അതിരപ്പിള്ളി: സി.പി.ഐ-സി.പി.എം കൊമ്പു കോര്‍ക്കല്‍ തുടങ്ങി...
August 10,2017 | 02:18:50 pm

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചെന്ന വൈദ്യുതിമന്ത്രി എം.എം മണിയുടെ പ്രഖ്യാപനത്തില്‍ രൂക്ഷ പ്രതികരണവുമായി കാനം രാജേന്ദ്രനും എ.ഐ.വൈ.എഫും രംഗത്തെത്തിയതോടെ മൂന്നാര്‍ വിഷയം പോലെ തന്നെ മറ്റൊരു കൊമ്പുകോര്‍ക്കല്‍ ആരംഭിച്ചു കഴിഞ്ഞു. പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി മന്ത്രി പ്രവര്‍ത്തിക്കുകയാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആര്‍.സജിലാല്‍ മാതൃഭൂമി.കോമിനോട് പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ആരുടെയൊക്കെയോ താല്‍പര്യം സംരക്ഷിക്കാന്‍ ഗൂഢലക്ഷ്യത്തോടെയാണ് മന്ത്രിയുടെ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകൃതിസൗഹാര്‍ദ്ദ നിലപാടുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതില്‍ നിന്ന് വ്യത്യസ്തമായും ഏകപക്ഷീയമായും തീരുമാനം പ്രഖ്യാപിക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിന് ആരാണ് മന്ത്രിയെ ചുമതലപ്പെടുത്തിയതെന്ന് വ്യക്തമാക്കണമെന്നും സജിലാല്‍ പറഞ്ഞു.

പദ്ധതിയ്‌ക്കെതിരെ പ്രദേശത്തുള്‍പ്പെടെ പ്രതിഷേധം നടക്കുമ്പോള്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ തീരുമാനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. എ.ഐ.വൈ.എഫ് ഇതുമായി ബന്ധപ്പെട്ട സമരം തുടരുമെന്നും എന്തുവില കൊടുത്തും പദ്ധതി നടപ്പാക്കാതിരിക്കാനുള്ള നിലപാടുമായി മുന്നോട്ടുപോകുമെന്നും സജിലാല്‍ പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയേക്കുറിച്ചുള്ള സര്‍ക്കാര്‍ വാദങ്ങള്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതികരിച്ചിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി എടുക്കേണ്ടതില്ല. ട്രാന്‍സ്‌ഫോര്‍മറും വൈദ്യുതി ലൈനും വലിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനമാകില്ല കാനം പറഞ്ഞു. അതിരപ്പിള്ളിയേക്കുറിച്ചുള്ള വാദങ്ങള്‍ താന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ പുതിയ വാദങ്ങളില്‍ കഴമ്പില്ല. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു കാര്യമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ച് കാനം പറഞ്ഞു.

പാരിസ്ഥിതിക അനുമതി അവസാനിക്കുന്ന ജൂലൈ 18 ന് മുമ്പ് കെ.എസ്.ഇ.ബി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതു സംബന്ധിച്ച് മന്ത്രി എം എം മണിയും ബുധനാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. പ്രതിപക്ഷം അതിരപ്പിള്ളി വിഷയത്തില്‍ ഉയര്‍ത്തുന്ന പ്രതികരണങ്ങള്‍ക്കുമപ്പുറം സി.പി.എമ്മിന് തലവേദനയാവുക പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന സി.പി.ഐയുടെ നിലപാടാകുമെന്നുറപ്പ്. അതിരപ്പിള്ളി ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കാകും വരും ദിവസം രാഷ്ട്രീയകേരളം കാതോര്‍ക്കുക.

RELATED STORIES
� Infomagic - All Rights Reserved.