പാറയില്‍ പൊന്നുവിളയിച്ച് അജയന്‍
November 08,2018 | 02:49:01 pm


ഏക്കറുകണക്കിനുള്ള പാറമടയില്‍ വിത്തെറിഞ്ഞ് അവിടെ പൊന്നുവിളയിച്ചാണ് ക്രഷര്‍ ഉടമ കൂടിയായ വി.ആര്‍ അജയന്‍ കര്‍ഷകന്റെ കുപ്പായമണിയുന്നത്. കാര്‍ഷിക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അജയന് വ്യവസായിയേക്കാള്‍ കര്‍ഷകന്റെ വേഷം തന്നെയാണ് കൂടുതല്‍ അനുയോജ്യമെന്ന് മനസ്സിലാക്കാന്‍ അധികനാള്‍ വേി വന്നില്ല. പ്രവാസി വ്യവസായിയായ എഴുമറ്റൂര്‍ സ്വദേശി അജയന്‍ തന്റെ കൃഷി ഭൂമിയായി തെരഞ്ഞെടുത്തത് ഒരു വലിയ പാറമടയാണ്. പുല്ലുപോലും കിളിര്‍ക്കാത്ത കരിംപാറയില്‍ വിവിധയിനം പച്ചക്കറികളാണ് പൂത്തുലയുന്നത്. നാട്ടില്‍ പച്ച പിടിക്കില്ലെന്ന് നാംവിശ്വസിക്കുന്ന പലതരം പച്ചക്കറികള്‍ പോലുമുണ്ട് അക്കൂട്ടത്തില്‍. അന്യം നിന്നുതുടങ്ങിയ വിവിധ ഇനം നെല്ലുകള്‍ മുതല്‍ വൈദേശികരായ പച്ചക്കറികള്‍വരെ.

വര്‍ഷങ്ങള്‍ മുമ്പാണ് 34 ഏക്കര്‍ വരുന്ന പാറമട അജയന്‍ വിലയ്ക്കുവാങ്ങിയത്. ക്രഷര്‍യൂണിറ്റ് തുടങ്ങി ലാഭം കൊയ്യാമെന്ന ചിന്തയൊന്നും അന്നേ അജയനുണ്ടായിരുന്നില്ല. മറിച്ച് അവിടമൊരു ഹരിത സുന്ദര ഭൂമിയാക്കുകയെന്നത് തന്നെയായിരുന്നു ലക്ഷ്യം. അങ്ങനെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒരു ക്രഷര്‍ യൂണിറ്റിന് ചുറ്റും ചേനയും ചേമ്പും പടവലവും വെള്ളരിയും പാവലും കോവലും തെങ്ങും പൂക്കളുമെല്ലാം തഴച്ചുവളര്‍ന്നു. ക്രഷര്‍ യൂണിറ്റുകള്‍ക്കും ക്വാറി മുതലാളിമാര്‍ക്കും എതിരെ പരിസ്ഥിതി പ്രവര്‍ത്തകരൊന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴും പ്രകൃതിയോടിണങ്ങി ചേര്‍ന്ന് ക്രഷര്‍ യൂണിറ്റ് ഏങ്ങനെ നടത്തണമെന്ന് കാണിച്ചു തരികയാണ് വ്യവസായിയായ ഈ കര്‍ഷകന്‍. മറ്റ് ക്രഷറുടമകളും ഇത് മാതൃകയാക്കണമെന്നാണ് അജയന്റെ അഭിപ്രായം

മണ്ണില്‍ പണിയെടുത്തിരുന്ന മുത്തച്ഛനെയും അച്ഛനെയും കണ്ടുവളര്‍ന്ന അജയനും ആ വഴിയേ സഞ്ചരിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം. ജീവിതം കരുപ്പിടിപ്പിക്കാന്‍ പ്രവാസിയുടെ കുപ്പായമണിഞ്ഞ് കടല്‍ കടന്ന അജയന്‍ അവിടെയും ഒരു നല്ല കര്‍ഷകനായിമാറുകയായിരുന്നു. മസ്‌കറ്റിലെ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഇപ്പോഴും അജയന്‍ കൃഷി ഇറക്കുകയാണ്.

