വഴുതന കൃഷിചെയ്യാം
November 13,2017 | 10:29:00 am
Share this on

വ്യത്യസ്തമായ നിറങ്ങളും ആകൃതിയുംകൊണ്ട് സവിശേഷമാണ് വഴുതന. എല്ലാകാലാവസ്ഥയിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു എന്നതാണ് വഴുതനയുടെ പ്രത്യേകത. പാവങ്ങളുടെ തക്കാളി എന്നറിയപ്പെടുന്ന വഴുതന വളരെ കുറഞ്ഞ ചിലവില്‍ കൃഷി ചെയ്യാവുന്ന ഒരു വിളയാണ്. മെയ് മുതല്‍ ഓഗസ്റ്റ് വരെയും സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുമാണ് വഴുതന കൃഷിചെയ്യാന്‍ അനുയോജ്യമായ സമയം. വിത്തുപാകി മുളപ്പിച്ചതിനുശേഷം തൈകള്‍ മാറ്റിനടാവുന്നതാണ്. വിത്തു പാകിക്കഴിഞ്ഞാല്‍ ഒരാഴ്ച കൊണ്ട് വിത്തു മുളയ്ക്കും. 40-45 ദിവസം കൊണ്ട് വിത്തുകള്‍ മാറ്റി നടാം. ഗ്രോബാഗിലോ ചെടിച്ചട്ടിയിലോ കൃഷിക്കായി ഒരുക്കിയ നിലത്തോ ഒക്കെ വിത്തുപാകാവുന്നതാണ്. വിത്തുകള്‍ നടുന്നതിനു മുമ്പ് വെള്ളത്തുണിയില്‍ കിഴികെട്ടി കുറച്ചു നേരം വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നല്ലതാണ്. വിത്തുകള്‍ പാകുമ്പോള്‍ അധികം ആഴത്തില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി കല്ലും കട്ടയും നീക്കയും ചെയ്യണം. അടിവളമായി ഉണങ്ങിയ ചാണകം, കമ്പോസ്റ്റ് എന്നിവ ചേര്‍ക്കാം. തൈകള്‍ മാറ്റി നടുമ്പോള്‍ കൃത്യമായ അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അടിവളമായി വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി ഇവ ചേര്‍ക്കാം. ചെടി വളരുന്നതനുസരിച്ച്‌ ജൈവവളം ഇട്ടു കൊടുക്കണം.

വിത്തു വിതച്ച ശേഷം രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്ത് മുളച്ച്‌ ഇലകള്‍ വന്ന ശേഷവും നനയ്ക്കല്‍ തുടരണം. ശക്തിയായി വെള്ളം ഒഴിച്ചു കൊടുക്കാതെ തളിച്ചു കൊടുക്കുകയാണ് വേണ്ടത്.

55-60 ദിവസം പ്രയാകമാകുമ്പോള്‍ വിളവെടുപ്പ് തുടങ്ങാം. വിളവെടുപ്പ് കഴിഞ്ഞാല്‍ ചെടി ചുവട്ടില്‍ നിന്ന് അല്‍പം ഉയര്‍ത്തി മുറിച്ചു മാറ്റി കുറ്റിയാക്കി നിര്‍ത്തണം. വീണ്ടും നല്ല വെള്ളവും വളവും നല്‍കി അടുത്ത വിളവിനായി ചെടികള്‍ രൂപപ്പെടുത്തിയെടുക്കാം.

RELATED STORIES
� Infomagic - All Rights Reserved.