ദിലീപ് അനുകൂല ലേഖനം: സൗത്ത് ലൈവില്‍ പൊട്ടിത്തെറി; മാനേജ്‌മെന്റിനെതിരെ എഡിറ്റോറിയല്‍ ടീം
September 14,2017 | 03:10:43 pm
Share this on

ദിലീപ് അനുകൂല ലേഖനം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സൗത്ത് ലൈവില്‍ എഡിറ്റോറിയല്‍ ടീം ഒന്നടങ്കം മാനേജ്‌മെന്റിനും സെബാസ്റ്റിയന്‍ പോളിനുമെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചീഫ് എഡിറ്ററായ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാട് തന്നെയാണ് മാനേജ്‌മെന്റിനും എന്നറിയിച്ചതോടെയാണ് നേരത്തെ ലേഖനത്തിനെതിരെ രംഗത്ത് വന്ന എഡിറ്റോേറിയല്‍ ടീം മാനേജ്‌മെന്റിനെതിരെയും പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് എഡിറ്റോറിയല്‍ ടീം.

എഡിറ്റോറിയല്‍ വിഭാഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം...

''നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ 'സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം' ലേഖനം(സെപ്തംബര്‍ 10) സൗത്ത് ലൈവ് എന്ന മാധ്യമ സ്ഥാപനത്തിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഇന്ന് അറിയിച്ചിരിക്കുന്നു. ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റിയന്‍ പോളിന്റെ പ്രഖ്യാപനവും
സൗത്ത് ലൈവിന്റെ നിലപാടാണെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചിരിക്കുന്നു. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം ഞങ്ങള്‍ ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍
പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി ഞങ്ങള്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും യോഗത്തില്‍ എം ഡി സാജ് കുര്യനെയും സിഇഒയെയും അറിയിച്ചു.
സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്‌മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യയന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.
കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ
അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.
എന്‍ കെ ഭൂപേഷ്
സിപി സത്യരാജ്
മനീഷ് നാരായണന്‍
രഞ്ജിമ ആര്‍
നിര്‍മല്‍ സുധാകരന്‍
സികേഷ് ഗോപിനാഥ്
അജ്മല്‍ ആരാമം
ശ്യാമ സദാനന്ദന്‍
എയ്ഞ്ചല്‍ മേരി മാത്യു
ആല്‍ബിന്‍ എം യു
ശ്രിന്‍ഷ രാമകൃഷ്ണന്‍
റെയക്കാഡ് അപ്പു ജോര്‍ജ്ജ്
നിര്‍മ്മലാ ബാബു
നിസാം ചെമ്മാട്''

എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍.കെ ഭൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

