സമ്മാനത്തില്‍ ഒരുക്കിയ സംരംഭമായി ഗിഫ്റ്റ്ഈസി
August 06,2018 | 12:02:06 pm

ആഘോഷവേളകള്‍ക്ക് കൂടുതല്‍ വൈകാരികത കൈവരുത്തുന്നതില്‍ സമ്മാനങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ചെറിയ ചടങ്ങുകള്‍ മുതല്‍ വന്‍കിട ആഘോഷങ്ങളില്‍ വരെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി സമ്മാനപ്പൊതികള്‍ മാറുന്നത് അതുകൊണ്ട് തന്നെയാണ്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പുറമെ സ്ഥാപനങ്ങളും ഇന്ന് ഇത്തരം സമ്മാന സമ്പ്രദായങ്ങള്‍ക്ക് മികച്ച പ്രാധാന്യം തന്നെ നല്കുന്നുണ്ട്. ഓരോ സ്ഥാപനത്തിലെും ഓരോ ആഘോഷവേളകളിലും വേറിട്ട ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ട് നിരവധി സംരംഭകരും ഈ മേഖലയിലേക്ക് കടന്നെത്തിക്കഴിഞ്ഞു. ഇവയ്ക്കിടയില്‍ പ്രവര്‍ത്തനമികവ് കൊണ്ടും ഉല്‍പന്നങ്ങളുടെ സവിശേഷത കൊണ്ടും ജനകീയമായ സ്ഥാപനമാണ് ഗിഫ്റ്റ്ഈസി. കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് എന്ന വേറിട്ട ആശയവുമായി 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനമാണ് ഗിഫ്റ്റ്ഈസി. വൈവിധ്യമാര്‍ന്ന ഉല്പന്ന നിരയെ അവതരിപ്പിച്ചുകൊണ്ട് എല്ലാവിധ ആഘോഷവേഷകളിലേക്കുമുള്ള ഗിഫ്റ്റുകളുടെ മികച്ച കളക്ഷനുമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കൊച്ചി പനമ്പിള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇതിനോടകം തന്നെ ഒട്ടുമിക്ക വന്‍കിട കമ്പനികളുടെയും ഇഷ്ടബ്രാന്‍ഡായി മാറിക്കഴിഞ്ഞു.

ഓരോ ആഘോഷവേളകള്‍ക്കും അനുസൃതമായി അവര്‍ ആവശ്യപ്പെടുന്ന വിധത്തിലുള്ള സമ്മാനങ്ങള്‍ എത്തിക്കാനാണ് ഗിഫ്റ്റ്ഈസി ശ്രമിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി തങ്ങളുടേതായ നിര്‍ദേശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മികച്ച ഉല്‍പന്നങ്ങള്‍ തന്നെ അവതരിപ്പിക്കുന്നു. സ്വന്തം പ്രൊഡക്ഷന്‍ യൂണിറ്റില്‍ നിര്‍മിച്ചെടുക്കുന്നതും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ഉല്‍പന്നങ്ങളാണ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് എന്ന ആശയം തന്നെ പ്രാബല്യത്തിലില്ലാതിരുന്ന കാലഘട്ടത്തിലാണ് ഗിഫ്റ്റ്ഈസി രംഗപ്രവേശനം ചെയ്യുന്നതും വിപണിയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുന്നതും. മറ്റൊരു തരത്തില്‍ കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് എന്ന രീതി ഇവിടെ നടപ്പിലാക്കിയതില്‍ മുഖ്യപങ്ക് ഗിഫ്റ്റ്ഈസിയ്ക്കാണെന്ന് തന്നെ പറയാം.

