നീലഹരിതപായൽ കൃഷിക്കായി വളര്‍ത്തിയെടുക്കാം
July 15,2017 | 10:32:17 am
Share this on

ഒരു ജൈവവളമെന്ന നിലയിലാണ് നീലഹരിത പായലിനു കൃഷിയിലുള്ള സ്ഥാനം. കെട്ടിക്കിടക്കുന്ന ജലോപരിതലത്തിൽ നീല കലർന്ന പച്ചനിറത്തോടെയുള്ള ഒരു തരം പായൽ‌ പടർന്നു വളരുന്നതായി കാണാം. ഇതിന് അന്തരീക്ഷവായുവിൽ നിന്ന് നൈട്രജൻ ആഗിരണം ചെയ്ത് അമോണിയ രൂപത്തിലാക്കി മാറ്റാൻ കഴിയുമെന്നതിനാൽ കൃഷിക്ക് പ്രത്യേകിച്ച് നെൽകൃഷിയിൽ വളരെയേറെ പ്രയോജനപ്പെടും. ഇത്തരം ചെടികൾക്ക് ഒരാണ്ടിൽ ഒരു ഹെക്ടർ സ്ഥലത്ത് 25 മുതൽ 30 കി.ഗ്രാം വരെ നൈട്രജൻ ഉൽപാദിപ്പിക്കാനാകും. നീലഹരിതപായൽ കൃഷിക്കായി രണ്ടു രീതിയിൽ വളർത്തിയെടുക്കാം. ഒന്ന്, നെൽപാടത്തു തന്നെ. രണ്ട്, പ്രത്യേകം തടങ്ങൾ തയാറാക്കി അതിൽ. രണ്ടു മീറ്റർ‌ വീതം നീളവും വീതിയും 20 സെ.മീറ്റർ താഴ്ചയുമുള്ള തൊട്ടികളിലോ മണ്ണിലെടുത്ത തടങ്ങളിലോ വളർത്തുന്നതാണ് രണ്ടാമത്തെ രീതി. തടമെടുത്തത് മണ്ണിലെങ്കിൽ പോളിത്തീൻ ഷീറ്റു വിരിച്ച് വെള്ളം കെട്ടി നിർത്തണം. ഇതിൽ മേൽമണ്ണ് 10 കി.ഗ്രാം, സൂപ്പർ ഫോസ്ഫേറ്റ് 200 ഗ്രാം ചേർത്ത് നന്നായി കലക്കിയതിനുശേഷം അമ്ലക്ഷാരസൂചിക 6.5നും 7.5നും ഇടയിൽ വരത്തക്ക വിധം കുമ്മായം ചേർക്കണം. ഈ തടത്തിൽ 500 ഗ്രാം പായൽ നിരത്തുക. ഇവിടെ കീടാക്രമണം ഉണ്ടാകാതിരിക്കാൻ കാർബോഫ്യുറാൻ എന്ന കീടനാശിനി 25 ഗ്രാം തോതിൽ‌ വിതറണം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടമെങ്കിൽ രണ്ടാഴ്ച കഴിഞ്ഞാൽ പായൽ ശേഖരിച്ചു തുടങ്ങാം. വെള്ളം വാർത്തു കളഞ്ഞ് തടം ഉണക്കിയതിനു ശേഷം മണ്ണും പായലും ചേർന്ന മിശ്രിതം വാരി അതും വളമായി ഉപയോഗിക്കാം. ഇത്തരത്തിലുള്ള 10 കി.ഗ്രാം പായൽ വളം മതിയാകും ഒരു ഹെക്ടറിലേക്കുള്ള നെൽകൃഷിക്ക് .

RELATED STORIES
� Infomagic - All Rights Reserved.