നഗരങ്ങളിൽ ബാങ്കുകൾക്ക് യഥേഷ്ടം ശാഖ തുറക്കാം
May 19,2017 | 04:33:30 pm
Share this on

കൊച്ചി: ഒന്ന് മുതൽ ആറ് വരെയുള്ള കാറ്റഗറികളിൽ വരുന്ന നഗരങ്ങളിൽ ശാഖകൾ തുറക്കാൻ ബാങ്കുകൾക്ക് ഇനി മുതൽ റിസേർവ് ബാങ്കിന്റെ പ്രത്യേക അനുവാദം വാങ്ങേണ്ടതില്ല. ആവശ്യമെന്നു കണ്ടാൽ ഈ നഗരങ്ങളിൽ ശാഖകൾ തുറക്കുന്ന കാര്യം ബാങ്കുകൾക്ക് തന്നെ തീരുമാനിക്കാം. ബ്രാഞ്ചുകൾ തുറക്കുന്നതിനു റിസേർവ് ബാങ്ക് ഇന്നലെ പുറപ്പെടുവിച്ച പുതിയ മാർഗ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ഓരോ ശാഖ തുറക്കുന്നതിനും പ്രത്യേകം ലൈസൻസ് എടുക്കേണ്ടിയിരുന്നു. ഈ നയത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തിൽ പുതിയതായി തുറക്കുന്ന മൊത്തം ശാഖകളിൽ 25 ശതമാനം ഗ്രാമീണ മേഖലയിലായിരിക്കണമെന്ന നിബന്ധന വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ബാങ്കിങ് സൗകര്യം ഇല്ലാത്ത പ്രദേശങ്ങൾക്ക് മുൻഗണന നൽകണം. ഇത്തരം ശാഖകൾ ദിവസം കുറഞ്ഞത് നാലു മണിക്കൂർ ഉപഭോക്താക്കൾക്ക് സേവനം നൽകണം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തുറന്നു പ്രവർത്തിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ ശാഖകൾ തുറക്കുന്ന കാര്യത്തിൽ ബാങ്കുകളുടെ ഡയറക്ടർ ബോർഡിന് കൂടുതൽ ഉത്തരവാദിത്വമുണ്ടായിരിക്കും.

 

RELATED STORIES
� Infomagic - All Rights Reserved.