ദി റിയല്‍ സ്ട്രാറ്റജിസ്റ്റ് -Lets Talk Business
September 08,2018 | 04:43:16 pm

ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്ന കേരളം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഒരിക്കല്‍ കേരളീയര്‍ അഭിമാനമായി കണ്ടിരുന്ന മണ്‍സൂണും, നദികളുമൊക്കെ പെട്ടെന്നാണ് രൗദ്രഭാവം പൂണ്ട് ആളുകളുടെ ജീവനും , സ്വത്തുക്കളും തട്ടിയെടുത്ത് മടങ്ങിയത്.അപ്രതീക്ഷിതമായി എത്തിയ കെടുതികളില്‍ പതിനാല് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടി വന്നതും നമ്മള്‍ കണ്ടു. 
കേരളത്തിലെ സംരംഭകരെ സംബന്ധിച്ചാണെങ്കില്‍ ഒരു   ഫാക്ടേഴ്സ്   ഇന്‍ഫ്ളുവന്‍സിങ് ബിസിനസ് എന്‍വിയോണ്‍മെന്റ് ഡയഗ്രം വരക്കുകയാണെങ്കില്‍ പ്രകൃതി ദുരന്തങ്ങളുടെ സ്ഥാനം എവിടെയായിരിക്കും. സൗരയൂഥത്തില്‍ ഏറ്റവും അപ്രസക്തനായിരുന്ന പ്ലൂട്ടോയെ പോലെയായിരിക്കും ഡയഗ്രത്തില്‍ അതിന്റെ സ്ഥാനം. കാരണം ഇവിടെ ഇത്തരത്തിലുള്ള ദുരന്തങ്ങളൊന്നും വരികയില്ലെന്ന അതിരുകടന്ന ആത്മവിശ്വാസമോ, അല്ലെങ്കില്‍ എല്ലാ ദുരന്തങ്ങളും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ഇവിടെയുണ്ടെന്ന ധാരണയായിരുന്നില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.

കെടുതികളില്‍ ഇപ്പോള്‍ എല്ലാം തകര്‍ന്നുവീണു. പല ജീവനുകളും നഷ്ടപ്പെട്ടു. വര്‍ഷങ്ങള്‍കൊണ്ട് നേടിയെടുത്തവ പലതുമാണ് നഷ്ടമായത്. എല്ലാം പ്രളയത്തില്‍ ഒഴുകിപ്പോയി. എന്നാല്‍ നമ്മള്‍ ഈ സാഹചര്യത്തില്‍ പോസിറ്റീവായി ചിന്തിക്കുകയാണ് വേണ്ടത്. മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമൊക്കെ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ എങ്ങിനെയാണ് അവര്‍ മറികടന്നതെന്ന് നാം തിരിഞ്ഞുനോക്കണം.

2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയേക്കാള്‍ വലിയ പ്രകൃതി ദുരന്തമൊന്നും ലോകത്തുണ്ടായിട്ടില്ല. മൈലുകളോളം പരന്നുകിടക്കുന്ന തീരദേശത്തെ 130 അടി ഉയരത്തില്‍ ആഞ്ഞടിച്ച തിരമാലകള്‍ വിഴുങ്ങിയ ദുരന്തമായിരുന്നു അത്. എല്ലാം കടലെടുത്തുപോയി, ഇത്രകാലം പിന്നിടുമ്പോഴും എത്രമാത്രം നഷ്ടമുണ്ടായെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. പക്ഷെ ദുരന്തത്തെ അവര്‍ അതിജീവിച്ചുകഴിഞ്ഞു.കേരളത്തെ പോലൊരു ചെറിയ സംസ്ഥാനത്തെ തകര്‍ക്കാന്‍ ഒരു പ്രളയം തന്നെ മതിയായിരുന്നു. പക്ഷെ നഷ്ടപ്പെട്ടതെല്ലാം നമ്മള്‍ നിര്‍മിച്ചെടുക്കണം. അതിനായി നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് വേണ്ടത്. എങ്ങിനെയാണ് എല്ലാം റീസ്റ്റോര്‍ ചെയ്യേണ്ടതെന്ന സ്ട്രാറ്റജിയെ കുറിച്ചാണ് നാം ചിന്തിക്കേണ്ടത്. ജപ്പാനീസ് തത്വങ്ങളും,മോഡലുകളുമൊക്കെ പിന്തുടരുന്നവര്‍കൂടിയാണ് മലയാളികള്‍. അവര്‍ ദുരന്തത്തെ അതിജീവിച്ച രീതിയെ കണ്ടു പഠിക്കുകയാണ് വേണ്ടത്.

