കശുമാവിലും കുള്ളന്‍ ഇനങ്ങള്‍ വരുന്നു
February 09,2018 | 03:16:53 pm

പിലിക്കോട്ടുനിന്ന് വരുന്നു കശുമാവിലെ 'കുള്ളന്‍'. 21 വര്‍ഷത്തെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവില്‍ തയ്യാറാക്കിയ 'കുള്ളന്‍ കശുമാവ്' പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം.

തളിപ്പറമ്പിന്‍റെ മലയോര മേഖലയില്‍നിന്ന് ഡോ. ബി.ജയപ്രകാശ് നായ്ക് ശേഖരിച്ച കശുമാവ് വിത്തില്‍ നിന്നാണ് 'കുള്ളന്‍ കശുമാവ്' തയ്യാറാക്കിയത്. ആദ്യനാളുകളില്‍ ഫലങ്ങള്‍ കാര്യമായി കിട്ടിയിരുന്നില്ല. കഴിഞ്ഞ രണ്ടുവര്‍ഷമായി പരിചരണവും വളവും തുടങ്ങിയതോടെ നല്ല ഫലം ലഭിച്ചുതുടങ്ങി. കുള്ളന്‍ കശുമാവ് രണ്ടരമീറ്റര്‍ ഇടവിട്ട് നട്ടാല്‍ മതിയാകും. സ്ഥലപരിമിതിമൂലം പ്രയാസം അനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഏറേ ഗുണം ചെയ്യും.

സാധാരണ എട്ടുമീറ്റര്‍ ഇടവിട്ടാണ് കശുമാവു തൈ നട്ടുവളര്‍ത്തുന്നത്. മൂന്നുമീറ്റര്‍ മാത്രമേ പൊക്കമുണ്ടാകൂ എന്നതിനാല്‍ കശുവണ്ടി ശേഖരിക്കാനും എളുപ്പം. പി.എല്‍.ഡി. 57 ഗവേഷണ നമ്പറില്‍ കാര്‍ഷിക സര്‍വകലാശാലയുടെ നിയന്ത്രണത്തിലാണ് വികസിപ്പിച്ചെടുത്തത്.  പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ആലോചനകള്‍ക്കുശേഷം കാര്‍ഷിക സര്‍വകലാശാലയുടെയും കൃഷിവകുപ്പിന്‍റെ സംസ്ഥാനതല സമിതിയുടെയും അംഗീകാരം ലഭിച്ചയുടന്‍ പുതിയ ഇനം പുറത്തിറക്കും.

പുതുതായി വികസിപ്പിച്ചെടുത്ത കുള്ളന്‍ കശുമാവില്‍ കൂടുതല്‍ പെണ്‍പൂക്കള്‍ ഉണ്ടെന്നത് പ്രത്യേകതയാണ്. 37 ശതമാനം പെണ്‍പൂക്കള്‍ കണ്ടെത്താനായി. സാധാരണ 10 ശതമാനം പെണ്‍പൂക്കളാണ് കണ്ടുവരാറ്. കശുവണ്ടിയുടെ തൂക്കത്തിലും വ്യത്യസ്തതയുണ്ട്. അഞ്ചുമുതല്‍ ഏഴുവരെ തൂക്കമുള്ള കശുവണ്ടി ലഭിക്കുമെന്ന് പിലിക്കോട് കാര്‍ഷിക ഗവേഷണകേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. പി.ആര്‍.സുരേഷ്, ഗവേഷക ഡോ. മീരാ മഞ്ജുഷ എന്നിവര്‍ പറഞ്ഞു.

 
� Infomagic - All Rights Reserved.