പദ്മാവതിക്കെതിരെ ബിജെപി
November 08,2017 | 04:42:19 pm
Share this on

ന്യൂഡൽഹി: സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചിത്രം പദ്മാവതി റിലീസിനൊരുങ്ങവേ ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം കനക്കുന്നു. മഹാരാഷ്ട്ര ബിജെപി ഘടകത്തിന്റെ വക്താവും ഉജ്ജയിൻ എംപിയുമായ ചിന്താമണി മാളവ്യയാണ് ഇപ്പോൾ പദ്മാവതി സിനിമയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ബൻസാലിയെപ്പോലുള്ള സിനിമാക്കാർക്ക് ‘ചെരുപ്പിന്റെ ഭാഷ’ മാത്രമേ മനസ്സിലാകുകയുള്ളൂവെന്ന് സമൂഹമാധ്യമത്തിലെ കുറിപ്പിൽ മാളവ്യ വ്യക്തമാക്കി. മറ്റു ഭാഷകൾ അവർക്കു മനസ്സിലാകില്ല. റാണി പദ്മാവതിയോട് ഈ രാജ്യം ഒരിക്കലും ബഹുമാനമില്ലായ്മ കാട്ടില്ല. ചരിത്രത്തെ വളച്ചൊടിക്കുന്ന ഒന്നിനോടും സഹിഷ്ണുത പുലർത്തില്ലെന്നും നാൽപ്പത്തെട്ടുകാരനായ എംപി കുറിച്ചു.

ഭർത്താക്കൻമാരെ ദിനംപ്രതി മാറ്റുന്ന സ്ത്രീകളുള്ള കുടുംബത്തിൽ നിന്നുവരുന്ന സിനിമാക്കാർക്ക് എങ്ങനെയാണ് ‘ജൗഹാർ’ എന്നതു മനസ്സിലാക്കാനാകുക? (മധ്യകാല ഇന്ത്യയിലെ രജപുത്ര സ്ത്രീകൾ അനുഷ്ഠിച്ചുവന്ന കൂട്ട ആത്മഹത്യയാണ് ജൗഹാർ. യുദ്ധസമയത്ത് ശത്രുക്കൾ കോട്ട വളയുമ്പോഴായിരുന്നു ഇത്) ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ബൻസാലിയുടെ വികൃതമായ മാനസികനില സഹിക്കാനാകില്ല. ‘പണമെന്ന അത്യാർത്തിയിലാണ്’ സിനിമ ഉണ്ടാക്കിയിരിക്കുന്നത്. അലാവുദ്ദീൻ ഖിൽജിയുടെ സഭയിലെ കവിയെഴുതിയ ‘തെറ്റായ ചരിത്രത്തെ’ ആസ്പദമാക്കിയാണു ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പദ്മാവതിയെന്ന ചിത്രത്തെ ശക്തമായി എതിർക്കുന്നു. ചിത്രം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായും മാളവ്യ അറിയിച്ചു. ഇത്തരം സിനിമകൾ നിർമിക്കുന്നതു നാണക്കേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്വന്തം നിലപാടാണു വിശദീകരിച്ചതെന്നു വാർത്താ ഏജൻസിയായ പിടിഐയോടു മാളവ്യ വ്യക്തമാക്കി. ഫെയ്സ്ബുക്കിലെ കുറിപ്പിൽ ഉപയോഗിച്ച രൂക്ഷമായ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിനു സിനിമാരംഗം അവരുടെ പരിധി ലംഘിക്കുകയാണെങ്കിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പരിധി ലംഘിക്കരുതെന്നു പ്രതീക്ഷിക്കരുതെന്നായിരുന്നു മറുപടി.

അതേസമയം, പ്രകോപനപരമായി കുറിപ്പിട്ട മാളവ്യയെ പാർട്ടിയിൽനിന്നു പുറത്താക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമനടപടി സ്വീകരിക്കണം. റാണി പദ്മാവതിയെ ഇന്ത്യൻ സ്ത്രീത്വത്തിന്റെ പ്രതീകമായാണു കാണുന്നത്. ബിജെപി എംപിയെ ന്യായീകരിക്കാനാകില്ല. മറ്റു വനിതകളെക്കൂടി നിന്ദിക്കുകയാണു മാളവ്യ ചെയ്തതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

ദീപിക പദുക്കോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്ന പദ്മാവതി ഡിസംബർ ഒന്നിനാണു തിയേറ്ററുകളിലെത്തുക.

RELATED STORIES
� Infomagic - All Rights Reserved.