റീസ്റ്റോര്‍ (Restore)


മൊബൈല്‍ ഫോണോ,കമ്പ്യൂട്ടറോ ഉപയോഗിക്കുന്നവര്‍ക്ക് ചിരപരിചിതമായ ഒരു വാക്കാണ് റീസ്റ്റോര്‍. നമ്മള്‍ അശ്രദ്ധയോടെ ഒരു ഫയല്‍ റീസൈക്കിള്‍ ബിന്നിലേക്ക് മാറ്റുകയോ,ട്രാഷ് ചെയ്യുകയോ ചെയ്താല്‍ അതേ സ്ഥലത്തേക്ക് തിരിച്ചെത്തിക്കാന്‍ റീസ്റ്റോര്‍ ക്ലിക്ക് ചെയ്യുകയാണ് പതിവ്. പക്ഷെ യാഥാര്‍ത്ഥ ജീവിതത്തില്‍ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കാന്‍ ഒരു ക്ലിക്ക് കൊണ്ട് എളുപ്പം സാധിച്ചേക്കില്ല. എന്നാല്‍ നഷ്ടപ്പെട്ട ബിസിനസുകള്‍ പൂര്‍ണമായോ ,ഭാഗികമായോ തിരിച്ചുപിടിക്കാന്‍ സമയമെടുക്കും. 
ബിസിനസ് എന്നാല്‍ നേട്ടവും നഷ്ടവും തമ്മിലുള്ള ഗെയിമാണ്. സ്ട്രാറ്റജിയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് ലക്ഷ്യംനേടാനായി തയ്യാറാക്കുന്ന കര്‍മപദ്ധതിയും. ഇതൊരു ഗെയിം പ്ലാനാണ്. ഓരോരുത്തരുടെയും വ്യത്യസ്തമായ ചിന്താ പ്രക്രിയയിലൂടെയാണ് അത് ഉരുത്തിരിഞ്ഞുവരുന്നത്. അതത് സാഹചര്യത്തിന് അനുസരിച്ചാണ് ഏറ്റവും അനുയോജ്യവും പ്രായോഗികവുമായ സ്ട്രാറ്റജി ഓരോരുത്തരും ഉണ്ടാക്കേണ്ടത്. അതത് സാഹചര്യങ്ങള്‍ക്കനുസരിച്ച് സ്ട്രാറ്റജി മാറ്റാനും സാധിക്കണം. ശരിയായ സ്ട്രാറ്റജിസ്റ്റ്് അത്തരത്തിലാണ് ചിന്തിക്കുക.

 

താഴെ കൊടുത്തിരിക്കുന്ന ഡയഗ്രമില്‍ നിങ്ങള്‍ക്ക് അനുയോജ്യമായ R ല്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക

