ബാങ്ക് മേധാവികളെ, നിങ്ങളെക്കാൾ ഭേദം വീരപ്പൻ
May 11,2017 | 11:42:15 am
Share this on

കൊച്ചി: ജൂൺ ഒന്ന് മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടുള്ളവരുടെ കീശ കീറാൻ പോവുകയാണ്. മറ്റു ബാങ്കുകളിൽ അക്കൗണ്ടുള്ളവർ അത്ര ആഹ്ലാദിക്കേണ്ടതില്ല. കാരണം,  സ്റ്റേറ്റ് ബാങ്കിനകമെങ്കിൽ മറ്റു ബാങ്കുകളും വരുമാനം ഉയർത്താൻ ജനങ്ങളെ പിഴിയുമെന്നുറപ്പാണ്. എ. ടി. എം കാർഡ് ഇട്ടിട്ട് ക്യാഷ് ഇല്ലെന്നു ആണ് അറിയിപ്പ് വരുന്നതെങ്കിലും പോകും 25 രൂപ. ഇത്തരത്തിൽ പല വിധത്തിൽ ഉപഭോക്താക്കളുടെ പണം പോകുന്ന സാഹചര്യം വന്നു ചേരുകയാണ്.    പഴയ നോട്ടുകൾ മാറിയെടുക്കുന്നതിനും ഇനി പണം നൽകേണ്ട അവസ്ഥ വരികയാണ്. ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കാൻ പോവുകയാണ്. കാരണം മുഴിഞ്ഞതും പഴയതുമായ നോട്ടുകൾ വ്യപാരികൾ സ്വീകരിക്കാത്ത അവസ്ഥ വരും. വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും  ഇത് വലിയ പ്രശ്നമാകും. ദൗർഭാഗ്യവശാൽ സർക്കാർ ഇതിനൊക്കെ ഒത്താശ ചെയ്യുന്നതു പോലെ മൗനം ദീക്ഷിക്കുകയും ചെയ്യുന്നു.

വൻ തോതിലുള്ള കിട്ടാക്കടം കൊണ്ട് പ്രതിസന്ധി നേരിടുന്ന ബാങ്കുകൾ ജനങ്ങളെ എങ്ങനൊയൊക്കെ പിഴിയാമോ എന്ന ഗവേഷണത്തിലാണ്. അതിന്റെ ഏറ്റവും പുതിയ ഫലമാണ് എസ് .ബി. ഐയുടെ ഭാഗത്തു നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാട്ടുകള്ളൻ  വീരപ്പൻ ഈ ബാങ്കുകളുടെ തലപ്പത്തുള്ളവരേക്കാൾ എത്രയോ ഭേദം എന്ന് തോന്നിപ്പിക്കും വിധമാണ് ബാങ്കുകളുടെ നടപടികൾ.

ബാങ്കുകൾ വരുമാനം വർധിപ്പിക്കാൻ കണ്ടെത്തിയ  പുതു  വഴിയാണ് 'അദർ ഇൻകം' എന്ന അക്കൗണ്ടിംഗ് ഹെഡ് . വിവിധ ആവശ്യങ്ങൾക്കുള്ള ഫീ, പിഴകൾ തുടങ്ങിയവ ഗണ്യമായി ഉയർത്തി വരുമാനം  ഉയർത്തുക. ഇതിന്റെ ഭാഗമായാണ് മിനിമം ബാലൻസില്ലാത്തതിന് പിഴ  ഉൾപ്പടെയുള്ള കാര്യങ്ങൾ  ഏർപെടുത്തുന്നതും മറ്റു ഫീസുകളുടെ നിരക്കുകൾ  ഉയർത്തുന്നതും. ഒരു വാട്സ് ആപ് തമാശ  പോലെ, നാളെ ഒരു പക്ഷെ, മഴയത്തു ഏതെങ്കിലും ബാങ്കിന്റെ വരാന്തയിൽ കയറി നിന്നാലും 100 രൂപ അകൗണ്ടിൽ നിന്ന് കട്ട് ആയേക്കാം.. മൂല്യം കുറഞ്ഞ നോട് കെട്ടുകൾ കൊണ്ട് വന്നാൽ കെട്ടൊന്നിനു 20 രൂപ  വച്ചു  കൈകാര്യ ചെലവ് വസൂലാക്കാൻ  തീരുമാനിച്ചിട്ടുണ്ട്. ഈ രീതിയിൽ പരമ്പരാഗത ബാങ്കിങ് ബിസിനെസ്സിൽ നിന്ന് മാറി മറ്റു വരുമാന മാര്ഗങ്ങള് എങ്ങനെ ഉയർത്താമെന്ന ഗവേഷണത്തിലാണ് ബാങ്കുകൾ. മുൻപ് ന്യൂ ജൻ ബാങ്കുകളാണ് ഇതിനു മുന്നിട്ടു നിന്നിരുന്നതെങ്കിൽ ഇന്ന് പൊതു മേഖല ബാങ്കുകളും ഒട്ടും മോശക്കാരല്ല. വമ്പൻ വായ്പകളിലെ കുടിശിക മൂലമുള്ള പ്രതിസന്ധി ഇത്തരത്തിൽ ഒരു പരിധി വരെ മറി കടക്കാനാണ് ബാങ്കുകൾ നോക്കുന്നത്.

