സംസ്ഥാനത്ത് അഞ്ചിടത്ത് ബിനാമി ഭൂമി പിടിച്ചെടുത്തു; വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ ആലോചന
December 05,2017 | 08:06:16 am
Share this on

കൊച്ചി: ബിനാമി ഭൂമിയിടപാടുകള്‍ക്കെതിരേ കര്‍ശന നടപടിയുടെ ഭാഗമായി സംസ്ഥാനത്ത് അഞ്ചിടത്ത് വസ്തുവകകള്‍ പിടിച്ചെടുത്തു. ഇതില്‍ പന്തളം കേന്ദ്രമായ ശ്രീവത്സം ഗ്രൂപ്പിന്റെ രണ്ടിടത്തെ ഭൂമി ഉള്‍പ്പെടുന്നു. ബാക്കി മൂന്നെണ്ണം വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കൂടുതല്‍ പേര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം, ബിനാമി ഭൂമിയിടപാടുകളെക്കുറിച്ച് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ ആലോചന. കള്ളക്കടത്തിനെക്കുറിച്ചും മറ്റും വിവരം നല്‍കുന്നവര്‍ക്ക് ഇപ്പോള്‍ പ്രതിഫലം നല്‍കുന്നുണ്ട്. ഈ മാതൃകയാണ് ആലോചിക്കുന്നത്.

ബിനാമി ഭൂമിയിടപാടുകള്‍ക്കെതിരേ നടപടിക്ക് ആദായനികുതി വകുപ്പിന്റെ കീഴില്‍ കൊച്ചി പനമ്പിള്ളിനഗറില്‍ പ്രത്യേക ഓഫീസ് തുടങ്ങിയിട്ടുണ്ട്. കേരളവും ലക്ഷദ്വീപും ഇതിന്റെ അധികാരപരിധിയില്‍ വരും. ആദായനികുതി വകുപ്പില്‍നിന്നുള്ള വിവരങ്ങളും പൊതുജനങ്ങളില്‍നിന്നുള്ള രഹസ്യവിവരങ്ങളും അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വിവരം നല്‍കുന്നവര്‍ പേരു വെളിപ്പെടുത്തണമെന്നില്ല. എന്നാല്‍ ഊമക്കത്തുകള്‍ പ്രോത്സാഹിപ്പിക്കില്ല. ആരോടെങ്കിലുമുള്ള വിരോധം തീര്‍ക്കാന്‍ വ്യാജപരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും.

ആദായനികുതി വകുപ്പ് കൈമാറുന്ന വിവരമനുസരിച്ചാണെങ്കില്‍ സംശയിക്കുന്നയാള്‍ക്ക് നോട്ടീസ് നല്‍കുകയാണ് ചെയ്യുക. 90 ദിവസത്തിനകം വരുമാനത്തിന്റെ സ്രോതസ്സും രേഖകളും കാണിക്കണം. 90 ദിവസത്തെ കാലാവധി കഴിയുന്നതോടെ കേസ് ഡല്‍ഹിയിലെ അഡ്!ജുഡിക്കേഷന്‍ അതോറിറ്റിക്ക് കൈമാറും. ഇവരാണ് ഭൂമി കണ്ടുകെട്ടുന്നതിന് നടപടി സ്വീകരിക്കുന്നത്. ഈ നടപടിക്കെതിരേ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാം. അതോറിറ്റിയുടെ തീരുമാനത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം.

ബിനാമി ഭൂമിയിടപാടുകള്‍ തടയുന്ന നിയമം 1988-ല്‍ നിലവില്‍ വന്നെങ്കിലും കഴിഞ്ഞവര്‍ഷം ഇതില്‍ ഭേദഗതി വന്നതോടെയാണ് സംസ്ഥാനങ്ങള്‍ തോറും ഇതിനായി ഓഫീസ് തുറന്നത്. സെപ്റ്റംബര്‍ ഏഴിനാണ് കൊച്ചിയില്‍ ഓഫീസ് സ്വതന്ത്രമായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. എന്നാല്‍ അഞ്ച് ഇന്‍സ്‌പെക്ടര്‍മാരെ അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ രണ്ടു പേരേയുള്ളൂ. ഒരാള്‍ അവധിയിലും. ഭാരിച്ച ജോലിത്തിരക്കില്‍ വലയുകയാണ് ഓഫീസ്. അസി. കമ്മിഷണര്‍ക്കാണ് ചുമതല.

 

RELATED STORIES
� Infomagic - All Rights Reserved.