ആഡംബര ജീവിതം: ഋതബ്രത ബാനര്‍ജിയെ പുറത്താക്കണമെന്ന് സിപിഎം ബംഗാള്‍ ഘടകം
September 13,2017 | 05:36:02 pm
Share this on

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നു സിപിഎം രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. പ്രാകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയായിരുന്ന ഋതബ്രത ബാനര്‍ജിക്കെതിരെ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ആഡംബര ജീവിതത്തിനും മോശം പെരുമാറ്റത്തിനും സസ്‌പെന്‍ഷനിലായിരുന്നു ഇദ്ദേഹം.

ഋതബ്രതയുടെ ജീവിത ശൈലി കമ്യൂണിസ്റ്റിനു നിരക്കാത്തതാണെന്ന മുന്‍ ഭാര്യ ഉര്‍ബയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ജൂണില്‍ മൂന്നു മാസത്തേക്കു സിപിഎം സസ്പെന്‍ഡ് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വിമര്‍ശിച്ചയാള്‍ക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ടതിന് ഋതബ്രതയെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന സമിതി പരസ്യമായി താക്കീതു ചെയ്തിരുന്നു.

ആപ്പിള്‍ കമ്പനിയുടെ സ്മാര്‍ട്ട്വാച്ചും വിലപിടിപ്പുള്ള പേനയും അണിഞ്ഞുള്ള തന്റെ സെല്‍ഫി ചിത്രത്തിന് ഇല്ലായ്മക്കാരുടെ മഹാനായ നേതാവ് എന്നു സാമൂഹിക മാധ്യമത്തില്‍ അടിക്കുറിപ്പെഴുതിയ സുമിത് താലൂക്ക്ദാറിനെതിരെ ഋതബ്രത തൊഴിലുടമയ്ക്കു പരാതി നല്‍കിയതാണു നേരത്തേ വിവാദമായത്.

വാച്ചിന് ഇന്ത്യയില്‍ 25,000 രൂപയും പേനയ്ക്ക് 30,000 രൂപയും വിലയുണ്ടെന്നും ആരോപിക്കപ്പെട്ടു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പാര്‍ട്ടി അനുഭാവിയായ താലൂക്ക്ദാറിനെതിരെ ഋതബ്രത പരാതിപ്പെട്ടത്. വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപയോഗിച്ചതിനല്ല, വിമര്‍ശിച്ചയാള്‍ക്കെതിരെ പരാതിപ്പെട്ടതിനാണ് അച്ചടക്ക നടപടിയുണ്ടായതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.