ഈ ഡയഗ്രത്തില്‍ നിന്ന് ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്താല്‍ ഒരു റിയല്‍ സ്ട്രാറ്റജിസ്റ്റ് നിങ്ങളുടെ ബിസിനസ് റീസ്റ്റോര്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. സ്ട്രാറ്റജിസ്റ്റിന് പക്ഷെ നിങ്ങളുടെ പൂര്‍ണ സന്നദ്ധത ആവശ്യമാണ്. നിങ്ങളുടെ സിസ്റ്റത്തില്‍ നിന്ന് ഒരു ഫയല്‍ നഷ്ടപ്പെട്ടാല്‍ അത് വീണ്ടെടുക്കാന്‍ ബാക്കപ്പ് എടുത്തുവെച്ചിട്ടില്ലെങ്കില്‍ പോലും സാധിക്കില്ലേ.കാരണം ഉപയോക്താക്കളുടെ അശ്രദ്ധ മുന്‍കൂട്ടി കണ്ട് പ്രോഗ്രാമര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം ചെയ്യുമ്പോഴേ അതിനുള്ള വഴികളും തയ്യാറാക്കി വെക്കും. അതുപോലെ തന്നെയാണ് ഒരു റിയല്‍ സ്ട്രാറ്റജിസ്റ്റ് സംരംഭകരെയും ,കമ്പനികളെയുമൊക്കെ ഇത്തരം സാഹചര്യങ്ങളില്‍ സഹായിക്കുന്നത്. ബിസിനസില്‍ സംഭവിക്കുന്ന ദുരന്തങ്ങളും അടിയന്തിര സാഹചര്യങ്ങളും പ്രതിസന്ധികളുമൊക്കെ നേരിടാനുള്ള പോംവഴികള്‍ സ്ട്രാറ്റജിസ്റ്റുകളോടോ,ബിസിനസ് എക്സ്പേര്‍ട്ടുകളോടോ നിങ്ങള്‍ പോംവഴി തേടാറുണ്ടോ? ഇതിനുള്ള മനസാണ് നിങ്ങള്‍ക്ക് വേണ്ടത്.


റീ എന്‍ട്രി എങ്ങിനെ?(re-enter)


1.റീഫ്രഷ് (Refresh)

സ്വയം നേതൃഗുണമുള്ളവരെയാണ് നമ്മള്‍ സംരംഭകരെന്ന് വിളിക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യം വേണ്ടത് തൊഴിലാളികളെ മാനസികമായി ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അവരുടെ ആത്മവീര്യം തിരിച്ചുപിടിക്കാന്‍ സഹായിക്കണം. അതിനായി ഓരോ തൊഴിലാളിയോടും നേരിട്ടു സംസാരിക്കുക, തങ്ങളുടെ തൊഴില്‍ സുരക്ഷിതമായിരിക്കുമെന്ന് ഓരോരുത്തര്‍ക്കും ആത്മവിശ്വാസം നല്‍കണം. അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കാന്‍ ശ്രദ്ധവേണം. പണം ആയിരിക്കില്ല എല്ലാവരുടെയും ആവശ്യം. അവര്‍ക്ക് ശരിക്കും ആവശ്യമുള്ളതെന്തോ അതാണ് ലഭ്യമാക്കേണ്ടത്. നിങ്ങള്‍ അവരുടെ കുടുംബത്തെ ശ്രദ്ധിക്കുന്നുവെന്ന തോന്നല്‍ അവരുടെ മനസ്സിന് നവോന്മേഷം നല്‍കും. നിങ്ങളുടെ മുഖ്യ തൊഴിലാളികളാരും ഒഴിവായിട്ടില്ലെന്ന് ഉറപ്പുവരുത്തുക.
തൊഴിലാളികള്‍ക്ക് ആത്മധൈര്യം പകരാനായി അവരെ റീഫ്രഷ് ചെയ്യുകയാണ് വേണ്ടത്.

