ഫേസ്ബുക്കിലൂടെ ബിസിനസ് കൂട്ടാനുള്ള വഴികള്‍
August 03,2018 | 01:51:38 pm


ബിസിനസ് വിപുലീകരണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്. ഫേസ്ബുക്ക് ട്വിറ്റര്‍ , ഇന്‍സ്റ്റാഗ്രാം , വാട്ട്‌സആപ്പ് തുടങ്ങിയ ഒട്ടനവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബിസിനസ് പ്രമോഷന് ഏറ്റവും നല്ലത് ഫേസ് ബുക്ക് തന്നെ. നിങ്ങളുടെ സംരംഭത്തിന് കൂടുതല്‍ ഉപഭോക്താളെ നേടുന്നതിനും പ്രചാരം കൊടുക്കുന്നതിനുമെല്ലാം ഫേസ്ബുക്കിനെ ഉപയോഗപ്പെടുത്താനാവും. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ അറിയുക.

ഫേസ്ബുക്ക് പേജ് ഉണ്ടാക്കുക
നിങ്ങള്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെന്നു കരുതിക്കൊണ്ട് പറയട്ടെ, ആദ്യം ഫേസ്ബുക്കില്‍ ഒരു പേജ് സൃഷ്ടിക്കുകയാണ് വേണ്ടത്. ഫേസ്ബുക്കിന്റെ ഹോം പേജില്‍ ഇടതുവശത്ത് എക്‌സ്‌പ്ലോര്‍ എന്ന സെക്ഷനു കീഴിലുള്ള പേജ്‌സ് എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്ത് ഓപ്പണ്‍ ചെയ്യുക. ആ പേജിന്റെ മുകളില്‍ വലതുഭാഗത്തായി ക്രിയേറ്റ് പേജ് എന്ന ബട്ടനുണ്ടാകും. അതില്‍ ക്ലിക് ചെയ്യുക. പേജിന്റെ പേര്, വിഭാഗം, ബിസിനസ് അഡ്രസ് എന്നിവയെല്ലാം നല്‍കി അതില്‍ പേജുണ്ടാക്കാം. നല്ലൊരു കവര്‍ പടമൊക്കെയിട്ട് പേജ് മനോഹരമാക്കുക. പ്രൊഫൈല്‍ പിക്ചറും നല്‍കണം. ഫോണ്‍ നമ്പര്‍ , ഇമെയില്‍ വിലാസം, നിങ്ങളുടെ സംരംഭത്തെപ്പറ്റി ചെറു വിവരണം, പ്രവര്‍ത്തന സമയം, ലഭ്യമാക്കുന്ന ഉത്പന്നങ്ങളെയോ സര്‍വീസുകളെയോ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയൊക്ക നല്‍കി പേജ് ഉപകാരപ്രദമാക്കുക. ഇനി ചെയ്യേണ്ടത് നിങ്ങളുടെ ഫേസ്ബുക്ക് ഫ്രണ്ട്‌സിനെ പേജ് ലൈക്ക് ചെയ്യാന്‍ ക്ഷണിക്കുക എന്നതാണ്. അതിനുള്ള ഓപ്ഷന്‍ പേജില്‍ കൊടുത്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ മനോഹരമായ ഫോട്ടോകളും വിവരണങ്ങളും അടങ്ങുന്ന പോസ്റ്റുകള്‍ പതിവായി പേജിലിടുക. വീഡിയോകളുണ്ടെങ്കില്‍ അതും പോസ്റ്റ് ചെയ്യാം. നിങ്ങളുടെ പേജ് കണ്ടാല്‍ ലൈക്ക് ചെയ്യാന്‍ തോന്നിക്കും വിധമുള്ള പോസ്റ്റുകള്‍ ആയിരിക്കണം പേജില്‍ നല്‍കേണ്ടത്.


ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ അംഗമാകുക
സുഹൃത്തുക്കളെ ക്ഷണിച്ചതിലൂടെ മാത്രം പേജിന് അധികം ലൈക്ക് കിട്ടില്ല. നിങ്ങള്‍ക്ക് ബിസിനസ് കിട്ടാന്‍ സാധ്യതയുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ കണ്ടെത്തി അവയില്‍ അംഗത്വമെടുക്കുക. സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും അവസരമൊരുക്കുന്ന, ലക്ഷങ്ങള്‍ അംഗങ്ങളുള്ള പല ഫേസ്ബുക്ക് ഗ്രൂപ്പുകളുമുണ്ട്. അവയില്‍ അംഗത്വമെടുത്തശേഷം അഡ്മിനുമായി ബന്ധപ്പെട്ട് അനുമതി നേടി, നിങ്ങളുടെ പേജ് അപ്‌ഡേറ്റുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുക. അതിലൂടെ അന്വേഷണങ്ങളും പേജിന് ലൈക്കുകളും നേടാം.