നിരവധി വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തിയാണ് വിജയ് എന്ന സംരംഭകന്‍, സഹോദരി ശാലിനി നരേന്ദ്രനുമൊത്ത് ഇത്തരത്തില്‍ ഒരു പുത്തന്‍ സംരംഭ ആശത്തിന് കൊച്ചിയുടെ മണ്ണില്‍ തിരികൊളുത്തുന്നത്. തുടക്കകാലത്തിന്റെ കഷ്ടതകളും വിപണിയില്‍ സ്വീകാര്യത നേടിയെടുക്കേണ്ടതിന്റെ കഠിനാധ്വാനങ്ങളും ഏറെ ചെലവിട്ട നാളുകള്‍ക്ക് ശേഷം ഇന്ന് ഈ സ്ഥാപനം, രംഗത്തെ തന്നെ മുന്‍നിര ബ്രാന്‍ഡായി വളര്‍ന്നു കഴിഞ്ഞു. തുടക്കകാലം ജ്വല്ലറി, ടെക്‌റ്റൈല്‍സ് ഷോപ്പുകളുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. 2010 ഓടെയാണ് എറണാകുളത്തെ വന്‍കിട കമ്പനികളിലേക്കായി സേവനം വിന്യസിച്ചത്. മുത്തൂറ്റ്, യുഎഇ എക്‌സ്‌ചേഞ്ച്, ഫെഡറല്‍ ബാങ്ക്, സ്റ്റാര്‍ പ്ലസ്, റിപ്പബ്ലിക് ടിവി, ഇന്ത്യന്‍ നേവി, എസ്ബിഐ, കൊച്ചിന്‍ പോര്‍ട്ട്, ഏഷ്യാനെറ്റ്, ലുലു തുടങ്ങിയവയെല്ലാം ഗിഫ്റ്റ്ഈസിയുടെ സ്ഥിരം ഉപഭോക്താക്കളാണ്.

കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗിനായി മാത്രമുള്ള മികച്ച ഉല്‍പന്നങ്ങളാണ് ഇവിട സജ്ജമാക്കിയിരിക്കുന്നത്. റീടെയില്‍ വിപണിയില്‍ ലഭ്യമല്ലാത്തവയാണ് ഇത്തരം ഉല്‍പന്നങ്ങളില്‍ ഏറെയും. അതിനാല്‍ തന്നെ മറ്റെങ്ങും ലഭിക്കാത്ത ഉല്‍പന്നനിര കൊണ്ട് സമ്പന്നമാണ് ഗിഫ്റ്റ്ഈസി. സമീപിക്കുന്ന ഓരോ ഉപഭോക്താക്കളും ഓരോ വിഭാഗത്തില്‍പ്പെടുന്നവരാണെന്നിരിക്കെ അവര്‍ക്കായുള്ള ഉല്‍പന്നങ്ങളും സേവനങ്ങളും പാടേ വിഭിന്നങ്ങളായിരിക്കും. വന്‍കിട ബ്രാന്‍ഡുകള്‍ക്കും മറ്റുമായി ഉല്‍പന്നത്തിന്റെ ബ്രാന്‍ഡിനേക്കാളുപരി ഉപഭോക്താവിന്റെ ബ്രാന്‍ഡ് നാമത്തിന് പ്രാധാന്യം നല്കിക്കൊണ്ടായിരിക്കും ഗിഫ്റ്റുകള്‍ ക്രമീകരിക്കുക. അതിനാല്‍ തന്നെ ഗിഫ്റ്റിനൊപ്പം ഉപഭോക്താവിന്റെ ബ്രാന്‍ഡിംഗ് കൂടി നടത്തപ്പെടുന്നുണ്ട്. ഗിഫ്റ്റുകള്‍ക്ക് പുറമെ ഇത്തരത്തില്‍ ബ്രാന്‍ഡ് അവബോധം സൃഷ്ടിച്ചെടുക്കാന്‍ പ്രാപ്തമായ മികച്ച ആശയങ്ങളൊരുക്കാനും സ്ഥാപനം മുന്നിട്ട്‌നില്‍ക്കുന്നുണ്ട്. ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ക്കായി തയ്യാറാക്കിയ ബാഡ്ജും മറ്റും ഇത്തരത്തിലുള്ളവയാണ്.