2. റെനോവേറ്റ് (Renovate )
നാശനഷ്ടം സംഭവിച്ച മെഷിനറിയുടെയോ, കെട്ടിടത്തിന്റെയോ നവീകരികരണവും അറ്റകുറ്റപ്പണികളും തൊഴിലാളികളോട് ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. അതുവഴി ഉല്‍പ്പാദനവും സേവനവുമൊക്കെ പുനരാരംഭിക്കുമെന്ന ബോധ്യവും തങ്ങളുടെ ജോലി നഷ്്ട്ടപ്പെടില്ലെന്ന ആത്മവിശ്വാസവും അവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ സാധിക്കും. കാരണം മെഷിനറികളും സജ്ജീകരണങ്ങളുമൊക്കെ നവീകരിച്ചാല്‍ മാത്രമേ ബിസിനസിന് വീണ്ടും അഭിവൃദ്ധി തിരിച്ചുപിടിക്കാന്‍ സാധിക്കൂ എന്ന് ജീവനക്കാര്‍ക്ക് അറിയാം.


3.റീ ഇന്‍സ്റ്റേറ്റ് (Reinstate )

ഓരോ ബിസിനസ് സംരംഭങ്ങളുടെയം അവിഭാജ്യഘടകങ്ങളാണ് നിക്ഷേപകരും,ഓഹരിയുടമകളും,സാമ്പത്തിക സ്ഥാപനങ്ങളുമൊക്കെ. ഒരു ദുരന്തം സംഭവിച്ച സാഹചര്യത്തില്‍ ബിസിനസിനെ കുറിച്ച് പലവിധ ആശങ്കകളും അവര്‍ക്കുണ്ടാകും. പ്രത്യേകിച്ചും വായ്പയും ലോണുമൊക്കെ തന്ന ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇത്തരത്തിലുള്ള ആശങ്കകളുണ്ടാകാം. സ്ഥാപനം മുന്‍കാല സാഹചര്യത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് സംരംഭകരുടെ ഉത്തരവാദിത്തമാണ്. സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉറപ്പുവരുത്തണം. മുമ്പ് നിശ്ചയിച്ച പ്രകാരം ആസൂത്രണത്തോടെയും ലക്ഷ്യത്തോടെയും സംശയലേശമന്യെ പ്രവര്‍ത്തനം ആരംഭിക്കുക.എല്ലാം ശരിയായ ദിശയില്‍ പോകുന്നതായും സാഹചര്യം മെച്ചപ്പെടുമ്പോഴും ഒരുവിധ പ്രയാസത്തിന്റെ ലാഞ്ചനപോലും ഉണ്ടാകില്ലെന്നും അവരെ ബോധ്യപ്പെടുത്തുക.ലോണുകളുടെ തിരിച്ചടവും ഡിവിഡന്റുകളുടെയും ഓഹരികളുടെയും ലാഭവിഹിതത്തിനും അവധി നീട്ടിനല്‍കാനും അഭ്യര്‍ത്ഥിക്കേണ്ടതും ഈ ഘട്ടത്തില്‍ അനിവാര്യമാണ്. സാധുവായ രേഖകളുടെ പിന്‍ബലത്തോടെയായിരിക്കണം ഇതെല്ലാം നിര്‍വഹിക്കേണ്ടത്.

4.റീവാമ്പ്(Revamp )
പ്രകൃതി ദുരന്തം കാരണം നിങ്ങളുടെ ബിസിനസ് പൂര്‍ണമായി തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍, സര്‍ക്കാരിന്റെയോ , ഇന്‍ഷൂറന്‍സ് നഷ്ടപരിഹാരം വഴിയോ ഉള്ള സാമ്പത്തിക സഹായത്താല്‍, വ്യത്യസ്തമായ രീതിയില്‍ നിങ്ങളുടെ ബിസിനസ് അഭിവൃദ്ധിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ബിസിനസുമായി ബന്ധപ്പെട്ട യാതൊരു നടപടികളും നിര്‍ത്തുകയോ അവസാനിപ്പിക്കുകയോ ചെയ്യരുത്. തീര്‍ച്ചയായും മെച്ചപ്പെടുത്തുക തന്നെയായിരിക്കണം ഈ അവസരത്തില്‍ നിങ്ങളുടെ ലക്ഷ്യം. ദുരന്തങ്ങള്‍ വരും പോകും, പക്ഷെ നിങ്ങളുടെ ബിസിനസ് മുന്നോട്ടുപോയേ തീരൂ എന്നതാവണം സമീപനം. ബിസിനസ് ഘടന പുനര്‍ രൂപീകരിക്കാനോ അല്ലെങ്കില്‍ പുതിയ ഭാവം നല്‍കാനോ ആയിരിക്കണം നിങ്ങളുടെ പരിശ്രമം. കാരണം അവര്‍ നിങ്ങളെ ആശ്രയിച്ചുനില്‍ക്കുന്നവരാണ്. ഈ ഘട്ടത്തില്‍ വായ്പ നല്‍കിയവരുമായും പണം നല്‍കാനുള്ളവരുമായും വിവരങ്ങള്‍ കൈമാറിക്കൊണ്ടിരിക്കണം.

