വീട്ടു വളപ്പില്‍ വേണം അമ്പഴം
October 12,2017 | 10:34:17 am
Share this on

പണ്ടൊക്കെ മിക്ക വീട്ടുവളപ്പുകളിലും ഒരു അമ്പഴ മരമെങ്കിലും കാണാമായിരുന്നു. ഇന്ന് ഈ മരം അപ്രത്യക്ഷമായിവരികയാണ്. നല്ല അച്ചാറിടാന്‍ യോജിച്ച പുളിരസമടങ്ങിയ അമ്പഴങ്ങയ്ക്കാണ് പ്രചാരം. കേരളത്തിലെ മണ്ണും കാലാവസ്ഥയും അമ്പഴത്തിന് ഏറെ ഇണങ്ങുന്നതാണ്.

അമ്പഴത്തില്‍ പുളിരസമുള്ളതിനാണ് ഏറെ പ്രിയം. എന്നാല്‍, മധുരം നിറഞ്ഞ അമ്പഴവും ഇന്ന് നമ്മുടെ നാട്ടില്‍ പ്രചാരത്തിലായിവരികയാണ്. മധുര അമ്പഴം വിദേശിയാണ്. ഇവ ആഫ്രിക്കന്‍ സ്വദേശിയാണ്. മധുര അമ്പഴങ്ങള്‍ രണ്ടുതരമുണ്ട്. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള അമ്പഴങ്ങയിനങ്ങള്‍ പ്രചാരത്തിലുണ്ട്.

മധുര അമ്പഴത്തിന്‍റെ ഒട്ടുതൈകള്‍ ചില നഴ്സറിയില്‍ വില്പന ചെയ്തുവരുന്നുണ്ട്. പുളിരസമുള്ള അമ്പഴത്തിനെ 'ഹോഗ് പ്ലം' എന്നുപറയുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അമ്പഴ മരത്തിന്‍റെ ഇലകള്‍ കൊഴിഞ്ഞ് ജൂണ്‍- , ജൂലായ് മാസത്തോടെ നന്നായി തളിര്‍ക്കുന്നു. ഇവ മാര്‍ച്ച്‌- -, ഏപ്രില്‍ മാസങ്ങളില്‍ പുഷ്പിക്കാറുണ്ട്.

അമ്പഴമരത്തിന് രോഗകീടബാധ കുറവാണ്. ഇതിന്‍റെഇലകള്‍ക്ക് നല്ല പുളിരസമാണ്. അമ്പഴത്തില്‍ പുളിരസമുള്ളയിനത്തിന്‍റെ കായ്കള്‍, ഉപ്പിലിട്ടും ഉപയോഗിക്കാം. നല്ല ഔഷധഗുണവും പോഷകഗുണവും ഏറെയുള്ളതാണ് അമ്പഴം. പുളിരസമുള്ളവ ചട്ടിണി, ചമ്മന്തി എന്നിവയ്ക്കും അച്ചാറിനും നല്ലതാണ്. ഇതിന്‍റെ കായ്കള്‍, ഇലച്ചാറ്, മരത്തിന്‍റെ തൊലിച്ചാറ് എന്നിവ നല്ല മരുന്നാണ്.

അമ്പഴത്തൈ മണ്ണ്, മണല്‍, കാലിവളപ്പൊടി, ഇവ ചേര്‍ത്ത് നട്ടാല്‍ വേഗത്തില്‍ വളരും. കമ്പുമുറിച്ച്‌ നട്ടാലും അമ്പഴം പിടിച്ചുകിട്ടും. കാലിവളം, മണ്ണിരവളം, ഇവ ചേര്‍ക്കണം. മഴയില്ലാത്തപ്പോള്‍ തൈച്ചുവട്ടില്‍ നനയ്ക്കാന്‍ മറക്കരുത്. അമ്പഴയില നല്ല പച്ചിലവളവുമാണ്.

RELATED STORIES
� Infomagic - All Rights Reserved.