ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ തേനീച്ച കൃഷി
April 12,2019 | 01:49:52 pm

ശുദ്ധമായ തേനിന് ഏറെ ആവശ്യക്കാരുണ്ട്. എന്നാല്‍ വിപണിയില്‍ പലപ്പോഴും മായം കലര്‍ത്തിയ തേനാണ് ലഭ്യമാകുന്നത്. ശുദ്ധമായ തേന്‍ വിപണനം ചെയ്താല്‍ വളരെ വേഗം വിപണി കൈയ്യടക്കാന്‍ കഴിയുന്ന മേഖലയാണിത്. വലിയ പരിചരണമോ അദ്ധ്വാനമോ ആവശ്യമില്ലാത്തതും മികച്ച വരുമാനം ലഭിക്കുന്നതുമാണ് തേനീച്ച കൃഷി.

വീട്ടില്‍ തന്നെ തേനീച്ച പെട്ടികളിലായി തേനീച്ചയെ വളര്‍ത്താം. 250-300 കൂടുകള്‍ സ്ഥാപിച്ചാല്‍ പ്രതിമാസം ഒരു ലക്ഷം രൂപയോളം സമ്പാദിക്കാം. തുടക്കത്തില്‍ 25-30 കൂടുതല്‍ സ്ഥാപിച്ച് പരീക്ഷണാര്‍ത്ഥം കൃഷി ചെയ്യുന്നതാകും ഉത്തമം. ഇതില്‍നിന്നും ലഭിക്കുന്ന തേന്‍ വിപണനം ചെയ്താല്‍ തന്നെ ഒരു കുടുംബത്തിന് ജീവിക്കാന്‍ ആവശ്യമായ വരുമാനം ലഭിക്കും.

ഖാദിബോര്‍ഡില്‍ നിന്നും തേനീച്ച പെട്ടികള്‍ വാങ്ങാം. സാധാരണയായി രണ്ട് തട്ടുകളോടുകൂടിയ പെട്ടികളാണ് ഉപയോഗിക്കുന്നത്. ഒരു മീറ്റര്‍ ഉയരമുള്ള കാലുകളിലാണ് തേനീച്ച കൂടുകള്‍ സ്ഥാപിക്കുക. മരപ്പൊത്തുകളിലും മറ്റും കാണപ്പെടുന്ന കൂടുകളില്‍നിന്നും ഈച്ചകളെ ശേഖരിച്ചും വളര്‍ത്ത് കൂടുകളില്‍നിന്നും വിഭജനം നടത്തിയും പുതിയ കൂടുകളിലേക്ക് ആവശ്യമായ തേനീച്ചകളെ കണ്ടെത്താം. റാണി ഈച്ചയെ പുതിയ കൂടിനുള്ളില്‍ സ്ഥാപിക്കേണ്ടത് കൂടിന്റെ നിലനില്പിന്റെ ഭാഗമാണ്.

തേനീച്ചകളുടെ എണ്ണം കൂടുമ്പോള്‍ പുതിയ റാണിയെ വിരിയിച്ച് കൂട് പിരിയാന്‍ ഈച്ചകള്‍ തയ്യാറെടുക്കും. ഈ അവസരത്തില്‍, പുതിയ റാണി വിരിഞ്ഞ് പുറത്തുവരുന്നതിനു മുന്‍പായി പഴയ റാണിയെ മൂന്നോ നാലോ അടകള്‍ക്കും കുറെ വേലക്കാരി ഈച്ചകള്‍ക്കുമൊപ്പം പുതിയ പെട്ടിയിലേക്കു മാറ്റി കൂടു വിഭജനം നടത്തി പുതിയ തേനീച്ചക്കോളനികള്‍ ഉണ്ടാക്കിയെടുക്കുകയും വേണം.

കൂടുകളില്‍ ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാനായി കീടനാശിനിപ്രയോഗം നടത്താം. കൂടുകള്‍ രണ്ടാഴ്ചയില്‍ ഒരിക്കലെങ്കിലും പരിശോധിക്കണം. കൃത്യമായ പരിശീലനം നേടിയ ശേഷമായിരിക്കണം കൃഷി ആരംഭിക്കുന്നത്. വിപണനത്തിനായി ഫേസ്ബുക്ക് പോലുളള നവമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തണം.

 
Related News
� Infomagic- All Rights Reserved.