5.റീ പ്ലെയ്സ് (Replace)
ദുരന്തത്തിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും റോ മെറ്റീരിയലുകളോ,മറ്റു ഘടകങ്ങളോ തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായി കഴിഞ്ഞാല്‍ റീപ്ലെയ്സ് ചെയ്യാനുള്ള ഓപ്ഷനാണ് തേടേണ്ടത്. നമ്മുടെ ഭൂമിയില്‍ ഏതാണ്ടെല്ലാ വസ്തുക്കള്‍ക്കും ബദലുകളുണ്ട്. ഗവേഷകരുടെയോ അല്ലെങ്കില്‍ വിദഗ്ധരുടെ സഹായത്താല്‍ മികച്ച ബദലുകള്‍ നമ്മള്‍ കണ്ടെത്തണം. അതുവഴി നമ്മുടെ ബിസിനസ് മുമ്പോട്ട് കൊണ്ടുപോകാന്‍ സാധിക്കണം

6.റീയൂണൈറ്റ് (Reunite)
വിതരണക്കാര്‍, ഉല്പാദകര്‍, വില്പനക്കാര്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ ഉള്‍ക്കൊള്ളുന്ന സംയോജിത പ്രവര്‍ത്തനങ്ങളുടെ പരമ്പരയാണ് ബിസിനസ്. ഈ ഘടകങ്ങളെല്ലാം നിലനിന്നാലേ ബിസിനസിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നടപ്പിലാകുകയുള്ളൂ.നിശ്ചിത കാലത്തേക്ക് വേര്‍പിരിക്കപ്പെട്ട ഈ പാര്‍ട്ടികളെയെല്ലാം വീണ്ടും കണ്ണി ചേര്‍ക്കേണ്ടതുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ മേല്‍ പാര്‍ട്ടികളുമായെല്ലാം ശരിയായ സമയത്ത് ആശയവിനിമയം നടത്തേണ്ടത് വളരെ പ്രധാനമാണ്. വിതരണക്കാരുടെയും ഡീലര്‍മാരുടെയും യോഗങ്ങളും കൂടിച്ചേരലുകളും പരസ്പര സമ്പര്‍ക്കവും സംഘടിപ്പിച്ച് നിലനില്‍ക്കുന്ന സാഹചര്യത്തെ കുറിച്ച് കൃത്യമായ വിവരം കൈമാറുകയും പദ്ധതികള്‍ ഒരുമിച്ച് ആസൂത്രണം നടത്തുകയും വേണം. ബന്ധപ്പെട്ട എല്ലാവരുമായും വ്യക്തിപരമോ കൂട്ടമായോ സന്ദേശങ്ങള്‍ കൈമാറി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കേണ്ടതുമുണ്ട്. നമ്മുടെ ഉല്‍പ്പന്നങ്ങളോ ,സേവനങ്ങളോ ഉടന്‍ തിരിച്ചെത്തുമെന്ന് അറിയിക്കുമ്പോള്‍ സംതൃപ്തരായ കസ്റ്റമേഴ്സ് നിങ്ങളുമായി വീണ്ടും ഒന്നിക്കും.


