യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ വരുന്നു
December 14,2017 | 01:07:06 pm
Share this on

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനങ്ങളില്‍ എമര്‍ജന്‍സി ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു.
സ്ത്രീകളുടെയും,കുട്ടികളുടെയും സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനാണ് പുതിയ സംവിധാനം. യാത്രക്കാര്‍ക്ക് യാത്രക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടാല്‍ വാഹനത്തിനുള്ളിലെ എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി വിവരം പൊലീസ് കണ്‍ട്രോള്‍റൂമിലറിയിക്കാം. ഉടന്‍ സന്ദേശം കണ്‍ട്രോള്‍റൂമിലെത്തും. ഇതുവഴി പൊലീസിന് വാഹനം പിന്തുടര്‍ന്ന് പിടികൂടാം. യാത്ര ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാനായി കൈയെത്തും ദൂരത്താകണം ഇത് സ്ഥാപിക്കേണ്ടതെന്നും , വാഹനത്തിന്റെ വലിപ്പം അനുസരിച്ച്‌ ഒന്നോ അതിലധികമോ എമര്‍ജന്‍സി ബട്ടണ്‍ ഘടിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. ജി.പി.എസ്. സംവിധാനത്തോടെയുള്ള ബട്ടണ്‍ ഏപ്രില്‍ ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കുമെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

ഓട്ടോറിക്ഷ, ടാക്സി, ബസ്, വാന്‍ തുടങ്ങി ആളെ കയറ്റുന്ന എല്ലാ വാഹനങ്ങളിലും ബട്ടണ്‍ സ്ഥാപിക്കണം.
വാഹനവും ലോഡും ഉള്‍പ്പെടെ മൂവായിരം കിലോയ്ക്ക് മുകളില്‍വരുന്ന ഭാരവാഹനങ്ങളിലും ബട്ടണ്‍ നിര്‍ബന്ധമാണ്.
ഇത്തരത്തില്‍ എമര്‍ജന്‍സി സംവിധാനം ഒരുക്കിയ വാഹനങ്ങളേ വില്‍ക്കാന്‍പാടുള്ളൂ. വാഹന നിര്‍മാതാവോ ഡീലറോ എമര്‍ജന്‍സി സംവിധാനം ഉള്‍പ്പെടുത്തണം . വാഹനം പഴയതാണെങ്കില്‍ ഉടമതന്നെ ഇത് ഘടിപ്പിക്കണം.
ഇരുചക്രവാഹനങ്ങള്‍, ഇ-റിക്ഷ, സാധനങ്ങള്‍ കയറ്റുന്ന മുച്ചക്രവാഹനങ്ങള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനമോടിക്കുന്ന ഡ്രൈവറുടെ വിവരങ്ങള്‍ വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് കാണത്തക്കവിധം സ്ഥാപിക്കണം. ഇതില്‍ പേര്, വയസ്, അഡ്രസ്, ഫോണ്‍നമ്ബര്‍ എന്നിവ ഉള്‍പ്പെടെ ഫോട്ടോയും നല്‍കിയിരിക്കണമെന്നും ഉത്തരവ് ഇറക്കിയിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.