പാറമടയിലെ കൃഷി

34 ഏക്കറിലും പാറ ഖനനത്തിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി അജയന് ഉണ്ടെങ്കിലും ചെറിയ ഒരു ഭാഗം മാത്രം ഇതിനായി നീക്കിവെച്ച് ബാക്കി മുഴുവന്‍ കൃഷിഭൂമിയാക്കി മാറ്റി. ലോഡ്കണക്കിന് മണ്ണ് പാറയില്‍ നിരത്തി വിത്തിറക്കി. പാറക്കുളത്തിലെ വെള്ളം കൃഷിക്കായി പ്രയോജനപ്പെടുത്തി. പാറക്കുളങ്ങളില്‍ മീനും കക്കയും ഞണ്ടും കൃഷിചെയ്തു. കൃഷിയിടത്തില്‍ ജലക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രത്യേക ഡാമും തയ്യാറാക്കി. പാറമടയിലെ വശങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് മണ്ണ് നിരത്തി അവിടെയും വഴുതനവും ചീരയും മുളകും വെണ്ടയുമെല്ലാം നട്ടുപിടിപ്പിച്ചു. ഒപ്പം കുറേയെറെ ഔഷധ സസ്യങ്ങളും. ചങ്ങാടത്തില്‍ സാധനങ്ങള്‍ കൊിറക്കി ഏറെ പണിപ്പെട്ടായിരുന്നു ഈ കൃഷി. നാടെങ്ങും വരണ്ടുണങ്ങുമ്പോഴും അജയന്റെ കൃഷിഭൂമി ജലസമൃദ്ധമാണ്.

ഏക്കറുകളോളം പ്രത്യേക കരനെല്‍ കൃഷി. അതും അന്യം നിന്ന് തുടങ്ങിയ ഔഷധഗുണമുള്ള നെല്ലിനങ്ങള്‍. അര്‍ബുദ രോഗത്തിനുള്ള ഔഷധമായ രക്തശാലി അരിയും, 120 ദിവസംകൊണ്ട് വിളവെടുക്കാവുന്ന ഇട്ടിക്കണ്ണനുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ക്യാന്‍സര്‍ രോഗികള്‍ക്ക് രക്തശാലി സൗജന്യമായാണ് അജയന്‍ നല്‍കുന്നത്.


ജൈവവളത്തിന്റെ സമൃദ്ധി

ജൈവമല്ലാതെ മറ്റൊരു വളവും കൂട്ടിത്തൊടാത്തതാണ് തന്റെ പച്ചക്കറിയുടെ ഗുണമേന്മയ്ക്ക് കാരണമെന്നാണ് അജയന്‍ പറയുന്നത്. സ്വന്തം ഫാമില്‍ നിന്ന് ലഭിക്കുന്ന ചാണകം, ഗോമൂത്രവും ശര്‍ക്കരയും ചാണകവും പയറുപൊടിയും ചേര്‍ത്തിളക്കിയ ജീവാമൃതം എന്നിവയാണ് ഈ സസ്യങ്ങളുടെ ചുവട്ടില്‍ വീഴുന്ന ഏക വളം. പിന്നെ രാവിലെയും വൈകിട്ടും ഒഴിക്കുന്ന വെള്ളവും. വിവിധയിനം മുളകുകള്‍ക്കൊപ്പം ക്യാബേജും കോളിഫ്‌ളവറും അജയന്‍ വിജയകരമായി തന്റെ മണ്ണില്‍ വിളയിച്ചെടുക്കുന്നു.

ജൈവകര്‍ഷകനായി അരയും തലയും മുറുക്കി മണ്ണിലേക്കിറങ്ങാന്‍ അജയനെ പ്രേരിപ്പിച്ച മറ്റൊന്നു കൂടിയണ്ട്. ഏറ്റവും അടുത്ത സുഹൃത്തിനെ ക്യാന്‍സറെന്ന വില്ലന്‍ കീഴ്‌പ്പെടുത്തി മരണത്തിലേക്ക് നയിച്ചത് അജയന് സഹിക്കാവുന്നതിലുമധികമായിരുന്നു. അര്‍ബുദം ഇനിയൊരാളിലേക്കും വ്യാപകമാകരുതെന്ന ചിന്തകൂടിയാണ്. അജയനെ ജൈവകൃഷിയിലേക്കിറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. കൃഷിയിടങ്ങളിലെ അണുനാശിനികളും രാസവളവും ക്യാന്‍സറിനെ വിളിച്ചു വരുത്തിയപ്പോള്‍ വിഷം പുരളാത്ത പച്ചക്കറി നാട്ടില്‍ വ്യാപിപ്പിക്കുവാനുള്ള പ്രയത്‌നമാണ് അജയന്‍ ഇപ്പോള്‍ നടത്തുന്നത്. വിള വര്‍ധനവിന് യാതൊരുതരത്തിലുള്ള അണുനാശിനിയും അജയന്‍ തന്റെ കൃഷിഭമിയിലുപയോഗിക്കുന്നില്ല. കാരണം ഈ ഭൂമിയും സസ്യങ്ങളും ചെറുജീവികള്‍ക്കു കൂടിയുള്ളതാണെന്നാണ് അജയന്റെ ഭാഷ്യം.