7.റീ ഇന്‍സ്റ്റാള്‍ ചെയ്യാം (Reinstall)
സോഫ്റ്റ് വെയറുകളും ഉപകരണങ്ങളും മുഖ്യ മൂല്യങ്ങലും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തനം പുനരാരംഭിക്കുക. സ്ഥാപിച്ചതെന്തും പുനസ്ഥാപിക്കാനും കഴിയും. അത് സാമ്പത്തിക ബാധ്യതയുണ്ടാകാമെങ്കിലും നഷ്ടങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വഴിയൊരുക്കും. നഷ്ടപ്പെട്ട പലതും തിരിച്ചുപിടിക്കാനും എല്ലാം നഷ്ടപ്പെടുന്നതില്‍ നിന്ന് കരകയറാനും തിരിച്ചുവരാനും അതുവഴി സാധിക്കും.

8.റീഹാബിലിറ്റേറ്റ് (Rehabilitate)

വിഭവങ്ങള്‍ പൂര്‍വസ്ഥിതിയിലായ ശേഷം തൊഴിലാളികളെ ഉന്മേഷഭരിതരാക്കാന്‍ പരിശീലനവും പ്രചോദനവുമാണ് വേണ്ടത്. വികാര ജീവികളെന്ന നിലയില്‍ സാഹചര്യങ്ങളോട് പൊരുത്തപ്പെടേണ്ടത് മനുഷ്യര്‍ക്ക് അനിവാര്യമത്രെ. പ്രകൃതി തുടര്‍ന്നും തങ്ങളുടെ മേല്‍ താണ്ഡവമാടുമോ എന്ന ചിന്ത അവരെ അലട്ടുകയും അത് ആത്മവിശ്വാസം നഷ്ടപ്പെടുത്തുകയും പ്രതിലോമ ചിന്തകള്‍ (നെഗറ്റീവ്) മാത്രം മനസ്സില്‍ കുടിയേറാനും സാധ്യതയുണ്ട്. ആ മാനസികാവസ്ഥ വേരോടെ പിഴുതെറിയാനും നവചൈതന്യം വീണ്ടെടുക്കാനുള്ള നടപടികളും വ്യായാമ മുറകളും ആവശ്യമെങ്കില്‍ സ്വീകരിക്കേണ്ടിവരും. തൊഴില്‍- ജീവിത ഗുണമേന്മ കൂട്ടാനും മാനസിക സമ്മര്‍ദം നിയന്ത്രിക്കാനുമുള്ള പരിശീലനം, ആരോഗ്യ വെല്‍നെസ് ക്ലബുകളും യോഗ പരിശീലന പരിപാടികളുമൊക്കെ അവര്‍ക്കായി സംഘടിപ്പിക്കണം.


9.റീ ഫര്‍ബിഷ് (Refurbish )
നമ്മുടെ ഫര്‍ണിച്ചറുകള്‍,മെഷിനറികള്‍, തുടങ്ങിയവയെല്ലാം ഒന്നുകൂടി പൊടിത്തട്ടി മിനുക്കാനും,പെയിന്റിങ്ങിനും,ശുചീകരണത്തിനും,അലങ്കരിക്കാനും,നന്നാക്കിയെടുക്കാനുമൊക്കെ തൊഴിലാളികളെ തന്നെ ഏല്‍പ്പിക്കുക. പുതുഭാവം നല്‍കാനുള്ള പ്രക്രിയയില്‍ എല്ലാ ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കണം. അതുവഴി അവരുടെ മാനസികമായി ശക്തിപ്പെടുത്താനും പ്രതീക്ഷപകരാനും സാധിക്കും. അതേസമയം സാമ്പത്തികമായി ചെലവുകുറഞ്ഞ മാര്‍ഗങ്ങളായിരിക്കണം ഇതിനൊക്കെ അവലംബിക്കേണ്ടത്. വലിയതുക ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.


