സിനിമാക്കഥകളെ വെല്ലുന്ന ബാങ്ക് മോഷണം,നഷ്‌ടമായത് ഒന്നരകോടിയിലധികം
November 14,2017 | 05:00:48 pm
Share this on

മുംബൈ: സിനമാക്കഥകളെ വെല്ലുന്ന രീതിയിൽ നടന്ന ബാങ്ക് മോഷണത്തിൽ അമ്പരന്നിരിക്കുകയാണ് മുംബയ് പൊലീസ്. 40 അടിയോളം നീളമുള്ള തുരങ്കം നിർമ്മിച്ച് മുപ്പതോളം ലോക്കറുകൾ തകർത്താണ് മോഷണം നടത്തിയത്. സ്വർണവും പണവുമടക്കം ഒന്നരക്കോടിയോളം രൂപ മോഷ്‌ടിക്കപ്പെട്ടെന്നാണ് ബാങ്ക് അധികൃതരുടെ കണക്ക്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-

ബാങ്ക് സ്ഥിതി ചെയ്യുന്ന 'ഭക്തി റെസിഡൻസ്' എന്ന കെട്ടിടത്തിൽത്തന്നെ മറ്റൊരു മുറി വാടകയ്‌ക്കെടുത്താണ് മോഷ്‌ടാക്കൾ പദ്ധതി ആസൂത്രണം ചെയ്‌തത്. ഈ കെട്ടിടത്തിലെ ഏഴാം നമ്പർ മുറി എടുത്ത മോഷ്‌ടാക്കൾ അവിടെ ബാലാജി ജനറൽ സ്റ്റോഴ്‌സ് എന്ന പേരിൽ കടയും നടത്തിയിരുന്നു. ഈ മുറിയിൽനിന്ന് അഞ്ചടി താ‌ഴ്‌ചയിൽ കുഴിയെടുത്തശേഷം തൊട്ടടുത്തുള്ള രണ്ടു കടമുറികളുടെ അടിയിലൂടെ വീണ്ടും 30 അടി നീളത്തിൽ തുരങ്കം തീർത്തു. ബാങ്കിന്റെ ലോക്കർ റൂമിന് താഴെവച്ച് അഞ്ചടി ഉയരത്തിൽ തുരങ്കം പൂർത്തിയാക്കിയാണ് മോഷ്‌ടാക്കൾ പദ്ധതി
യാഥാർഥ്യമാക്കിയത്. ഇതിന് രണ്ടു മാസത്തോളം എടുത്തത്രേ.

അതീവ ശ്രദ്ധയോടെ തുരങ്കം നിർമിച്ച് മണ്ണും അവശിഷ്ടങ്ങളും രാത്രിയിൽ പുറത്തുകൊണ്ടുപോയി കളയുകയായിരുന്നുവെന്ന് കരുതുന്നു. കെട്ടിടത്തിൽ വാടകയ്‌ക്കെടുത്ത നാലു മുറികളിലാണ് ബാങ്കിന്റെ പ്രവർത്തനം. മോഷ്ടാക്കൾ വാടകയ്‌ക്കെടുത്ത ബാലാജി ജനറൽ സ്റ്റോഴ്‌സിനോടു ചേർന്ന്, ഒരു സ്വകാര്യ സുരക്ഷാ ഏജൻസിയുടെയും ഓഫിസുണ്ട്. തൊട്ടടുത്തു തന്നെ കടകൾ ഉണ്ടായിരുന്നിട്ടും തുരങ്കനിർമാണം ആരുടെയും ശ്രദ്ധയിൽപ്പെടാതിരുന്നതാണ് പൊലീസിനെ കുഴക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെ മോഷ്ടാക്കൾ ലോക്കർ റൂമിനു സമീപമെത്തിയിരുന്നെന്നാണ് പൊലീസ് കരുതുന്നത്. ശനി, ഞായർ ദിവസങ്ങളിലായി ഗ്യാസ് കട്ടറുകളും മറ്റും ഉപയോഗിച്ച് ലോക്കറുകൾ തകർത്തുവെന്നും പൊലീസ് കരുതുന്നു.

ജെനാ ബച്ചൻ പ്രസാദ് എന്നയാൾ ആറു മാസം മുമ്പാണ് ഈ കടമുറി വാടകയ്‌ക്കെടുത്തത്.
ഏതാനും മാസം കട നടത്തിയ ഇയാൾ, രണ്ടുപേരെ കട ഏൽപ്പിച്ചതായി ഉടമയെ അറിയിച്ച്
സെപ്‌തംബറിൽ നാട്ടിലേക്കു മടങ്ങിയിരുന്നു. വാടകയ്‌ക്കെടുത്ത അന്നു മുതൽ അക്രമികൾ മോഷണപദ്ധതി തുടങ്ങിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

RELATED STORIES
� Infomagic - All Rights Reserved.