കൃഷിക്കാരനായ അജയന്‍ ഒരു മികച്ച ഗോപരിപാലകന്‍ കൂടിയാണ്. അയജന്റെ കൃഷിഭൂമികടന്ന് ക്രഷര്‍ യൂണിറ്റിന്റെ വലതുഭാഗം തിരിഞ്ഞാല്‍ അവിടമൊരു വലിയ ഗോകുലം തന്നെയുണ്ട്. വിദേശിയും സ്വദേശിയുമായ മുന്നൂറില്‍ പരം പശുക്കളുള്ള വലിയൊരു ഗോകുലമാണത്. അവിടുത്തെ പ്രധാന ഗോപാലകനും അജയന്‍ തന്നെ.ലോകത്തിലെ തന്നെ വിരലിലെണ്ണാവുന്ന ഏറ്റവും ചെറിയ പശുവായ കപില മുതല്‍ നാടന്‍ സിന്ധിയും ജേഴ്‌സിയുമെല്ലാം ഈ ഗോശാലയിലുണ്ട്.

ഒരു വലിയ കന്നുകാലി കാര്‍ഷിക വിജ്ഞാന കേന്ദ്രമായി ഇവിടം മാറ്റിയെടുക്കണമെന്നതാണ് അജയന്റെ സ്വപ്‌നം. ദേശാന്തരങ്ങള്‍ക്കപ്പുറത്തുനിന്നു പോലും കാര്‍ഷിക വിദഗ്ദ്ധരൊക്കെ എത്തുന്ന വലിയ പ്രസ്ഥാനം. പാറമടയില്‍ പൊന്നുവിളയിച്ച പോലെ അതിനുള്ള കഠിന പരിശ്രമത്തിലാണ് അജയന്‍. പകര്‍ച്ചവ്യാധികളും മാരകരോഗങ്ങളും മാറാവ്യാധികളുമില്ലാത്ത പുതുതലമുറയ്ക്കായി ജൈവകൃഷിഭൂമിയൊരുക്കി കാത്തിരിക്കുന്ന ഈ മണ്ണറിഞ്ഞ മനുഷ്യന്‍ പുതുതലമുറയ്‌ക്കൊരു പാഠപുസ്തകമാണ്.

വിഷംപുരളാത്ത ഭക്ഷണം

അജയന്റെ ക്രഷര്‍ യൂണിറ്റിലെത്തുന്നവര്‍ക്കെല്ലാം അവിടുത്തെ ക്യാന്റീനില്‍ ഭക്ഷണം സൗജന്യമാണ്. ഭക്ഷണത്തിനുള്ള വിഭവങ്ങളെല്ലാം എത്തുന്നത് ഈ കൃഷിഭൂമിയില്‍ നിന്നാണ്. കുടിക്കാനുള്ള ചായയും പാലും മോരും എല്ലാം ഇവിടുത്തെ ഫാമിലെ പശുക്കളില്‍ നിന്നും. വീട്ടിലേക്കും തന്റെ ജീവനക്കാര്‍ക്കും ആവശ്യമായ പച്ചക്കറി എടുത്ത ശേഷം ബാക്കിയുള്ളവ സമീപത്തെ ഹരിത സംഘം വഴിയാണ് അജയന്‍ വിപണനം ചെയ്യുന്നത്. എന്നാല്‍ അവിടെയെത്തുന്നവയെല്ലാം തന്നെ ജൈവപച്ചക്കറിയല്ലെന്നാണ് അജയന്‍ പറയുന്നത്.

പ്രളയം തകര്‍ത്ത സ്വപ്‌നഭൂമി

ഇക്കഴിഞ്ഞ പ്രളയം അജയനെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്. ഏക്കറുകളോളം നട്ട പടവലവും വെണ്ടയും ചീരയുമെല്ലാം പ്രളയം നശിപ്പിച്ചു. ബാക്കിയായവ വിളവെടുത്തു. അവശേഷിച്ച നെല്ലിന്റെ അവസാനഘട്ട കൊയ്ത്തിനുളള തയ്യാറെടുപ്പിലാണ് അജയന്‍. ഇക്കുറി പ്രതീക്ഷിച്ചതിന്റെ 20 ശതമാനം മാത്രമാണ് വിളവെടുക്കാനായതെന്ന് അജയന്‍ പറയുന്നു. 18 ഏക്കറില്‍ പുതിയ കൃഷി ഇറക്കുകയും അതോടൊപ്പം തന്നെ പഞ്ചായത്തിന്റെ സഹകരണത്തോടെ 50 ഏക്കറിലേക്ക് കൂടി നെല്‍ കൃഷി വ്യാപിപ്പിക്കുന്നതിനുളള പ്രയാണവും തുടങ്ങിക്കഴിഞ്ഞു.

 

 

 
� Infomagic- All Rights Reserved.