10. റീ ബില്‍ഡ് (Rebuild)
ബിസിനസ് ദീര്‍ഘകാലം തുടര്‍ന്നുപോകേണ്ട ഒന്നാണ്. തലമുറകളോളം അതിജീവിക്കണമെന്ന പാഠം ഓരോ എന്റട്രപ്രണറും ഓര്‍ത്തിരിക്കണം. പുതിയ കാഴ്ചപ്പാടുകളോടെ ചിലതൊക്കെ രൂപീകരിക്കാനും നിങ്ങള്‍ സ്വയം പരിശ്രമിക്കണം. ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നതൊക്കെ പ്രതീക്ഷ നഷ്ടപ്പെടാതെ പുന:നിര്‍മിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. അക്ഷീണമായി പരിശ്രമിച്ചാല്‍ മാത്രമെ എല്ലാം തിരിച്ചുപിടിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.

 

പ്രകൃതി ദുരന്തം ബാധിക്കാത്ത സ്ഥലങ്ങളും ബിസിനസ് സംരംഭങ്ങളുമുണ്ടാകും. ചിലത് നേരിയ തോതില്‍ ബാധിച്ചവയും മറ്റു ചിലത് പൂര്‍ണമായി ബധിച്ചവയുമാകും. ആദ്യം വീണ്ടെടുക്കേണ്ടത് സംരംഭകന്റെ മനസ്സാണ്. പുനര്‍നിര്‍മാണം സാധ്യമാണെന്ന സംരംഭകന്റെ ശുഭാപ്തിവിശ്വാസം ഓരോരുത്തര്‍ക്കും പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം. ദുരന്തം ബാധിച്ച ജനങ്ങളോടും കുടുംബങ്ങളോടുമുള്ള അടുപ്പം കാരണം വിനോദവും ആഘോഷവും ഒഴിവാക്കുന്ന ബിസിനസ് സംരംഭങ്ങളുമുണ്ടാകും. പ്രതിസന്ധിയില്‍ നിന്നു പുറത്തുകടക്കാനുള്ള മാര്‍ഗമില്ലെന്നു ചിന്തിക്കേണ്ട സമയമല്ല ഇത്. ഈ കടുത്ത പരീക്ഷണ സാഹചര്യവും നാം മറിടകടക്കുമെന്ന് ബോധ്യപ്പെടുത്തേണ്ട അവസരമാണിത്.


ദുരന്താനന്തരം ബിസിനസ് എങ്ങനെ പുന:സ്ഥാപിക്കുമെന്ന് ശരിയായ സമയത്ത് സംരംഭകരെ ഉപദേശിക്കുകയാണ് യഥാര്‍ത്ഥ ബിസിനസ് തന്ത്രജ്ഞന്‍ (റിയല്‍ സ്ട്രാറ്റജിസ്റ്റ്)ചെയ്യേണ്ടത്. വില്പന കൂട്ടിയും ഉല്പാദനക്ഷമത വര്‍ധിപ്പിച്ചുമുള്ള എടുത്തു ചാട്ടത്തിനു പകരം സ്വാഭാവികമായ വികസന പദ്ധതി രൂപപ്പെടുത്താനാണ് അയാള്‍ സഹായിക്കേണ്ടത്. നിശ്ചിത സമയത്തിനകം ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുന്നതിനെ കുറിച്ചു മാത്രമായിരിക്കും എല്ലാ ബിസിനസുകാരും ചിന്തിക്കുക. അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിസിനസ് നിലനിര്‍ത്താന്‍ സഹായകമാകില്ല. നല്ല പോലെ ചിന്തിച്ചും ഓഹരിയുടമകളുടെ താല്പര്യം സംരക്ഷിച്ചും തൊഴിലാളികളുടെ പിന്തുണയോടെയും മികച്ച രീതിയില്‍ നടപ്പാക്കി മുന്നോട്ടുപോവുകയാണ് അഭികാമ്യം.

 
� Infomagic- All Rights Reserved.