സ്വന്തമായി ഗ്രൂപ്പ്  തുടങ്ങുക
നിങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവരെ ഉള്‍പ്പെടുത്തി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിക്കുക. നിങ്ങള്‍ നല്‍കുന്ന സേവനം അല്ലെങ്കില്‍ ഉത്പന്നത്തെപ്പറ്റി തുറന്ന ചര്‍ച്ചകള്‍ക്ക് ഗ്രൂപ്പിനെ വേദിയാക്കുക. വിജ്ഞാനപ്രദമായ വാര്‍ത്തകളുടെ ലിങ്കുകള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം. കൂടുതല്‍ സുഹൃത്തുക്കളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ ഗ്രൂപ്പ് അംഗങ്ങളോട് അഭ്യര്‍ഥിക്കുക. ഉത്പന്നങ്ങളുടെ വില, വാറന്റി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഗ്രൂപ്പ് അംഗങ്ങള്‍ ചോദിച്ചാല്‍ കൃത്യമായി മറുപടി നല്‍കാന്‍ ശ്രദ്ധിക്കുക.

ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ്


ഉത്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിട്ടുണ്ട്. ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് എന്നാണ് ഈ വിഭാഗത്തിനു പേര്. വാഹനം, സ്ഥലം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ വില്‍ക്കാനും വാങ്ങാനും കഴിയും. ഒഎല്‍എക്‌സ് , ക്വിക്കറിനുമൊക്കെ വെല്ലുവിളിയാകാനാണ് ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പരസ്യം ചെയ്ത് നിങ്ങളുടെ കച്ചവടം ഏറെ വിപുലീകരിക്കാനാവും. ഫേസ്ബുക്ക് മെസഞ്ചര്‍ ചാറ്റിലൂടെ ആവശ്യക്കാര്‍ നിങ്ങളെ തേടിയെത്തും. കൂടുതല്‍ വിരങ്ങള്‍ക്ക് ഫേസ്ബുക്ക് മാര്‍ക്കറ്റ് പ്ലേസ് സന്ദര്‍ശിക്കുക.

ഫേസ്ബുക്കിന് പണം നല്‍കി പരസ്യം
ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും ആശയവിനിമയം നടത്താനും അവസരമൊരുക്കുന്ന ഫേസ്ബുക്കിന്റെ നിലനില്‍പ്പ പരസ്യവരുമാനത്തില്‍ നിന്നാണ്. അതുകൊണ്ടുതന്നെ പണം കൊടുത്താല്‍ നിങ്ങളുടെ ഫേസ് ബുക്ക് പേജിലെ പോസ്റ്റുകളുടെ വ്യാപനം ഫേസ്ബുക്ക് കൂട്ടിത്തരും. ലൈക്ക് കൂടുതല്‍ നേടാനോ, പോസ്റ്റ് കൂടുതല്‍ ആളുകളുടെ മുന്നില്‍ എത്തിക്കാനോ ഒക്കെ പണം നല്‍കിയുള്ള പ്രൊമോഷന്‍ സഹായിക്കും. ഇതിനായി പേജിലെ പ്രമോട്ട് ബട്ടന്‍ അമര്‍ത്തിയാല്‍ മതി. ക്രെഡിറ്റി/ ഡെബിറ്റ് കാര്‍ഡ് മുഖേന ഫേസ്ബുക്കിന് പണം അടയ്ക്കാം. പോക്കറ്റിനിണങ്ങുന്ന ബജറ്റില്‍ പരസ്യം ചെയ്യാനുള്ള അവസരമാണ് ഫേസ്ബുക്ക് നല്‍കുന്നത്. നിശ്ചിത പ്രായപരിധി, പ്രദേശം, ഭാഷ, വിദ്യാഭ്യാസയോഗ്യത, താല്‍പ്പര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത് കൃത്യമായ ഉപഭോക്താവിന്റെ മുന്നില്‍ പരസ്യം എത്തിക്കാന്‍ ഫേസ്ബുക്ക് നിങ്ങളെ സഹായിക്കും.

 
� Infomagic - All Rights Reserved.