കുറഞ്ഞ മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന അഞ്ച് സംരംഭങ്ങള്‍
October 31,2018 | 02:15:07 pm


ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ വിദ്യാര്‍ത്ഥികള്‍ സംരംഭകത്വത്തിലേക്ക് ചുവടുവെച്ചിട്ടുണ്ടാകും, അതാണ് ഇപ്പോഴത്തെ രീതി. പഠനം പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ തേടി അലയാതെ തൊഴില്‍ദാതാവായി മാറുകയാണ് യുവത്വം. വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍രഹിതരായ വീട്ടമ്മമാര്‍ക്കും ഒറ്റയ്ക്കും കൂട്ടമായും ചെറിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. ഇത്തരക്കാര്‍ക്ക്, കുറഞ്ഞ മുതല്‍മുടക്കില്‍ തുടങ്ങാവുന്ന അഞ്ച് ന്യൂ ജനറേഷന്‍ ബിസിനസ് ആശയങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ...


അലങ്കാര-കൗതുക വസ്തുക്കളുടെ വിപണനം

വീട്ടമ്മമാര്‍ക്കും കൗതുക വസ്തുക്കളുടെ നിര്‍മാണത്തില്‍ താത്പര്യമുള്ള മറ്റുള്ളവര്‍ക്കും എളുപ്പത്തില്‍ ആരംഭിക്കാവുന്ന സംരംഭമാണിത്. ഫ്‌ളവര്‍ വെയ്‌സ് അടക്കമുള്ള അലങ്കാര വസ്തുക്കള്‍ക്ക് വളരെയേറെ ഡിമാന്റാണ് ഇന്ന് വിപണിയിലുള്ളത്. പാഴ് വസ്തുക്കളില്‍ നിന്നു വരെ അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ ഇന്ന് നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഇതിന് വേണ്ടി പ്രത്യേക പരിശീലനങ്ങളും ധാരാളം സാധനങ്ങള്‍ നല്കി വരുന്നു. ഫേസ്ബുക്ക് പേജുകള്‍ വഴിയോ മറ്റ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചോ ഇത് മാര്‍ക്കറ്റ് ചെയ്യാവുന്നതാണ്.

 

പേഴ്സണലൈസ്ഡ് ഗിഫ്റ്റ് മാര്‍ക്കറ്റിംഗ്

പേഴ്സണലൈസ്ഡ് ഗിഫ്റ്റ് ഉത്പന്നങ്ങള്‍ക്ക് ഇന്ന് നല്ല ഡിമാന്‍ഡാണ്. പേരും മറ്റും പ്രിന്റ് ചെയ്ത ടിഷര്‍ട്ടുകളിലും ചിത്രം പതിപ്പിച്ച കോഫി മഗ്ഗുകളിലും ഒതുങ്ങുന്നതല്ല ഈ വിപണി. ലോഹത്തിലും തടിയിലുമൊക്കെ പേരു കൊത്തിയതും ഫോട്ടോ ആലേഖനം ചെയ്തതുമായ ഉത്പന്നങ്ങളാണ് ഇപ്പോള്‍ ട്രെന്‍ഡ്. പേനകള്‍, കീച്ചെയിന്‍, വിസിറ്റിങ് കാര്‍ഡ് ബോക്സുകള്‍, മൊബൈല്‍ കെയ്സുകള്‍, വാലറ്റുകള്‍, ഡയറികള്‍, പെന്‍ ്രൈഡവുകള്‍, ഫോട്ടോ ഫ്രെയിമുകള്‍ തുടങ്ങി എന്തിലും ഇന്ന് എന്‍ഗ്രേവിങ് സാധ്യമാണ്. കല്യാണ ഫോട്ടോ തടിയില്‍ എന്‍ഗ്രേവ് ചെയ്തു നല്‍കുന്ന ബിസിനസ്സിന് വലിയ സാധ്യതയാണ്. നാലു ലക്ഷം മുതല്‍ 12 ലക്ഷം രൂപ വരെയാണ് എന്‍ഗ്രേവ് മെഷീനുകളുടെ വില. ഇവ വാങ്ങി പരിശീലനം നേടുകയാണ് ആദ്യ പടി. നല്ലൊരു വെബ് പോര്‍ട്ടലും പ്രൊമോഷനു വേണ്ടി ഫേസ്ബുക്ക് പേജും അത്യാവശ്യമാണ്.

