രോഹിണി ട്രീറ്റ്‌സ്; കവിതയുടെ മധുരം കിനിയുന്ന സംരംഭം
March 21,2019 | 04:14:23 pm

കഴിക്കുമ്പോള്‍ മാത്രമല്ല വിപണിയിലെത്തിക്കുമ്പോഴും മധുരം കിനിയുന്ന സംരംഭമാണ് ചോക്ലേറ്റ് എന്ന് തെളിയിച്ചിരിക്കുകയാണ് എറണാകുളം സ്വദേശിനിയായ കവിത രാജീവ്കുമാര്‍. ചോക്ലേറ്റുകള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന കവിത അവിചാരിതമായാണ് സംരംഭകത്വത്തിലേക്ക് ചുവടുവെക്കുന്നത്. ബാംഗ്ലൂരില്‍ ലക്്ചററായിരുന്ന കാലത്താണ് കവിത ഒരു ഹോബിയെന്നോണം ചോക്ലേറ്റ് നിര്‍മാണത്തിലെത്തിപ്പെടുന്നത്.

2004ല്‍ ബാംഗ്ലൂരിലെ അയല്‍വാസി ചോക്ലേറ്റ് നിര്‍മിക്കുന്നത് കണ്ടതാണ് കവിതയുടെ വഴിത്തിരിവാകുന്നത്. വീട്ടില്‍ ചോക്ലേറ്റ് നിര്‍മിക്കാനാകുമെന്നറിഞ്ഞതോടെ ഏറെ ആവേശമായി. പിന്നീട് ഒന്ന് രണ്ട് പരിശീലന ക്ലാസ്സുകളില്‍ ചേര്‍ന്ന് ചോക്ലേറ്റ് നിര്‍മാണം പഠിച്ചു. അതിനുശേഷം വീട്ടിലും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കുറച്ച് ചോക്‌ളേറ്റുകള്‍ ഉണ്ടാക്കും എന്നതല്ലാതെ സംരംഭം എന്ന നിലയിലേക്ക് ഉയര്‍ത്തുന്നതിനെ കുറിച്ച് കവിതയും ആദ്യം ചിന്തിച്ചിരുന്നില്ല. പിന്നീടാണ് അറിയുന്നത് ഹോട്ടലുകളിലും കടകളിലുമെല്ലാം ചോക്‌ളേറ്റ് ഊട്ടിയില്‍ നിന്നും മൈസൂര് നിന്നും മറ്റും വാങ്ങി വിപണനം ചെയ്യുകയായിരുന്നു എന്ന്. ചോക്‌ളേറ്റ് തങ്ങള്‍ക്ക് വീട്ടില്‍ ലളിതമായി നിര്‍മിക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് ഭൂരിഭാഗം ആളുകളും അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ വലിയൊരു സാധ്യതയും ഉണ്ടായിരുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന് സ്ഥലം മാറ്റം ലഭിച്ച് എറണാകുളത്ത് എത്തിയപ്പോഴാണ് കവിത 2008ല്‍ സംരംഭം ആരംഭിക്കുന്നത്. ഓണ്‍ലൈന്‍ വിപണി കേരളത്തിന് അത്ര പരിചിതമല്ലാതിരുന്ന കാലത്ത് തന്നെ കവിത തന്റെ ചോക്ലേറ്റുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിച്ചു. കേരളത്തില്‍ ചോക്ലേറ്റ് ഗിഫ്റ്റിംഗ് രീതി അത്ര പ്രചാരത്തില്‍ ഇല്ലാതിരുന്നതും ഹാന്‍ഡ് മെയ്ഡ് ചോക്ലേറ്റിന്റെ ഗുണത്തെ കുറിച്ച് ആളുകള്‍ക്ക് അത്ര അറിവില്ലാതരുന്നതിനാലും ആയിരുന്നു കവിത ഓണ്‍ലൈന്‍ വിപണി തെരഞ്ഞെടുത്തത്.

