മികച്ച വരുമാനം നേടാന്‍ വാത്തയെ വളര്‍ത്താം
March 07,2019 | 12:08:36 pm

കാഴ്ചയില്‍ അരയന്നത്തെ പോലെ തോന്നുന്ന, താറാവുമായി ഏറെ സാമ്യമുളള പക്ഷിയാണ് വാത്ത. സ്വാന്‍ഗൂസ് എന്ന് അറിയപ്പെടുന്ന വാത്ത ഓറഞ്ച് നിറമാര്‍ന്ന ചുണ്ടും കാലുകളുമുള്ള, ആകര്‍ഷകമായ തൂവെള്ള ശരീരവുമായുള്ളവയാണ്. അതിനാല്‍ തന്നെ അലങ്കാര പക്ഷി വിപണിയില്‍ ഇവയ്ക്ക് ഏറെ ആവശ്യക്കാരുമുണ്ട്.

മനുഷ്യരുമായി വളരെ വേഗം ഇണങ്ങുന്ന വാത്തകള്‍ അപരിചിതരെയും ഇഴജന്തുക്കളെയും കണ്ടാല്‍ കൊത്തിയോടിക്കും. അലങ്കാര പക്ഷിയായി വളര്‍ത്താനും വീട്ടു കാവലിന് നിര്‍ത്താനും ഉത്തമമെന്ന് ചുരുക്കം. വാത്ത ഇറച്ചിക്ക് ഏറെ ആവശ്യക്കാരുണ്ട്. ഇറച്ചിക്കും മുട്ടയ്ക്കും ആയാണ് പ്രധാനമായും വാത്തകളെ വളര്‍ത്തുന്നത്. മറ്റ് വളര്‍ത്ത് പക്ഷികളേക്കാല്‍ രോഗപ്രതിരോധശേഷി ഉളളവയാണ് വാത്ത.

ടൗലൗസ്, റോമന്‍, ആഫ്രിക്കന്‍,ചൈനീസ്, എംഡന്‍, സെബസ്റ്റോപോള്‍ എന്നി ഇനങ്ങളാണ് വാത്തയ്ക്കുളളത്. പുറത്ത് വിടുകയും കൂട്ടിലിട്ട് വളര്‍ത്തകയും ചെയ്യാം. വളരെ ചെലവ് കുറഞ്ഞ് കൂടേ ആവശ്യമായി വരികയുളളൂ. അഞ്ച് വാത്തകള്‍ക്കായി രണ്ട് ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ നല്ല വായു സഞ്ചാരമുള്ളതും തറയില്‍ ഈര്‍പ്പം തങ്ങി നില്ക്കാത്ത രീതിയിലും കൂടാണ് തയ്യാറാക്കേണ്ടത്. സസ്യാഹാരികളായ വാത്തകളുടെ പ്രധാന ആഹാരം പച്ചപുല്ലാണ്.

വാത്തയുടെ മുട്ടയിടല്‍ കാലയളവിന് 130 ദിവസത്തോളം ദൈര്‍ഘ്യമുണ്ടാകും. ഒരു സീസണില്‍ പരമാവധി 30 മുട്ടകള്‍ വരെ ലഭിക്കും. ഇണചേരലും പ്രത്യുല്പാദനവും ഫലപ്രദമാകാന്‍ ജലസാന്നിദ്ധ്യം നല്ലതാണെങ്കിലും ഇതിനായി വെള്ളം അത്യാവശ്യ ഘടകമല്ല. നന്നായി പരിചരിച്ചാല്‍ രോഗസാധ്യത നന്നേ കുറവാണ്. വിപണിയില്‍ ക്ഷാമം നേരിടുന്നതിനാല്‍ വാത്തകള്‍ക്ക് വിലയും കൂടുതലാണ്. വിരിയിക്കാന്‍ ഉപയോഗിക്കുന്ന വാത്ത മുട്ടയ്ക്ക് 40 രൂപയും ഒരു ദിവസം പ്രായമായ കുഞ്ഞിന് 100 രൂപയും അഞ്ചുമാസം പ്രായമുള്ള വാത്തയ്ക്ക് 700 വില ലഭിക്കും.

 
Related News
� Infomagic- All Rights Reserved.