എടിഎം സ്‌കിമ്മിങ് തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ അറിയുക
August 06,2018 | 12:30:31 pm


കൊല്‍ക്കത്തയില്‍ അടുത്തിടെ നടന്ന എടിഎം തട്ടിപ്പിനെപ്പറ്റി അറിഞ്ഞിരിക്കുമല്ലോ. സ്വകാര്യ -പൊതുമേഖല ബാങ്കുകളുടെ എടിഎമ്മുകളില്‍ തട്ടിപ്പ് നടത്തിയ ഹൈടെക് കള്ളന്മാര്‍ 78 ഉപഭോക്താക്കളില്‍ നിന്നായി 20 ലക്ഷം രൂപയാണ് അടിച്ചുമാറ്റിയത്. എടിഎം സ്‌കിമ്മിങ്ങിലൂടെയാണ് പണം തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ നാട്ടിലും എപ്പോള്‍ വേണമെങ്കിലും ഇത്തരം തട്ടിപ്പ് നടക്കാം. പൃഥ്വിരാജ്  നായകനായി അഭിനയിച്ച റോബിന്‍ഹുഡ് എന്ന മലയാള സിനിമയില്‍ ഈ തട്ടിപ്പായിരുന്നു പ്രധാന വിഷയം.

എന്താണ് എടിഎം സ്‌കിമ്മിങ്
സ്‌കിമ്മിങ് എന്ന ഇംഗ്ലീഷ് വാക്കിന് അര്‍ഥം വേഗത്തിലുള്ള വായന എന്നാണ്. എടിഎം സ്‌കിമ്മിങ്ങില്‍ നടക്കുന്നതും ഇതുതന്നെ.കാര്‍ഡിലെ വിവരങ്ങളെല്ലാം വേഗത്തില്‍ വായിച്ചെടുക്കുന്നു. ഇതിനായി സ്‌കിമ്മര്‍ എന്ന ഉപകരണമാണ് ഉപയോഗിക്കുന്നത്. എടിഎം കാര്‍ഡ് സ്വൈപ്പ് ചെയ്യുന്ന ഭാഗത്താണ് ഈ ഉപകരണം സ്ഥാപിക്കുക. സ്‌കിമ്മറുള്ള എടിഎമ്മില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ കാര്‍ഡിലെ മാഗ് നെറ്റിക് സ്ട്രിപ്പില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് കിട്ടും.


സ്കിമ്മറില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം മതിയാകില്ല പണം തട്ടിയെടുക്കാന്‍ . പിന്‍ നമ്പരും കിട്ടണം. അതിനായി എടിഎം കൗണ്ടറിനുള്ളില്‍ ബാങ്ക് സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഹാക്ക് ചെയ്യുകയോ മറ്റൊരു ക്യാമറ സ്ഥാപിക്കുകയോ ആണ് ചെയ്യുക.. പിന്‍ നമ്പര്‍ കൂടി കിട്ടുന്നതോടെ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുകയോ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് നിര്‍മിച്ച് പണം പിന്‍വലിക്കുകയോ ചെയ്യും.


സ്കിമ്മറിനെ കണ്ടുപിടിക്കാന്‍
എടിഎമ്മില്‍ സ്‌കിമ്മര്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്ന് കണ്ടുപിടിക്കുക എളുപ്പമാണ്. ഉപയോഗത്തിനു മുമ്പ് എടിഎം മെഷിന്‍ നന്നായി പരിശോധിച്ചാല്‍ മാത്രം മതി. കാര്‍ഡ് റീഡര്‍ ഭാഗത്ത് അസാധാധാരണമായി എന്തെങ്കിലും ഏച്ച്പിടിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കുക. കാര്‍ഡ് റീഡര്‍ അയഞ്ഞുകിടക്കുന്നതായി കാണുക, കീപാഡ് സാധാരണയിലും ഉയര്‍ന്നിരിക്കുക എന്നിങ്ങനെയുള്ള സാഹചര്യങ്ങള്‍ സ്‌കിമ്മറിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നു. അത്തരം അവസരങ്ങളില്‍ ആ എടിഎം ഉപയോഗിക്കാതിരിക്കുക.


വ്യാജ കാര്‍ഡ് തടയാന്‍
എടിഎം പിന്‍ നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ കീ പാഡ് മറച്ചുപിടിക്കുക. അക്കൗണ്ട് വിവരങ്ങള്‍ എസ്എംഎസ് ആയി ലഭിക്കുന്ന സൗകര്യം ഉപയോഗിക്കുക. ബാങ്ക് ഇടപാടുകള്‍ നടന്നാലുടന്‍ വിവരം എസ്എംഎസ് മുഖേന അറിയാന്‍ അതുപകരിക്കും. കാര്‍ഡ് വിവരങ്ങള്‍ നഷ്ടപ്പെട്ടതായി തോന്നിയാല്‍ ഉടനടി അക്കാര്യം ബാങ്കിനെ അറിയിച്ച് കാര്‍ഡ് ബ്ലോക്ക് ചെയ്യുക.


നിങ്ങള്‍ക്ക് എ എന്നു പേരുള്ള അക്കൗണ്ടാണ് ഉള്ളതെന്നിരിക്കട്ടെ നിങ്ങള്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് ബി എന്നു പേരുള്ള ബാങ്കിന്റെ എടിഎമ്മി്ല്‍ നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും പണം കിട്ടിയില്ല. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി കാണിക്കുന്നുമുണ്ട്. ഇത്തരം സാഹചര്യത്തില്‍ നിങ്ങളുടെ അക്കൗണ്ടുള്ള ബാങ്കിലാണ് പ്രസ്തുത വിവരം അറിയിക്കേണ്ടത്. വിവരം അറിയിക്കാന്‍ എത്ര നേരം വൈകുന്നതിനനുസരിച്ച് പണം നഷ്ടപ്പെടാനുള്ള സാധ്യത കൂടും.


പണം തിരിച്ചുകിട്ടുമോ
സ്മിമ്മിങ് തട്ടിപ്പിന് ഇരയായവര്‍ക്ക് നഷ്ടപ്പെട്ട പണം ബാങ്ക് നല്‍കും. ഇതിനായി പോലീസില്‍ പരാതിപ്പെട്ടതിന്റെ കോപ്പി അല്ലെങ്കില്‍ എഫ്‌ഐആര്‍ സഹിതം മൂന്ന് ദിവസത്തിനകം ബാങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.

 
� Infomagic - All Rights Reserved.