മുന്തിരിയുടെ ഔഷധഗുണങ്ങള്‍
April 21,2017 | 10:59:10 am
Share this on

വെറുമൊരു പഴമെന്നതിനപ്പുറം മനുഷ്യന്‍റെ കാല്‍പ്പനികതയേയും സൗന്ദര്യാസ്വാദനക്ഷമതയുടെയും ചില്ലകളിലേക്ക് പടര്‍ന്നു കയറിയ ചെടിയാണ് മുന്തിരി. മുന്തിരിയുടെ ജന്‍മദേശം അര്‍മീനിയ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമേഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി കൃഷി ചെയ്തുവരുന്നു. ലോകമാകെയുള്ള ക്രിസ്തീയ ദേവാലയങ്ങളിലെ ആരാധനാക്രമത്തില്‍ മുന്തിരിവീഞ്ഞ് ഒരു പ്രധാന ഘടകമാണ്.
കേരളത്തില്‍ മുന്തിരി കൃഷിചെയ്യുന്നില്ലെങ്കിലും സുലഭമായി ലഭിക്കുന്നുണ്ട്.  പ്രധാനമായും മൂന്നു തരത്തിലുള്ള മുന്തിരിയാണ് കേരളത്തില്‍ ലഭ്യമാകുന്നത്. കറുപ്പ് അഥവാ വയലറ്റ്, പച്ച, കുരു ഇല്ലാത്ത പച്ച എന്നിവയാണവ.

ഔഷധഗുണങ്ങള്‍

പലവിധ രക്തരോഗങ്ങള്‍ക്കും മറ്റു അസുഖങ്ങള്‍ക്കും മുന്തിരി ഫലപ്രദമായ ഒരു ഔഷധമാണ്.

 • സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് ഈ പഴം ഔഷധമായി ഉപയോഗിക്കാറുണ്ട്.
 • രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
 • ശരിയായ ശോധനയില്ലാതെ, ആഹാരത്തോടു വിരക്തി തോന്നുന്നവര്‍ നിത്യവും മുന്തിരി കഴിച്ചു നോക്കൂ… ഫലം ഉറപ്പാണ്.
 • തലവേദന, ചെന്നിക്കുത്ത്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന വേദന, നെഞ്ചിടിപ്പ് എന്നിവക്ക് മുന്തിരിനീര് ആശ്വാസം നല്‍കും.
 • രക്തപിത്തത്തിന് ഉണങ്ങിയ മുന്തിരി കുരുവും ഞെട്ടുംകളഞ്ഞ് കഷായം വച്ച് പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ മതി, രോഗം ശമിക്കും, കടുക്ക, തേന്‍, മുന്തിരി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ അമ്ലപിത്തം മാറിക്കിട്ടും.
 • മുന്തിരി, കരിഞ്ചീരകം, നെല്‍പ്പൊരി എന്നിവ കഷായം വച്ച് ഏലത്തരി മേമ്പൊടി ചേര്‍ത്തു കഴിച്ചാല്‍ വിക്ക് കുറയുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു.
 • മുന്തിരി, അമൃത്, കുമിള്‍ വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് എന്നിവ കഷായം വച്ച് ശര്‍ക്കര മേമ്പൊടിയായി ചേര്‍ത്ത് കഴിച്ചാല്‍ വാതപ്പനിക്ക് ആശ്വാസം ലഭിക്കും.
 • മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം ശമിക്കാന്‍ മുന്തിരി നീരുകൊണ്ട് നസ്യം ചെയ്താല്‍ മതി.
 • ആയൂര്‍വ്വേദത്തില്‍ ഇത് ഫലവര്‍ഗ്ഗത്തില്‍പ്പെടുന്നു. ശരീര പുഷ്ടിയും ഉന്‍മേഷവും ഇത് പ്രദാനം ചെയ്യുന്നു. മുന്തിരി മൂത്രദോഷവും തണ്ണീര്‍ദാഹവും ശമിപ്പിക്കും. ആയൂര്‍വ്വേദ വിധികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഉണക്കമുന്തിരിയാണ്.
 • ആസ്തമക്ക് നിത്യവും മുന്തിരിച്ചാര്‍ കുടിക്കുന്നത് ഉത്തമമാണ്.
 • ഉണക്കമുന്തിരിയും മുന്തിരിച്ചാറും മഞ്ഞപിത്തത്തിനെതിരായ ഔഷധമാണ്.
 • വിരേചനത്തിനും ആന്തരരോഗങ്ങള്‍ക്കുമെതിരെ ഭക്ഷണപാനീയമായി മുന്തിരി ഉപയോഗിക്കാം.

RELATED STORIES
� Infomagic - All Rights Reserved.