ശശിയായി ശ്രീനിവാസന്‍; വേറിട്ട പ്രമേയത്തില്‍ അയാള്‍ ശശിയുമായി സജിന്‍ ബാബു
April 18,2017 | 10:46:33 am
Share this on

സജിന്‍ ബാബു സംവിധാനം ചെയ്തു ശ്രീനിവാസന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അയാള്‍ ശശി. ചിത്രത്തില്‍ ശശി നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.അനന്തപുരിയില്‍ താമസിക്കുന്ന ശശി സവര്‍ണനാണ്. സൗഹൃദത്തെ വല്ലാതെ ഇഷ്ടപ്പെടുന്ന ശശി ഒരു മികച്ച ചിത്രകാരനാണ്.

പ്രശസ്തനാകാനുള്ള സൂത്രപ്പണികള്‍ അറിയാവുന്ന ശശി അതുപയോഗിച്ച് രക്ഷപ്പെടാന്‍ നാടുവിടുന്നതും പിന്നീട് ദുര്‍ഘടമായ സംഭവങ്ങളിലൂടെ കടന്ന് പോവുകയും പിന്നീട് തിരിച്ചറിവുണ്ടായി വീണ്ടും നാട്ടിലേക്കെത്തുന്നതുമാണ് കഥയുടെ ചുരുക്കം. കൊച്ചു പ്രേമന്‍, അനില്‍ നെടുമങ്ങാട്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പി സുകുമാര്‍, സുധീഷ് പിള്ള എന്നിവരാണ് നിര്‍മ്മാതാക്കള്‍. ഐഎഫ്എഫ്‌കെയില്‍ രജത ചകോരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ
അസ്തമം വരെ എന്ന ചിത്രത്തിന്റെ സംവിധായകനാണ് സജിന്‍ ബാബു.

എന്താണ് അയാള്‍ ശശി,

നഗരജീവിതത്തിന്റെ അരികിലേക്കു തള്ളിമാറ്റപ്പെടുന്ന ആളുകള്‍ പ്രതികരിക്കുന്ന രീതികളുണ്ട്. മലയാള സിനിമയില്‍ അതിനു സ്ഥിരം വാര്‍പ്പുകളുമുണ്ട്. എന്നാല്‍ നഗരത്തോട് അതിന്റെ തന്നെ ഗെയിം കളിക്കുന്ന ഒരാളെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കാണിക്കുകയാണ് അയാള്‍ ശശി എന്ന ചിത്രത്തിലൂടെ സജിന്‍ ബാബു.

ശശി ഒരു ആര്‍ട്ടിസ്റ്റായാണ് നമ്മുടെ മുന്നില്‍ വരുന്നത്. എന്നാല്‍ ആ ഒരു ഇമേജ് പോലും അയാള്‍ ഒരു ടൂള്‍ പോലെയാണ് ഉപയോഗിക്കുന്നത്; സാംസ്‌കാരിക കൂട്ടായ്മകളില്‍ പങ്കെടുക്കാനും, സമരപ്പന്തലുകളിലും, പ്രഭാഷണ വേദികളിലും മറ്റും കയറിച്ചെല്ലാനുമുള്ള ഒന്നായി. എന്നാല്‍ വെറുതെ തന്റെ സാന്നിധ്യം അറിയിക്കുക എന്നതല്ല അയാള്‍ ചെയ്യുന്നത്, ശ്രദ്ധ പിടിച്ചു പറ്റുകയുമാണ്. അതിനുള്ള കുറുക്കുവഴികള്‍ എല്ലാം അറിയുന്ന ഒരാളായി അയാള്‍ ആദ്യരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഇതേ കൂട്ടങ്ങള്‍ക്ക് അയാള്‍ തന്റെ തട്ടിക്കൂട്ട് പെയിന്റിങ്ങുകള്‍ വില്‍ക്കുന്നു. ഇതേ ആളുകള്‍ക്കായി അയാള്‍ പാര്‍ട്ടികള്‍ നടത്തുന്നു. അത്തരം പാര്‍ട്ടികളിലൊന്നില്‍ അയാള്‍ക്ക് പഴയ ഒരു തര്‍ക്കത്തിന്റെ തുടര്‍ച്ചയായി മര്‍ദ്ദനമേല്‍ക്കേണ്ടിവരുന്നു.

ചികിത്സക്കിടയില്‍ അയാള്‍ക്ക് ഗുരുതരമായ ഒരു രോഗമുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. അവിടെ നിന്ന് അയാള്‍ നഗരജീവിതം അവസാനിപ്പിച്ച് തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണ്. എന്നാല്‍ തന്റെ ജീവിതം മൊത്തവും, മരണം പോലും ഒരു സ്‌പെക്ടക്കിള്‍ ആവണം എന്ന് തീരുമാനമെടുത്തിരിക്കുന്ന ഒരാളാണ് ശശി. അയാള്‍ തന്റെ മുന്നിലുള്ള പ്രതിബന്ധങ്ങളുമായി തായം കളിക്കാനും അവയെയൊക്കെ മാനിപ്പുലേറ്റ് ചെയ്യാനും മനസ്സാന്നിധ്യമുള്ള ഒരു അസാധാരണ കഥാപാത്രമാണ്.

തലസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് സജിന്‍ തന്റെ പ്രമേയത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാകട്ടെ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളുമാണ്. സിനിമയുടെ പേരില്‍ത്തന്നെ കാലികമായ കേരളത്തിന്റെ ചില സൂചനകളുണ്ട്. മലയാളിയുടെ മനസില്‍ നിന്ന് ഇനിയും പടിയിറങ്ങിപ്പോയിട്ടില്ലാത്ത വര്‍ഗചിന്തകളുടെ വിഷവിത്തുക്കളെ സംവിധായകന്‍ തൊലിപൊളിച്ചു വിമര്‍ശനത്തിനു വയ്ക്കുന്നു. കൈയൊതുക്കത്തോടെ ഒരു പ്രമേയം അതിന്റെ രാഷ്ട്രീയഗൗരവം ലേശവും ചോര്‍ന്നുപോകാതെ ആവിഷ്‌കരിക്കുന്നുവെന്നതാണ് അയാള്‍ ശശിയുടെ നേട്ടം. 

RELATED STORIES
� Infomagic - All Rights Reserved.