കേരളത്തില്‍ വ്യാപകമാകുന്ന സാത്താന്‍ സേവ കേന്ദ്രങ്ങള്‍
April 13,2017 | 03:17:58 pm
Share this on

തിരുവനന്തപുരം നന്ദന്‍കോട് നാലുപേരെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ മരിച്ച ദമ്പതികളുടെ മകന്‍ കേദല്‍ ജീന്‍സന്‍ രാജ പിടിയിലായതോടെ ഒരിടവേളയ്ക്കുശേഷം കേരളത്തില്‍ വീണ്ടും സാത്താന്‍സേവ സജീവ ചര്‍ച്ചയിലേക്ക് കടന്നുവരികയാണ്. അമാനുഷിക ശക്തിനേടുന്നതിനും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമുള്ള കുറുക്കുവഴി എന്ന നിലയിലാണ് നമ്മള്‍ ഈ ആരാധന സമ്പ്രദായത്തെക്കുറിച്ചു കേട്ടുതുടങ്ങിയത്. ഈശ്വരനുണ്ടെങ്കില്‍ ചെകുത്താനുമുണ്ടെന്ന വാദമാണ് ഈ അധമമായ ചിന്താഗതിക്ക് അടിസ്ഥാനം.
 
കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി കേന്ദ്രീകരിച്ചു സാത്താന്‍ സേവയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. ഒപ്പം കോട്ടയം പോലുള്ള താരതമ്യേന തിരക്കു കുറഞ്ഞ നഗരങ്ങളും സാത്താന്‍ സേവയുടെ പിടിയില്‍ അകപ്പെടുന്നുണ്ടെന്നും വിവരങ്ങളുണ്ട്.  സകല അറിവിന്റെയും ശക്തിയുടെയും കേന്ദ്രമായി സാത്താനെ കാണുന്നവരുടെ കൂട്ടത്തിലേക്ക് ഒരിക്കല്‍ വന്നുപെട്ടാല്‍ പിന്നീടൊരിക്കലും മോചനമുണ്ടാകില്ലെന്ന് അനുഭവസ്ഥരായ യുവാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ബ്ലാക്ക് മാസ് എന്ന ഓമനപ്പോരില്‍ പറയുന്ന ഈ പുത്തന്‍ ആഭിചാര കര്‍മ്മങ്ങളിലേക്ക് പലരും ദിവസേന ആകൃഷ്ടരാകുന്നുവെന്നത് ഒരു വസ്തുതയായി നിലനില്‍ക്കുന്നു.  
 
ഇവരുടെ ആരാധന മൂര്‍ത്തി
സാത്താന്‍ സേവക്കാരുടെ ആരാധനാ മൂര്‍ത്തി ലൂസിഫറാണ്. പ്രപ്രഞ്ചോത്പത്തി സമയത്ത് ദൈവത്തിന്റെ ആദ്യസൃഷ്ടിയായിരുന്നു ലൂറസിഫറെങ്കിലും ഇന്നത് സാത്താന്‍ സേവയുടെ അടയാളമാണ്. ഭൂമിയിലെത്തനായി യുദ്ധം ചെയ്യുകയും പിന്നീട് ദൈവശാപത്തോടെ ഈ മാലാഖ ഭൂമിയിലെത്തിയെന്നും സാത്താന്‍ സേവകര്‍ വിശ്വസിക്കുന്നു. പിശാചെന്നും ചെകുത്താനെന്നും ജിന്നെന്നുമൊക്കെയുള്ള പേരുകളില്‍ എല്ലാ മതഗ്രങ്ങളിലും ദൈവത്തിന്റെ പ്രവൃത്തികളെ വെല്ലുവിളിക്കുന്ന ഇത്തരം സ്വരൂപങ്ങളെ കാണാം. ദൈവത്തിന്റെ കല്‍പനകളില്‍നിന്ന് നേരേ വിപരീത ദിശയിലേ ഇവര്‍ പ്രവര്‍ത്തിക്കൂ. 
 
