മെഡിക്കല്‍ കോഴ: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് ബിജെപി വെട്ടിത്തിരുത്തി; കോഴ കണ്‍സള്‍ട്ടന്‍സി ഫീസാക്കി
August 13,2017 | 06:51:19 am

തിരുവനന്തപുരം: മെഡിക്കല്‍ കോഴയെക്കുറിച്ചു അന്വേഷിക്കാന്‍ ബിജെപി നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് വിവാദഭാഗങ്ങള്‍ നീക്കം ചെയ്തതായി സൂചന. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ സഹായിയുടെ പേര് റിപ്പോര്‍ട്ടില്‍നിന്ന് മാറ്റിയതിനൊപ്പം കോഴയായി തുക നല്‍കിയെന്നതു കണ്‍സള്‍ട്ടന്‍സി ഫീസായി തിരുത്തുകയും ചെയ്തു. സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജിലേക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാന്‍ നേതാക്കള്‍ കോടികള്‍ കൈപ്പറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

റിപ്പോര്‍ട്ട് സംസ്ഥാന ഘടകം ബിജെപി കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ചു. എന്നാല്‍ തിരുത്തലുകള്‍ വരുത്തും മുമ്പുള്ള റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ രണ്ടംഗ അന്വേഷണ കമ്മിഷനിലെ ഒരാള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയിരുന്നു. അതിനാല്‍ രണ്ടു റിപ്പോര്‍ട്ടുകള്‍ തമ്മിലുള്ള വൈരുധ്യം കേന്ദ്രനേതൃത്വം അന്വേഷിക്കുമെന്നാണ് വിവരം.

കോഴ വിവാദത്തെക്കുറിച്ചു സംസ്ഥാന വിജിലന്‍സ് ആരംഭിച്ചിരിക്കുന്ന അന്വേഷണത്തെയും റിപ്പോര്‍ട്ട് തിരുത്തുന്നതിലൂടെ നേരിടാനാകുമെന്ന നിയമോപദേശമാണ് പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയ ആദ്യ റിപ്പോര്‍ട്ട് വ്യാജമെന്ന് വരുത്തി തീര്‍ക്കാനും സംസ്ഥാന നേതൃത്വവുമായി ചേര്‍ന്നു നില്‍ക്കുന്നവരെ അച്ചടക്ക നടപടിയില്‍നിന്ന് ഒഴിവാക്കാനും ഇതു സഹായിക്കുമെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. സംസ്ഥാനത്തെ രണ്ടു പ്രമുഖ നേതാക്കള്‍ നേരിട്ട് ഡല്‍ഹിയിലെത്തിയാണ് തിരുത്തി റിപ്പോര്‍ട്ട് കൈമാറിയത്.

RELATED STORIES
� Infomagic - All Rights Reserved.