മുളയില്‍ നിന്ന് ആദായം നേടാം
September 13,2017 | 11:13:07 am
Share this on

പുല്‍വര്‍ഗത്തില്‍പ്പെട്ട ഏറ്റവും വലിയ സസ്യയിനമാണ് മുള. വളരെപ്പെട്ടെന്ന് വളരുന്നതും നല്ലകാതലുമുള്ളതായ ആനപ്പുല്ല്. പണ്ടുകാലത്ത് കേരളത്തിലെ കാര്‍ഷിക വൃത്തിയില്‍ മുളകള്‍ കൊണ്ടുള്ള ഉപകരണങ്ങളായിരുന്നു മുഴുവന്‍. കൊട്ട, വട്ടികള്‍, പലതരം മുറങ്ങള്‍ തുടങ്ങിയവയും. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഇതുകൊണ്ടുണ്ടാക്കുമായിരുന്നു. തെങ്ങോലയും പനയോലയും പുല്ലും കൊണ്ട് കെട്ടിമേഞ്ഞിരുന്ന പുരകളുടെ പ്രധാന നിര്‍മാണവസ്തു മുളയായിരുന്നു. ധാരാളം മുള്ളുകള്‍ ഉള്ളതുകൊണ്ടും ഒന്നോ രണ്ടോ കാലവര്‍ഷത്തെ അതിജീവിക്കുമെന്നതുകൊണ്ടും പറമ്പുകളുടെ അതിരുകളില്‍ വേലി കെട്ടുന്നതിന്ന് ഇതിന്‍റെ ചില്ലകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ പിന്നീട് മുളയെ നാം പറമ്പുകളില്‍നിന്ന് അവഗണിച്ചു. എന്നാലിന്ന് മുളയുടെ കൃഷി കര്‍ഷകന് നന്നായി ആദായംനേടിത്തരുന്ന ഒന്നായി മാറിയിട്ടുണ്ട്.

കേരളത്തിലെ പല കര്‍ഷകരും ഒട്ടേറെ സ്ഥലങ്ങളില്‍ മുളയുടെ കൃഷി വ്യാപകമാക്കിയിട്ടുണ്ട്. മുളയുടെ ശാസ്ത്രീയമായ സംസ്കരണവും ഉത്പന്ന വൈവിധ്യവത്കരണവുമാണ് നല്ല ആദായം ലഭ്യമാക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നത്. കരകൗശലവസ്തുക്കളായും പ്രകൃതിസൗഹൃദ ഉപകരണങ്ങളായും വിഷലിപ്തമല്ലാത്ത, ശരീരത്തിന് പ്രതിരോധശേഷി ഏറെ പ്രദാനം ചെയ്യുന്ന പാചകോപകരണങ്ങളായും മുള പതുക്കെ നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്നു.

മുളയെന്നത് ഒരു ഏക പുഷ്പിയാണ്. ഇതില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലത് ആയുസ്സില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. മുളയുടെ അരിക്ക് സൂചിഗോതമ്പിന്‍റെ മണിയോടാണ് സാമ്യം. പൂക്കുന്നതിനും രണ്ടുവര്‍ഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയും പുതിയ മുളകള്‍ നാമ്പിടാതിരിക്കുകയും ചെയ്യും.

മുളയുടെ ജനുസ്സുകളെ പ്രധാനമായി മൂന്നായിത്തിരിച്ചിരിക്കുന്നു. ബാംബൂസ, ഡെന്‍ഡ്രോകലാമസ്, ത്രൈസോസ്റ്റാക്കസ് എന്നിവയാണ് അവ.

ഡെന്‍ഡ്രോകലാമസ് ഇനത്തില്‍ ആസ്പര്‍, സിക്കിമെന്‍സിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ബ്രാന്‍ചിസ്സി, ഹെര്‍മിറ്റോണി, ബോഗര്‍, ഗാന്‍ഡിസ്, മൈനര്‍ എന്നിവയാണ് പ്രധാനയിനങ്ങള്‍. ബാംബൂസാ ജനുസില്‍ വാമിന്‍, ബാംബൂസ്, വള്‍ഗാരിസ്, തുള്‍ഡ, അര്‍നേമിക്ക, ബാല്‍ക്കൂ, ബ്ലുമീന, ചുങ്കി എന്നിവയാണ് പ്രധാനന്‍മാര്‍.

ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തുവിടാന്‍ ശേഷിയുള്ള സസ്യമാണ് മുളയെന്നതിനാല്‍ ഇപ്പോള്‍ പരിസ്ഥിതി സ്നേഹികളുടെയും കണ്ണിലുണ്ണിയായിരിക്കുന്നു മുള. മണ്ണൊലിപ്പ് തടയാനും ജലസംരക്ഷണത്തിനും മുള വളര്‍ത്തല്‍ അത്യന്താപേക്ഷിതമാണ്. 

കൃഷിചെയ്യാം

നടീല്‍ കഴിഞ്ഞ് നാലാം വര്‍ഷം മുതല്‍ തുടര്‍ച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. മറ്റ് തേക്ക്, യൂക്കാലി, മാഞ്ചിയം, മഹാഗണിയെന്ന വൃക്ഷകൃഷികളിലേതുപോലെ ആദായം ലഭിക്കാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടെന്നതു മാത്രമല്ല ഇതിന്‍റെ മെച്ചം. ഓരോ വര്‍ഷവും തുടര്‍ച്ചയായി വിളവെടുക്കാമെന്നതുമാണ്.