തിന്‍മയെ കൂട്ടുപിടിക്കുന്ന സാത്താന്‍ സേവകര്‍ ലോകത്തിന്റെ അധിപനായി ചെകുത്താനെ കാണുന്നു. മതഗ്രന്ധത്തില്‍ കുത്തിനിര്‍ത്തിയ കോമ്പസിനുമുന്നില്‍ ഇരുന്നു പഠിക്കുന്ന കുട്ടിയുടെ ശില്‍പം ഇവരുടെ ആരാധനാക്രമത്തില്‍ കാണാം. മതത്തേക്കാള്‍ വലുതായ ശാസ്ത്രത്തിന്റെ അധിപനാണ് സാത്താനെന്ന് ഇവര്‍ കരുതുന്നു. 
 
വിശാലമായതും നഗ്നനേത്രങ്ങള്‍ക്കൊണ്ട് കാണാനാകാത്തതുമായ കാര്യങ്ങള്‍ ദര്‍ശിക്കാനാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തുന്നത്. സ്വബോധത്തോടെ ആത്മാവിനെ പുറത്തെത്തിക്കുന്നതിനുള്ള ഈ ചടങ്ങുകള്‍ക്കാണ് ബ്ലാക്ക് മാസ് നേതൃത്വം നല്‍കുന്നത്. പലപ്പോഴും ഒറ്റപ്പെട്ട ഇടങ്ങളായിരിക്കും ഇവര്‍ ഇത്തരം കര്‍മ്മങ്ങള്‍ക്കായി തെരഞ്ഞെടുക്കുക. 
 
വിദേശികള്‍ കാര്‍മികളായുള്ള സാത്താന്‍ സേവയ്ക്കാണ് കൂടുതല്‍ മാര്‍ക്കറ്റ്.  അമിത  ലൈഗികത, മദ്യപാനം, ശരീരത്തില്‍നിന്ന് രക്തമൊഴുക്കല്‍, മുടി കത്തിക്കല്‍, അമാവാസി നാളില്‍ മൂങ്ങയെ കുരുതി കൊടുക്കല്‍ തുടങ്ങിയ യുക്തിക്കും ബുദ്ധിക്കും നിരക്കാത്ത ആരാധന സമ്പ്രദായങ്ങളും ഇവര്‍ക്കുണ്ട്.  വൈകൃതങ്ങളുടെ കൂത്തരങ്ങായ നിഗൂഢക്രിയകൾ ചെയ്യാനെത്തുന്നതില്‍ വിദേശികളായ വിനോദ സഞ്ചാരികളും ലഹരി മരുന്നിന് അടിമകളായചെറുപ്പക്കാരും വന്‍ വ്യവസായികളുമുണ്ട്. അളവറ്റ പണം സമ്പാദിക്കുന്നതിനും ശത്രുക്കളുടെ നാശത്തിനും ഉപകരിക്കുമെന്ന അന്ധവിശ്വാസത്തിലാണ് ആഭിചാര കർമങ്ങൾ സംഘടിപ്പിക്കുന്നത്. പ്രധാനമായും  അമേരിക്ക, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ബ്ലാക്ക് മാസിന്   പണമൊഴുകുന്നത്.  ലഹരിമാഫിയയാണ്  മുഖ്യ സ്പോണ്‍സര്‍. 
 
പണം, ലൈംഗികത തുടങ്ങിയ നിമിഷ നേരത്തേക്കുള്ള സുഖലോലുപത തേടി പോകുന്നവര്‍ക്കുള്ള പാഠമാണ് നന്ദന്‍കോട് കൊലപാതകം. എന്തിനെയും ശാസ്ത്രീയ അടിത്തറയുടെ പിന്‍ബലത്തില്‍ മാത്രം വിശ്വസിക്കുന്ന കേരളീയസമൂഹത്തിലെ യുവാക്കള്‍ ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നത് തടയപ്പെടേണ്ടതും പഠനവിഷയം ആക്കേണ്ടതുമാണ്. സാംസ്‌കാരികമായ അധഃപതനംകൂടി ഇത്തരം ചിന്താഗതിക്കു പിന്നിലുണ്ട്.  കേരളത്തില്‍   രഹസ്യപ്രചാരം നേടുന്ന ആഭിചാര പൂജാ കേന്ദ്രങ്ങൾ റെയ്‌ഡു ചെയ്ത്  യുവ തലമുറയെ നശിപ്പിക്കുന്ന  ഈ വിപത്തിനെ നിയന്ത്രിക്കേണ്ട  സമയം അതിക്രമിച്ചിരിക്കുന്നു.  

RELATED STORIES
� Infomagic - All Rights Reserved.