മട്ടുപ്പാവിലെ പോളിഹൗസ്‌കൃഷിക്ക് തേനീച്ചകളെ കൂട്ട് പിടിച്ച ഹൈടെക് ജൈവ കര്‍ഷകന്‍
March 06,2019 | 12:36:18 pm

സംസ്ഥാനത്തെ മികച്ച ഹൈടെക് കര്‍ഷകനായ അനീഷിന്റെ കൃഷി രീതികള്‍ പരിചയപ്പെടാം. കൊല്ലം അഞ്ചല്‍ സ്വദേശിയായ അനീഷ് വീട്ടില്‍ എല്ലാത്തരം കൃഷിയുമുണ്ട്. വലുതും ചെറുതുമായ മൂന്ന് പോളി ഹൗസുകളിലായി പയറും പടവലവും പാവലും വെണ്ടയും വഴുതനയും മുളകും തക്കാളിയും എല്ലാം കൃഷിചെയ്തു വരുന്നു. ഇത് കൂടാതെ ക്യാരറ്റും ക്യാബേജും ബ്രോക്കോളിയും സെലറിയും ലെറ്റൂസും പാര്‍സെലിയും പുതിനയും മല്ലിയും തുടങ്ങി ഷമാം വരെ അനീഷിന്റെ കൃഷിയിടത്തിലുണ്ട്. 

മിനി പോളിഹൗസില്‍ തക്കാളി കൃഷിയായിരുന്നു പരീക്ഷിച്ചത്. പോളിഹൗസില്‍ തക്കാളിച്ചെടിക്ക് പരാഗണം അത്രവിജയകരമല്ലെങ്കിലും അനീഷ് തേനീച്ചയുടെ സഹായത്താല്‍ അതും സാധ്യമാക്കി. അതും തികച്ചും ജൈവരീതിയില്‍ തന്നെ. മട്ടുപ്പാവിലെ പോളിഹൗസില്‍ മാത്രം നൂറിലധികം ഗ്രോബാഗുകളിലായി തുള്ളിനന കൃഷി. ചീരയും മല്ലിയും പുതിനയും പാലക്കും ലെറ്റൂസും മുളകും എല്ലാം ഇവിടെയുണ്ട്.

അഞ്ചല്‍ ബ്ലോക്ക് കൃഷിഭവന്റെ ഡെമോ പ്ലോട്ടായി തിരഞ്ഞെടുത്തത് അനീഷിന്റെ കൃഷിത്തോട്ടമാണ്. ഏറെ ശ്രദ്ധയോടെയാണ് അനീഷ് ഇവയെ പരിപാലിക്കുന്നത്. ഒരു ജലദോഷമോ പനിയോ വന്നാല്‍ പോലും ആരും പോളിഹൗസിനുള്ളില്‍ കയറില്ല. പുറത്തുനിന്നുള്ള ആരെയും അതിനുള്ളില്‍ കയറ്റില്ല. അത്ര ശ്രദ്ധിച്ചാണ് ഓരോന്നിനെയും പരിചരിക്കുന്നത്. തന്റെ കൃഷിയിടത്തില്‍ വിളയുന്ന പച്ചക്കറികള്‍ വീട്ടാവശ്യകഴിഞ്ഞ് മാത്രമേ വില്പന നടത്താറുള്ളൂ.

പതിനഞ്ച് വര്‍ഷത്തോളം ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്ത അനീഷ് ജോലി നഷ്ടമായതോടെയാണ് കൃഷിയിലേയ്ക്ക് തിരഞ്ഞത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജറായി കമ്പിനിയുടെ ഏറെ പുരസ്‌കാരങ്ങള്‍ നേടിയ അനീഷ് കൃഷിയിലും വിജയം കരസ്ഥമാക്കി പുരസ്‌കാരം നേടി. വി.എച്ച്.എസ്.ഇ. അഗ്രികള്‍ച്ചര്‍ പഠിച്ച അനീഷ് ഒടുവില്‍ കൃഷിയിലേക്ക് തന്നെ ഇറങ്ങുകയായിരുന്നു.

ഒന്നര ഏക്കര്‍ സ്ഥലമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇരുപത്തഞ്ച് സെന്റായി. അര ഏക്കര്‍ നെല്‍പ്പാടമുണ്ടെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഇതുവരെ അവിടെ കൃഷിയിറക്കാന്‍ അനീഷിന് കഴിഞ്ഞിട്ടില്ല. പക്ഷേ അക്വാപോണിക്‌സിലൂടെ നെല്‍കൃഷി ചെയ്ത് അനീഷ് വിജയം കൊയ്തു. വയലില്‍ ചേനയും ചേമ്പും മഞ്ഞളുമൊക്കെ സമൃദ്ധിയായി വളരുന്നു. വീട്ടുമുറ്റത്ത് പടുതവിരിച്ചുണ്ടാക്കിയ കുളത്തില്‍ തിലോപ്പിയയും അനാബിസും കരിമീനും കൃഷി ചെയ്യുന്നുണ്ട്. അച്ഛന്‍ നടരാജന്‍ പിള്ളയും അമ്മ വിലാസിനി അമ്മാളും ഭാര്യ അര്‍ച്ചനയും മകള്‍ മഹാലക്ഷ്മിയും അനീഷിന്റെ കൃഷിയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

 
� Infomagic - All Rights Reserved.