടുത്തു
പതിനേഴ് വര്‍ഷം മുമ്പാണ് കുറുമാല്‍കുന്നില്‍ സ്ഥലം വാങ്ങുന്നത്. നല്ല ചെരിവുള്ള റബര്‍ തോട്ടം. വേറെ കൃഷി ചെയ്യാന്‍ നോക്കിയപ്പോഴാണ് വെള്ളമില്ലെന്ന സത്യം മനസ്സിലായത്. മഴ പെയ്യുന്ന വെള്ളം അപ്പാടെ മിനിറ്റുകള്‍ക്കുള്ളില്‍ ഒലിച്ചുപോവും. 

ചെരിവുള്ള പ്രദേശത്താണ് തോട്ടം സ്ഥിതി ചെയ്യുന്നത്. അമ്പത് വര്‍ഷമായി കുടിക്കാന്‍ വെള്ളമില്ലാത്ത ഒരു പ്രദേശം. അവിടെ കേരള സാമൂഹ്യ ജലക്ഷേമ സമിതി നെതര്‍ലാന്റ്സ് സര്‍ക്കാറിന്റെ സഹായത്തോടെ 1995 ല്‍ ഒരു 65 വീട്ടുകാര്‍ക്ക് വെള്ളം സപ്ലൈ ചെയ്തിരുന്നു. ഒരു കുഴല്‍കിണറില്‍ നിന്നാണ് വെള്ളം കണ്ടെത്തിയത്. ആ കുഴല്‍കിണര്‍ 2012ല്‍ വറ്റിപ്പോയി.

ചെരിഞ്ഞ കുന്നിന്‍ പ്രദേശത്ത് തട്ടുതട്ടായാണ് വര്‍ഗീസ് തരകന്റെ ആയുര്‍ ജാക്ക് തോട്ടം. തോട്ടത്തില്‍ വീഴുന്ന ഒരു തുളളി മഴപോലും പാഴായിപ്പോകാതെ നോക്കുന്നതിനുള്ള മഴക്കൊയ്ത്ത് സംവിധാനം ഇവിടെയുണ്ട്. കുന്നിന്‍ ചെരിവില്‍ വിലങ്ങനെ ട്രെഞ്ചുകള്‍ കീറിയാണ് മഴവെള്ള സംഭരണം. കുന്നിലെ മഴവെള്ള റീച്ചാര്‍ജ് പ്രദേശത്തെ ഭൂഗര്‍ഭ ജലവിതാനത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. അത് ചുറ്റുമുള്ള 35ലധികം വീട്ടുകിണറുകളില്‍ വര്‍ഷം മുഴുവന്‍ ജലലഭ്യത ഉറപ്പുവരുത്തുന്നു.
ഭൂമിക്ക് നടുവിലൂടെ വഴിവെട്ടി. തട്ടുതട്ടായി തിരിച്ച് ഓരോ തട്ടിനും താഴെ അത്രയും നീളത്തില്‍ രണ്ടടി താഴ്ചയില്‍ വെള്ളം തങ്ങിനില്‍ക്കുന്ന ട്രെഞ്ചുകള്‍ കുഴിച്ചു. ഒഴുകിവരുന്ന മഴവെള്ളം ഈ കുഴികളിലേക്ക് തിരിച്ചുവിട്ടു. കുഴികളില്‍ നിന്നുള്ള മണ്ണ് എടുത്ത് തട്ടുകള്‍ ഉയര്‍ത്തി. ഒരു തുളളിവെള്ളം പോലും ഒഴുകിപ്പോവാതെ വര്‍ഗീസ് തരകന്‍ വെള്ളം കൊയ്തെടുത്തു.

സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച്
ഓട്ടോമൊബൈല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമ നേടിയ വര്‍ഗ്ഗീസ് തരകന് പി.എസ്.സി. വഴി ക്ലാര്‍ക്കായി ജോലി കിട്ടിയതാണ്. എന്നാല്‍ ഉള്ളിലെ കൃഷി പ്രേമം അതില്‍ നിന്നെല്ലാം തരകനെ പിന്തിരിപ്പിച്ചു. കുറുമാല്‍ കുന്നിലെ അഞ്ചരയേക്കര്‍ കൂടാതെ മറ്റ് കൃഷി സ്ഥലത്ത് തെങ്ങ്, കവുങ്ങ്, റബര്‍ എല്ലാം കൃഷി ചെയ്യുന്നുണ്ട്. റബര്‍ ഞാന്‍ പതുക്കെ ഒഴിവാക്കി അതില്‍ ആയുര്‍ ജാക്ക് നട്ടു വരികയാണ്. 

വിദേശികളടക്കം ചക്ക കയറ്റുമതിയ്ക്കായി അനുമതി നേടാന്‍ ഇവിടെയെത്താറുണ്ട്. എന്നാല്‍ നാട്ടിലെ ആവശ്യക്കാര്‍ക്ക് ചക്ക കൊടുക്കാന്‍ തികയുന്നില്ലെന്നാണ് വര്‍ഗീസ് പറയുന്നത്. ജലസംരക്ഷണപരിപാടികളില്‍ സ്വന്തമായ പരീക്ഷണം നടത്തി വിജയം കണ്ട ഈ കര്‍ഷകനെത്തേടി സംസ്ഥാന സര്‍ക്കാരിന്റെ ക്ഷോണീമിത്ര പുരസ്‌കാരവും എത്തി. 

 

 
� Infomagic- All Rights Reserved.