അദർ ഇങ്കത്തിലൂടെ വൻ നേട്ടം

 

2015 സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസക്കാലയളവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേടിയ ലാഭം 3879 കോടി രൂപയാണ്. വർധന 25  ശതമാനം. എന്നാൽ അദർ ഇൻകം വീഭാഗത്തിൽ നേടിയ വരുമാനം 6197  കോടി രൂപ.  ഇക്കാര്യത്തിൽ ഉണ്ടായ വളർച്ച 35 .5 ശതമാനം. 2016 ൽ യെസ് ബാങ്കിന്റെ അദർ ഇൻകം 65 ശതമാനം വളർച്ച നേടിയപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക് 28 ശതമാനം വർധന ഈ ഇനത്തിൽ നേടി. മിക്ക സ്വകാര്യ ബാങ്കുകളും കോടികൾ തന്നെ ഈ രീതിയിൽ നേടിയതായി കാണാം. 2016 -17 ലെ മൂന്നാം പാദത്തിൽ മാത്രം ലക്ഷ്മി വിലാസ് ബാങ്കിന്റെ അദർ ഇൻകം ഉയർന്നത് 116 ശതമാനമാണ്. 2015 -16 സാമ്പത്തിക വർഷത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി. ഐ.സി ഐ ബാങ്ക് എന്നിവ പലിശ വരുമാനത്തിലെ വളർച്ചയേക്കാൾ  കൂടുതൽ വളർച്ച മറ്റു വരുമാന മാര്ഗങ്ങളിലൂടെ നേടി എന്ന് പറയുമ്പോൾ ബാങ്കുകൾക്ക് ഇക്കാര്യത്തിലുള്ള താല്പര്യം വ്യക്തമാകും. ഐസിഐസിഐ ബാങ്കിന്റെ മറ്റു വരുമാനം 2015 -16 ൽ വളർന്നത് 26 .67 ശതമാനമാണ്. എന്നാൽ പലിശ വരുമാനം കൂടിയത് 9 .29 ശതമാനവും. 2014 -15 ൽ 12,176 കോടി രൂപ ഈ രീതിയിൽ പെട്ടിയിൽ എത്തിച്ചപ്പോൾ 2015 -16  ബാങ്ക് നേടിയത് 15,329 കോടി രൂപ. എസ് . ബി. ഐ 2015 -16  ൽ 22,275 കോടിയാണ് അദർ ഇൻകം വഴി നേടിയത്. വർധന 24 .73 ശതമാനം. എന്നാൽ കോർ ബിസിനസ് എന്ന് വിളിക്കുന്ന വായ്പ പലിശയിൽ നേടിയ വളർച്ച കേവലം 2 .97 ശതമാനം. അദർ ഇന്കത്തിൽ 18 .59 ശതമാനം വർധന നേടിയ എച് ഡി. എഫ്. സി ബാങ്ക് നേടിയത് 10751 .72 കോടിയും. ഇതുപോലെ മിക്ക ബാങ്കുകളും മികച്ച വരുമാനമാണ് ഈ വഴിക്കു നേടുന്നത്. പുതിയ മാർഗങ്ങൾ  മോശമല്ല എന്ന കണ്ടെത്തൽ ബലപ്പെട്ടതോടെ തൊട്ടതിനും പിടിച്ചതിനും ഫീസ് ഈടാക്കാനും നിലവിലുള്ളതിന്റെ  നിരക്ക് വര്ധിപ്പിക്കകനുമാണ് നീക്കം. ഇതിന്റെ ഭാഗമാണ് എസ് . ബി. ഐയുടെ നടപടി. സ്വാഭാവികമായും മാർക്കറ്റ് ലീഡറെ മറ്റു ബാങ്കുകളും പിന്തുടരും. സർക്കാർ ചില കണ്ണുരുട്ടൽ കാണിക്കുമെങ്കിലും അതൊന്നും ബാങ്കുകൾ വക വക്കില്ല. സർക്കാർ ഇതിനൊക്കെ മൗന സമ്മതം നൽകുകയാണ് ചെയ്യുന്നത്.

RELATED STORIES
� Infomagic - All Rights Reserved.