ചിരട്ട പൊടിച്ച് നേടാം ലാഭം
April 13,2018 | 11:39:35 am

ചന്ദനത്തിരി മുതല്‍ കൊതുകുതിരി വരെ ചിരട്ട പൊടിയെ ആശ്രയിക്കുന്നുണ്ട്. അതു തന്നെയാണ് ഈ ബിസിനസ് ആശയത്തിന്റെ വിജയം ഉറപ്പാക്കുന്നത്. ചന്ദനത്തിരിയുടെയും കൊതുകുതിരിയുടെയും പുകയ്ക്കു പിന്നില്‍ ഒരു അവസരം ഒളിഞ്ഞിരുപ്പുണ്ട്. ചിരട്ട പൊടി ബിസിനസാണത്. കൊതുകുതിരി, ചന്ദനത്തിരി, പ്ലൈവുഡ്, പ്ലാസ്റ്റിക് വ്യവസായം എന്നിവയിലെല്ലാം ചിരട്ടയുടെ പൊടി അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ഒട്ടനവധി വ്യാവസായിക ആവശ്യങ്ങള്‍ക്കും ചിരട്ട പൊടി ഉപയോഗിച്ചു വരുന്നു. 80 മുതല്‍ 300 വരെയുള്ള മെഷ് സൈസില്‍ ചിരട്ട പൊടി നിര്‍മിക്കാം. ഇതില്‍ തന്നെ 300 മെഷ് സൈസിലുള്ള പൊടിക്ക് രാജ്യാന്തര തലത്തില്‍ മികച്ച ഡിമാന്റാണുള്ളത്. ചിരട്ട പൊടിക്കാന്‍ തെരഞ്ഞെടുക്കുന്ന യന്ത്രങ്ങളുടെ ശേഷി അനുസരിച്ചാണ് പൊടിയുടെ ഗ്രേഡും തീരുമാനിക്കപ്പെടുന്നത്. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ള, ഒപ്പം അസംസ്‌കൃത വസ്തുവായ ചിരട്ടയുടെ വേസ്റ്റേജ് പരമാവധി കുറയ്ക്കുന്ന ഗ്രേഡിലുള്ള പൊടി നിര്‍മിക്കാനാണ് സംരംഭകര്‍ ശ്രമിക്കേണ്ടത്. ഓരോ ആവശ്യത്തിനുമുള്ള ചിരട്ട പൊടിയുടെ ഗ്രേഡ് വ്യത്യസ്തമാണെന്നിരിക്കെ അതിനനുസൃതമായ യന്ത്രസംവിധാനങ്ങളും സജ്ജമാക്കണം.

പ്രത്യേക ശ്രദ്ധയ്ക്ക്

ചിരട്ട പൊടി നിര്‍മാണത്തിന് നല്ല മൂത്ത, ഉണങ്ങിയ ചിരട്ട തന്നെ വേണം. ചിരട്ടയില്‍ ചകിരിയുടെ അവശിഷ്ടങ്ങള്‍ പാടില്ല. ചിരട്ടയില്‍ ജലാംശം കൂടുതലുണ്ടെങ്കില്‍ പൊടിയുടെ ഗുണമേന്മയെ അത് പ്രതികൂലമായി ബാധിക്കും.

വിപണന സാധ്യത

ചിരട്ട പൊടി പ്രധാനമായും വ്യാവസായിക ആവശ്യത്തിന് തന്നെയാണ് ഉപയോഗിക്കുന്നത്. ചെറുകിട വ്യവസായ യൂണിറ്റുകള്‍ മുതല്‍ രാജ്യാന്തര തലത്തിലെ വന്‍കിട യൂണിറ്റുകള്‍ വരെ ഇത് അസംസ്‌കൃത വസ്തുവായി വിനിയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഇടത്തരം കൊതുകുതിരി നിര്‍മാണ യൂണിറ്റിന് പ്രതിമാസം 500 ടണ്‍ ചിരട്ട പൊടി വേണ്ടിവരും. വന്‍കിട യൂണിറ്റാണെങ്കില്‍ ഇതിന്റെ അളവ് പ്രതിമാസം 2500 ടണ്ണാകും. ഇന്ത്യയില്‍ മാത്രം 1000ത്തോളം കൊതുകുതിരി നിര്‍മാണ യൂണിറ്റുണ്ടെന്നാണ് കണക്ക്. ചന്ദനത്തിരി നിര്‍മാണ യൂണിറ്റുകളും ആയിരക്കണക്കിനുണ്ട്. ഇത് മാത്രമല്ല ഓട്ടോമൊബീല്‍ വ്യവസായ മേഖലയിലും ചിരട്ട പൊടി ഉപയോഗിക്കുന്നുണ്ട്. പ്ലൈവുഡ് വ്യവസായ യൂണിറ്റുകള്‍ക്കും ചിരട്ട പൊടി വേണം. എന്നാല്‍ ഇന്ത്യയില്‍ ചിരട്ട പൊടി നിര്‍മാണ യൂണിറ്റുകള്‍ അത്ര വ്യാപകമല്ല. ഇതാണ് ഈ ഉല്‍പ്പന്നത്തിന് മികച്ച സാധ്യത ഉറപ്പാക്കുന്നത്.

 
� Infomagic - All Rights Reserved.