 

ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ് വെയര്‍

വന്‍കിട കമ്പനികള്‍ ഐടി അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ഏതാനും വര്‍ഷം മുമ്പ് വരെ കോടികളാണ് മുതല്‍മുടക്കിയിരുന്നത്. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി അതിവേഗം വളരാന്‍ തുടങ്ങിയതോടെ പല കമ്പനികളും തങ്ങളുടെ ഐടി അടിസ്ഥാനസൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് മാറ്റാന്‍ തുടങ്ങി. വലിയ കമ്പനികള്‍ മാത്രമാണ് ക്ലൗഡിന്റെ സാധ്യത ഇപ്പോള്‍ പ്രയോജനപ്പെടുത്തുന്നത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും വേഗവും കൂടുന്നതോടെ ചെറുകിട ഇടത്തരം കമ്പനികള്‍ പോലും ക്ലൗഡ് സേവനം ഉപയോഗിക്കും. ഇന്ന് ഡെസ്‌ക് ടോപ് കമ്പ്യൂട്ടറില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല സോഫ്റ്റ് വെയറുകളും (എച്ച്ആര്‍ പേയ്റോള്‍, സിആര്‍എം, അക്കൗണ്ടിംഗ്) താമസിയാതെ ക്ലൗഡിലേക്ക് മാറും. ഇത് വലിയൊരു അവസരമാണ് തുറന്നുനല്‍കുന്നത്. ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകളും മൊബൈല്‍ ആപ്പുകളും വികസിപ്പിക്കാന്‍ കഴിയുന്നവര്‍ക്കാണ് അവസരങ്ങളുള്ളത്. സോഫ്റ്റ്വെയറുകള്‍ക്ക് വലിയ തുക നല്‍കാതെ ചെറിയ വാടക നല്‍കി അത് ഉപയോഗിക്കാമെന്ന ആശയമാണ് ക്ലൗഡ് മുന്നോട്ടുവയ്ക്കുന്നത്.

 

വെര്‍ച്വല്‍ റസ്റ്റോറന്റ്

വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ് വഴിയും ഭക്ഷ്യ വസ്തുക്കളുടെ ഓര്‍ഡര്‍ സ്വീകരിച്ച് അവ എത്തിക്കുന്ന ആശയം അമേരിക്ക,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ വിജയമായിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലും ഇത്തരം സംരംഭങ്ങള്‍ ക്ലിക്ക് ആയി. എന്നാല്‍, കേരളത്തില്‍ ഏതാനും നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുകയാണ് ഈ ആശയം. റസ്റ്റോറന്റുകളില്‍ നിന്ന് സഹകരണമുണ്ടാവാത്തതാണ് പ്രധാന കാരണം. പ്രൊഫഷണലായി നടത്തിക്കൊണ്ടുപോകാനാവാത്തതും ഭക്ഷ്യവിഭവങ്ങള്‍
എത്തിക്കുന്നതിലെ കാലതാമസവുമാണ് മറ്റ് കാരണങ്ങള്‍. എന്നാല്‍ സ്വന്തമായ സെന്‍ട്രലൈസ്ഡ് കിച്ചണും ലിമിറ്റഡ് മെനുവും ഉപയോഗിച്ചുള്ള വെര്‍ച്വല്‍ റെസ്റ്റോറന്റ് കേരളത്തിലെ സംരംഭകര്‍ക്ക് നല്ലൊരു സാധ്യതയാണ്. വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്പ് എന്നിവ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ഉപയോഗിക്കാം.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്റ്റോര്‍

മള്‍ട്ടി കാറ്റഗറി, മള്‍ട്ടി ബ്രാന്‍ഡ്, മള്‍ട്ടി പ്രോഡക്ട് ഓണ്‍ലൈന്‍ സ്റ്റോറുകള്‍ ഇന്ത്യയില്‍ വന്‍ വിജയമായി മാറിക്കഴിഞ്ഞു. ഇത്തരത്തിലുള്ള സംരംഭം ഇനി തുടങ്ങുക അങ്ങേയറ്റം ശ്രമകരമായിരിക്കും. എന്നാല്‍, ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് മാത്രമായുള്ള എക്സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ സ്റ്റോറുകള്‍ക്ക് സാധ്യത ഇപ്പോഴും നിലനില്ക്കുന്നുണ്ട്. ഉദാഹരണത്തിന്, പ്രത്യേക തരം കളിപ്പാട്ടങ്ങള്‍, നവജാത ശിശുക്കളുടെ ഉത്പന്നങ്ങള്‍, ഫര്‍ണീച്ചര്‍, ആര്‍ട്ട് വര്‍ക്ക് എന്നിവയ്ക്കായുള്ള പ്രത്യേക ഓണ്‍ലൈന്‍ സ്റ്റോറുകള്‍ എന്നിവ.

 

 

 
� Infomagic- All Rights Reserved.