ആരോഗ്യ സംരക്ഷണത്തിന് ശീമച്ചക്ക
July 17,2017 | 10:51:05 am
Share this on

മലയാളിയുടെ ആരോഗ്യ സംരക്ഷണത്തിന് ശീമച്ചക്ക പതിവായി കഴിക്കുന്നത് ഉത്തമമെന്നാണ് വിദഗ്ധ അഭിപ്രായം. ഏത് പ്രതികൂല സാഹചര്യത്തിലും ശരീരത്തെ കവചമായി സംരക്ഷിക്കുകയാണ് ശീമച്ചക്കയുടെ പ്രധാന ദൗത്യം. 

പോഷക സമൃദ്ധിയിലും രുചിയിലും മുന്‍പന്തിയിലാണ് ശീമച്ചക്കയുടെ സ്ഥാനം. ശീമച്ചക്കയ്ക്ക് നിരവധി ഔഷധ ഗുണങ്ങളാണുള്ളത്. 100 ഗ്രാം ശീമച്ചക്കയില്‍ 103 കിലോ കലോറി (431 കെ.ജി) ഊര്‍ജമുണ്ടാകും. ഇതില്‍ കാര്‍ബോ ഹൈഡ്രേറ്റ് , പഞ്ചസാര, കൊഴുപ്പ് , പ്രോട്ടീന്‍ , ബിറ്റ കരോട്ടിന്‍ , തയമീന്‍ (ജീവകം ബി-1), റൈബോഫ്ളവിന്‍ (ജീവകം ബി-2) , നിയാസിന്‍ (ജീവകം ബി-3) , പാന്‍റോ തെനിക് അമ്ലം (ജീവകം ബി-5) , ജീവകം ബി-6 , ജീവകം-ഡി , ജീവകം - ഇ , ജീവകം - കെ , അയണ്‍, കാല്‍സ്യം, മഗ്നീഷ്യം , പൊട്ടാസിയം, മാന്‍ഗനീസ് , സിങ്ക് , സോഡിയം എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ 71 ശതമാനത്തോളം ജലാംശവും അടങ്ങിയിരിക്കുന്നു. ഏറെ പോഷക സമ്ബുഷ്ടമായ ശീമച്ചക്കയില്‍ പൂരിത കൊഴുപ്പ് വളരെ കുറവാണ്.

നാരുഘടകം നാരാളം അടങ്ങിയിട്ടുളളതിനാല്‍ പ്രമേഹ രോഗികള്‍, ഹൃദ് രോഗികള്‍ എന്നിവര്‍ക്ക് ധാരാളം കഴിക്കാവുന്നതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്ന കാര്യത്തില്‍ ശീമച്ചക്കയ്ക്ക് നല്ലൊരു പങ്കുണ്ട്. ശീമച്ചക്ക കഴിക്കുന്നതുമൂലം രക്തസമ്മര്‍ദം കുറച്ച്‌ വന്‍കുടലില്‍ അര്‍ബുദത്തിന്‍റെ സാധ്യതകള്‍ ഇല്ലാതാക്കുന്നതായി വിദഗ്ധര്‍ പറയുന്നു.

അമിനാമ്ലങ്ങളുടെ ഒരു വലിയ കലവറയാണ് ശിമച്ചക്ക. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡ് , ഒമേഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരളം ശിമച്ചക്കയില്‍ അടങ്ങിയിട്ടുണ്ട്. ശീമച്ചക്കയുടെ തുടര്‍ച്ചയായുള്ള ഉപയോഗം മോണയ്ക്ക് ബലം നല്‍കുകയും ആസ്മയും ഉദര സംബന്ധമായ പ്രശ്നങ്ങള്‍ ലഘൂകരിക്കുകയും വിശപ്പുണ്ടാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു. 

ശീമപ്ലാവിന്‍റെ ഇലയുടെ നീരിന് രക്തസമ്മര്‍ദം കുറയ്ക്കാന്‍ കഴിയും എന്നാണ് വിദഗ്ധാഭിപ്രായം. ചെവി രോഗങ്ങള്‍, നാവിലുണ്ടാകുന്ന പൂപ്പല്‍ രോഗം എന്നിവയ്ക്കും ഉത്തമം. ശീമപ്ലാവിന്‍റെ ഉണക്കി പൊടിച്ച ഇല ചര്‍മ്മ രോഗങ്ങള്‍ക്കും പ്ലീന വീക്കം എന്നിവയ്ക്കും ധാരാളമായി ഉപയോഗിച്ചിരുന്നു. ശീമപ്ലാവിന്‍റെ കറ (അരക്ക്) വെള്ളത്തില്‍ നേര്‍പ്പിച്ച്‌ വയറിളക്കത്തിന് നല്‍കി വരുന്നു. അമിനാമ്ലങ്ങള്‍ ധാരാളം ഉള്ളതിനാല്‍ ശരീരത്തിന്‍റെയും മസ്തിഷ്കത്തിന്‍റെയും വികാസങ്ങള്‍ക്ക് ഉത്തമമാണ്. ഇതിലൂടെ ചര്‍മ്മത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും തലമുടിയുടെ വളര്‍ച്ചയ്ക്കും അസ്ഥികളുടെ ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുന്നു. ഇത്തരത്തില്‍ ശീമച്ചക്കയ്ക്ക് നമ്മുടെ ആഹാര പദാര്‍ഥങ്ങളുടെ കൂട്ടത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത സ്ഥാനമാണ് നല്‍കി വരുന്നത്.

RELATED STORIES
� Infomagic - All Rights Reserved.