ഏതുതരം കാലാവസ്ഥയിലും നന്നായി വളരുന്നതാണ് മുള. ഇതാണ് വാണിജ്യാടിസ്ഥാനത്തില്‍ മുള കൃഷിചെയ്യാവുന്നതിന്‍റെ ഏറ്റവും വലിയ മെച്ചം. വളരെ വേഗത്തില്‍ വളരുമെന്നതും കാര്യമായ പരിപാലനങ്ങളൊന്നും വേണ്ടെന്നതും കൃഷിയെ സ്വീകാര്യമാക്കുന്നു. ആദ്യപടി മുളനടാന്‍ ഭൂമി തിരഞ്ഞെടുക്കുകയെന്നതാണ്. ഭൂമിക്ക് നല്ല ചരിവുണ്ടാകരുത്, മാത്രമല്ല ശക്തമായ കാറ്റടിക്കുന്ന സഥലങ്ങള്‍ തിരഞ്ഞെടുക്കരുത്. തൈകള്‍ നടുന്നിടത്ത് വെള്ളം കെട്ടിനില്‍ക്കരുത്, എന്നാല്‍ വല്ലാതെ വരണ്ട സഥലവും ആകരുത്. നീര്‍വാര്‍ച്ച ഉറപ്പാക്കിയിരിക്കണം എന്നിങ്ങനെയുള്ള ഭൂമിയാണ് മുളകൃഷിക്ക് നല്ലത്.

തൈകള്‍ നടല്‍

മുളപ്പിച്ച തൈകള്‍ ഏജന്‍സിയില്‍ നിന്ന് ലഭ്യമാക്കുകയാണ് മുളക്കൃഷിയുടെ അടുത്തപടി. ഒട്ടേറെ നഴ്സറികളും സര്‍ക്കാര്‍ ഏജന്‍സികളും മുളപ്പിച്ച്‌ തയ്യാറാക്കിയ മുളത്തൈകള്‍ നല്‍കിവരുന്നുണ്ട്. ലഭ്യമാകുന്ന തൈകള്‍ കിളച്ചൊരുക്കിയ സഥലത്ത് നടുമ്പോള്‍ ശ്രദ്ധിക്കണം. രണ്ടു ചെടികള്‍ തമ്മിലും രണ്ടു നിരകള്‍ തമ്മിലും കുറഞ്ഞത് അഞ്ച് മീറ്ററെങ്കിലും അകലം അത്യാവശ്യമാണ്. അതായത് ഒരു ഹെക്ടറില്‍ 400 ചുവട് മുളയെങ്കിലും വരും. ഒരേക്കറില്‍ കുറഞ്ഞത് 160 ചുവടെങ്കിലും. മുളയുടെ വളര്‍ച്ചാരീതിപ്രകാരം ആദ്യ രണ്ടു മൂന്നു വര്‍ഷം ഒരു കുറ്റിച്ചെടിയുടെ രൂപത്തിലാണ് വളരുക. മണ്ണിനടിയിലെ കിഴങ്ങിന് ബലംകൂട്ടാനും അടിത്തണ്ട് നന്നായിവളരാനുമുള്ള കാലമാണിത്. മൂന്നാം വര്‍ഷത്തെ മഴയ്ക്കുശേഷം കുറഞ്ഞത് പത്തു നാമ്പുകള്‍ വരെയുണ്ടായി അവ ദ്രുതഗതിയില്‍ വളരും. പിന്നീട് വെറും മൂന്നോ നാലോ മാസങ്ങള്‍കൊണ്ട് അവ പരമാവധി ഉയരത്തിലെത്തുകയും പിന്നീട് ഒരു വര്‍ഷത്തിനുള്ളില്‍ മൂപ്പെത്തി വിളവെടുക്കുകയും ചെയ്യാം.

നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളില്‍ ഒരു ഹെക്ടറില്‍ നിന്ന് 35 -40 ടണ്‍ വരെ മുള ഒരു വര്‍ഷം ലഭിക്കും. ഒരു മുളങ്കൂട്ടത്തില്‍നിന്ന് നല്ല വണ്ണമുള്ള 6-8 മുളകള്‍ ഒരു വര്‍ഷത്തില്‍ ലഭിക്കുമ്പോഴുള്ള കണക്കാണിത്.

കരകൗശല വസ്തുക്കള്‍ക്ക് പുറമേ, മുളകൊണ്ടുള്ള തറയോട്, കൈയിലുകള്‍ , തവകള്‍,  പാത്രങ്ങള്‍, ടൂത്ത്പിക്കുകള്‍, കര്‍ട്ടനുകള്‍, പെന്‍സ്റ്റാന്‍ഡുകള്‍, അലങ്കാരസാധനങ്ങള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍ എന്നിങ്ങനെ ഒട്ടേറെ സാധനങ്ങള്‍ നാം ഉണ്ടാക്കിവരുന്നുണ്ട്.

 

RELATED STORIES
� Infomagic - All Rights Reserved.