ആദ്യ മുതല്‍ മുടക്ക്
സംരംഭത്തിന് 12,000 രൂപയായിരുന്നു ആദ്യ മുതല്‍മുടക്ക്. ചോക്ലറ്റ് നിര്‍മിച്ച് ഓണ്‍ലൈനില്‍ ഇട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമാണ് ആദ്യ ഓര്‍ഡര്‍ ലഭിച്ചത്. ആദ്യ വര്‍ഷങ്ങളില്‍ ലഭിച്ച തുക സംരംഭത്തിലേക്ക് തന്നെ മുടക്കി ആ കൊച്ചു സംരംഭം വിപുലീകരിച്ചു. ആദ്യ രണ്ട് വര്‍ഷം ഏറെ ബുദ്ധിമുട്ടിയെങ്കിലും രോഹിണി ട്രീറ്റ്‌സ് എന്ന പേരില്‍ ആരംഭിച്ച സംരംഭത്തിന് പിന്നീട് വളര്‍ച്ചയുടെ നാളുകളായിരുന്നു. ഒരിക്കല്‍ നുണഞ്ഞാല്‍ നാവിനെ വിട്ടുപിരിയാത്ത വീണ്ടും തേടിയെത്തിക്കാന്‍ പ്രേരിപ്പിക്കുന്ന രുചിയാണ് കവിതയെ ശ്രദ്ധേയയാക്കുന്നത്.

ഒരിക്കല്‍ കവിതയുടെ ചോക്ലേറ്റ് നുണഞ്ഞവര്‍ വീണ്ടും രുചി തേടിയെത്തി. ചിലര്‍ ചോക്ലേറ്റ് നിര്‍മാണം പഠിപ്പിച്ച് നല്കാമോ എന്നായിരുന്നു ചോദിച്ചത്. അങ്ങനെ ചോക്ലേറ്റ് നിര്‍മാണ പരിശീലനവും ആരംഭിച്ചു. ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ നീളുന്ന പരിശീലന ക്ലസ്സുകളാണ് കവിത നടത്തുന്നത്. കേരളത്തിലുടനീളമുണ്ട് കവിതയുടെ വിദ്യാര്‍ത്ഥികള്‍. കുക്കറി ഷോകളിലൂടെ പരിചിതമായ പല മുഖങ്ങളും കവിതയുടെ വിദ്യാര്‍ത്ഥികളാണ്.

നിരവധി സ്ഥാപനങ്ങള്‍ കവിതയുടെ ഹാന്‍ഡ്മയ്ഡ് ചോക്ലേറ്റ് വാങ്ങി സ്വന്തം ബ്രാന്‍ഡ് നെയിമില്‍ വിപണനം ചെയ്യുന്നുണ്ട്. ചോക്ലേറ്റിന് പുറമെ കുക്കീസും കേക്കും നിര്‍മിക്കുന്നുണ്ട്. ആവശ്യക്കാര്‍ എത്തുന്നതനുസരിച്ച് മാത്രമാണ് കേക്ക് നിര്‍മാണം. പ്രീ മിക്‌സുകള്‍ ചേര്‍ക്കാതെ ഹെല്‍ത്തി കേക്കുകള്‍ മാത്രമാണ് തയ്യാറാക്കുന്നത്. ഡയറ്റ് കേക്കുകളും എഗ്‌ലസ് കേക്കുകളുമൊക്കെയാണ് നിര്‍മിക്കുന്നത്. ഓരോ ഓര്‍ഡറും പുതിയ അനുഭവമാണ് കവിതയ്ക്ക്. ഒരിക്കല്‍ പിന്തുടരുന്ന രീതികള്‍ ചുരുക്കം തവണ മാത്രമാണ് ആവര്‍ത്തിക്കുക. പായ്ക്കിംഗിലും നിര്‍മാണത്തിലുമെല്ലാം ഓരോ ഓര്‍ഡറുകളും വ്യത്യസ്തമാണ്, കവിത പറയുന്നു. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രീമിയം ക്വാളിറ്റി ചോക്ലേറ്റുകളുടെ വില കേള്‍ക്കുമ്പോള്‍ പലരും വാങ്ങാതിരിക്കും. കോമ്പൗണ്ട് ചോക്ലേറ്റുകളാണ് കുറഞ്ഞ വിലയ്ക്ക ലഭിക്കുന്നത്. ഇത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. അതിനാല്‍ വിലയിലാകരുത് മികച്ച ചോക്ലേറ്റിലായിരിക്കണം ശ്രദ്ധിക്കേണ്ടത്, കവിത കൂട്ടിച്ചേര്‍ത്തു.

Rohini Treats 
Pandarachira Road, Kadavanthara,
Ernakulam - 682020 
CALL : 9447822357 

https://www.rohinitreats.com

 
� Infomagic- All Rights Reserved.