ഓരോ വര്‍ഷവും പുതിയ ഉല്‍പന്നങ്ങളെ അവതരിപ്പിച്ചുകൊണ്ട് ഉല്‍പന്നനിരയെ സമ്പന്നമാക്കാന്‍ ഗിഫ്റ്റ്ഈസി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് നവീന ആശയങ്ങളും ഉല്‍പന്നങ്ങളും ഉറപ്പുവരുത്തുന്നു. പല ഉപഭോക്താക്കളും സമീപിക്കുമ്പോള്‍ ബഡ്ജറ്റ് ആയിരിക്കും മുന്നോട്ട് വെയ്ക്കുന്നതെന്നാണ് വിജയ് പറയുന്നത്. തുടര്‍ന്ന് അതിനനുസരിച്ചുള്ള ഉല്‍പന്നങ്ങളും ആശയങ്ങളും അവര്‍ക്ക് നിര്‍ദേശിക്കുകയാണ് പതിവ്. ഡീലര്‍മാര്‍ക്കും മറ്റും ഗിഫ്റ്റ് നല്കുന്നതിനായി ടേബിളില്‍ വയ്ക്കാവുന്ന തരത്തിലുള്ളവ നല്കുന്നതുമെല്ലാം ഇത്തരം നിര്‍ദേശങ്ങളെ തുടര്‍ന്നാണ്. ഡീലര്‍മാരുടെ പക്കലെത്തുന്ന ഓരോ ഉപഭോക്താവിനും തങ്ങളുടെ പേര് കാണാമെന്നതും കമ്പനിക്ക് ഗുണകരമാകും. സമയമാണ് ഈ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായി വിജയ് ചൂണ്ടിക്കാണിക്കുന്നത്. ഒരു ഇവന്റ് സംഘടിപ്പിക്കുന്നപക്ഷം ഏറ്റവും ഒടുവിലായിരിക്കും ഭൂരിഭാഗം ആളുകളും ഗിഫ്റ്റിനായുള്ള കാര്യങ്ങള്‍ ഒരുക്കുന്നത്. അതിനാല്‍ തന്നെ ഇവന്റ് സംഘടിപ്പിക്കപ്പെടുന്നതിന് നാലോ അഞ്ചോ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരിക്കും അധികം ആളുകളും ആവശ്യങ്ങളുമായി സമീപിക്കുന്നത്. പിന്നീട് ബാക്കിയുള്ള ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വേണം ഉല്‍പന്നം തെരഞ്ഞെടുക്കുന്നതും അത് എത്തുക്കുന്നതും. ലാപ്‌ടോപ് ബാഗ്, കുട എന്നിവ സ്വന്തം യൂണിറ്റില്‍ തന്നെ നിര്‍മിച്ചെടുക്കുകയാണെങ്കിലും ബാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ ഏറെയും ഗുജറാത്ത്, ബോംബെ, ബെംഗളുരു തുടങ്ങിയയിടങ്ങളില്‍ നിന്നും മറ്റുമായി എത്തിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ സമയം എന്നത് ഏറെ പ്രധാനവും അതേസമയം തന്നെ വെല്ലുവിളി നിറഞ്ഞതുമാണ്.

അടുത്തപടിയായി എല്ലാവിധ ഗിഫ്റ്റ് ഉല്‍പന്നങ്ങളും ഒരേ കുടക്കീഴില്‍ അവതരിപ്പിക്കാനാണ് ഗിഫ്റ്റ്ഈസിയുടെ പദ്ധതി. കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗിനൊപ്പം തന്നെ ഇതര മേഖലകളിലേക്കും സേവനം വിന്യസിക്കപ്പെടും. അതിനുപുറമെ ഇക്കോഫ്രണ്ട്‌ലിയായ പുതിയ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനും തയ്യാറെടുക്കുന്നുണ്ട്. ഇ-വേസ്റ്റിന്റെ അളവ് ദിനംപ്രതി വര്‍ധിച്ചുവരുന്ന ഇക്കാലത്ത് മികച്ച ആശയമാണ് ഇതുവഴി സ്ഥാപനം നടപ്പിലാക്കുന്നത്. ഇത്തരത്തില്‍ പരിസ്ഥിതി സൗഹാര്‍ദപരമായ ഉല്‍പന്നങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് പുതിയ ഔട്ട്‌ലെറ്റ് ആരംഭിക്കാനും പദ്ധതിയുണ്ട്. സംരംഭക വഴിയില്‍ വേറിട്ട പാത പടുത്തുയര്‍ത്ത് അതില്‍ വിജയം കൊയ്ത ചരിത്രമാണ് ഗിഫ്റ്റ്ഈസിയുടേത്. സൗഹൃദങ്ങള്‍ക്ക് കരുത്തേകുന്ന സമ്മാനങ്ങളുടെ സംരംഭവുമായി വിജയ് എന്ന സംരംഭകന്‍ സ്വന്തം പേര് അന്വര്‍ത്ഥമാക്കുകയാണ്.

 
� Infomagic - All Rights Reserved.