''ഉണ്ടിരുന്ന പത്രാധിപര്‍ സെബാസ്റ്റ്യന്‍ പോളിന് ഉണ്ടായ ഉള്‍വിളിയായിരുന്നില്ല നടി ആക്രമിക്കപ്പെട്ട കേസില്‍ അദ്ദേഹം എഴുതിയ ലേഖനം. അത് ഇന്ന് സൗത്ത് ലൈവ് മാനേജ്‌മെന്റ് ജീവനക്കാരെ അറിയിച്ചു. സെബാസ്റ്റ്യന്‍ പോള്‍ അപ്പോള്‍ പറയുന്നത് ചെയ്യുകയെന്നതാണ് ഇവിടെയുള്ളവരുടെ കടമ എന്നാണ് മുതലാളിമാര്‍ ഞങ്ങളുടെ ജോലിയെക്കുറിച്ച് മനസ്സിലാക്കിയത്. മാധ്യമരംഗവുമായി ബന്ധമില്ലാത്ത മാനേജ്‌മെന്റ് പ്രതിനിധികള്‍ക്കും, യഥാര്‍ത്ഥത്തില്‍ ആ മേഖലയെക്കുറിച്ച് വലിയ അറിവുള്ള സെബാസ്്റ്റിയന്‍ പോളിനും ഒരു നിലപാടാണ് എന്നാതാണ് ശ്രദ്ധേയം. അദ്ദേഹത്തിന്് അസൗകര്യമുണ്ടാകുന്ന വാര്‍ത്ത ചിലപ്പോള്‍ സൗത്ത് ലൈവ് നല്‍കുന്നതില്‍ സെബാസ്റ്റിയന്‍ പോള്‍ അഴിമുഖം അഭിമുഖത്തില്‍ വേദനിക്കുന്നത് കണ്ടു. എന്നിട്ടും ആരോടും എതിരൊന്നും പറയാതെ ജോലിക്കാരെ പണി ചെയ്യാന്‍ വിട്ട അദ്ദേഹത്തിന്റെ വിശാലമനസ്ഥിതിയെക്കുറിച്ച് ആത്മാഭിമാനം കൊള്ളുകയും ചെയ്യുന്നത് കണ്ടു. ആ നിലപാടാണ് ഇന്ന് യോഗത്തില്‍ മാനേജ്്‌മെന്റ് പ്രതിനിധികളായ എം ഡി സാജ് കുര്യനും ജോഷി സിറിയക്കും സ്വീകരിച്ചത്. അതായത് അദ്ദേഹം ഏത് ക്രിമിനില്‍ പ്രവര്‍ത്തിയെ ന്യായികരിച്ചാലും, ഇരയോടൊപ്പം നില്‍ക്കുന്നവരെ അപഹസിച്ചാലും കൂടെ നിന്നുകൊള്ളണം , അല്ലെങ്കില്‍ പുറത്തുപോണം എന്നായിരുന്നു ഭീഷണി. മുഴുവന്‍ ടീം അംഗങ്ങളുടെയും അഭിപ്രായം ധിക്കരിച്ച് സെബാസ്റ്റ്യന്‍ പോളിനെ ന്യായികരിക്കാന്‍ പ്രേരിപ്പിക്കും വിധം എന്തെങ്കിലും ഗുണം മാനേജ്‌മെന്റിന്് ഉണ്ടായിക്കാണും. അല്ലാതെ ഇത്തരത്തിലുള്ള, അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും സംസ്‌ക്കാര ശൂന്യവുമായ ലേഖനത്തെ എതിര്‍ക്കുന്നവര്‍ പിരിഞ്ഞുപോകണം എന്ന് അവര്‍ പറയില്ലായിരുന്നു. എന്തായാലും അങ്ങേയറ്റം വെല്ലുവിളികള്‍ നേരിട്ടും ഈ അംസബന്ധങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ സൗത്ത് ലൈവിലെ മുഴുവന്‍ മാധ്യമ പ്രവര്‍ത്തകരോടും സ്‌നേഹം. ഇത്രയും ആര്‍ജ്ജവവും ,രാഷ്ട്രീയ ബോധവും ഉള്ളവരോടൊപ്പം ജോലി ചെയ്യാന്‍ കഴിഞ്ഞുവെന്നതിനെയാണ് ഞാന്‍ ഏറ്റവും വിലമതിക്കുന്നത്. എല്ലാം വിലക്കുവാങ്ങാന്‍ കഴിയില്ലെന്ന,്് ഇടതുപക്ഷക്കാരനായി ഇപ്പോഴും സ്വയം വിശേഷിപ്പിക്കുന്ന സെബാസ്റ്റ്യന്‍ പോളിനെയും അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് സഹപ്രവര്‍ത്തകരെയും അറിയിക്കാന്‍ എന്‍െ സഹപ്രവര്‍ത്തകരുടെ ആര്‍ജ്ജവമുള്ള നിലപാട് മൂലം കഴിഞ്ഞു. പക്ഷെ അവര്‍ക്ക് അത് ബോധ്യമാവില്ല. കാരണം അവരെ നയിക്കുന്നത് നീതിബോധമല്ല എന്നതു തന്നെ.''

 

 

RELATED STORIES
� Infomagic - All Rights Reserved.