സംരംഭത്തിനിറങ്ങുന്ന സ്ത്രീകള്‍ അറിഞ്ഞിരിക്കണം 'വി മിഷന്‍' പദ്ധതിയെക്കുറിച്ച്
October 08,2018 | 01:39:33 pm

സംരംഭകമേഖലയിലേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണത്തില്‍ നിലവില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകള്‍ ഉള്‍പ്പെടെ പലഭാഗത്തുനിന്നും ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാനായി വിവിധ സഹായങ്ങളും നല്‍കിവരുന്നു. ഇത്തരത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന ഏതൊരു വനിതയും അറിഞ്ഞിരിക്കേണ്ട ഒരു സര്‍ക്കാര്‍ പദ്ധതിയാണ് വി മിഷന്‍. വ്യവസായ സംരംഭ മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യവും പരിശീലനവും നല്‍കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

എന്താണ് വി മിഷന്‍
സ്ത്രീകള്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടതിന്റെ പ്രധാന്യം വി മിഷന്‍ പദ്ധതി മുന്നോട്ടുവയ്ക്കുന്നു. കുടുംബങ്ങള്‍ സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും അതുവഴി സാമൂഹ്യ പുരോഗതിക്കും സ്ത്രീകളെ സമ്പാദ്യശീലമുള്ളവരാക്കുകയാണ് നല്ലതെന്ന പഠനങ്ങളുടെ പിന്‍ബലത്തോടെയാണ് പദ്ധതി. ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അക്കാദമിക രംഗത്തെന്നപോലെ സംരംഭ മേഖലയിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരാനാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതുവഴി വ്യവസായ രംഗത്ത് സംസ്ഥാനത്തിന്റെ വളര്‍ച്ചനിരക്ക് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും വിലയിരുത്തുന്നു.

എന്തൊക്കെ സഹായങ്ങള്‍
വനിതാ സംരംഭകരെ കണ്ടെത്തി അവര്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന സംരംഭത്തിന്റെ ആശയരൂപീകരണം മുതല്‍ നടപ്പാക്കല്‍വരെയുള്ള ഘട്ടങ്ങളില്‍ പ്രോത്സാഹനവും സാമ്പത്തിക, സാങ്കേതിക പിന്തുണയും വി മിഷന്‍വഴി ഉറപ്പാക്കക്കും. ഒരു സ്ത്രീ വരുമാനത്തിനായി തിരഞ്ഞെടുക്കുന്ന സംരംഭത്തില്‍ ആ വ്യക്തിക്കുണ്ടാകേണ്ട നൈപുണ്യങ്ങളും, പ്രസ്തുത സംരംഭവുമായി ബന്ധപ്പെട്ട് അവര്‍ക്ക് സമൂഹത്തില്‍നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നുമായി ലഭിക്കേണ്ട സേവനങ്ങളും സംരക്ഷണങ്ങളും വിഭവങ്ങളും അവരില്‍ എത്തിക്കാനുള്ള അവസരമാണ് വി മിഷന്‍ ഒരുക്കുന്നത്.

അഞ്ചിന കര്‍മപരിപാടികള്‍
*ഉപദേശ നിര്‍ദേശങ്ങള്‍ ലഭ്യമാക്കുന്നതിനായി 'മീറ്റ് യുവര്‍ മെന്റര്‍'
*വിജയകരമായ യൂണിറ്റുകള്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കുന്ന 'സീ ടു ഫീല്‍'
*എളുപ്പത്തിലുള്ള സാമ്പത്തിക പിന്തുണയ്ക്ക് 'സോഴ്‌സ് ദി ഫണ്ട്'
*ഇന്‍കുബേഷനിലും അടിസ്ഥാന സൗകര്യങ്ങളിലും പിന്തുണ നല്‍കുന്ന 'ലോഞ്ച് ദി വെഞ്ചര്‍'
*നെറ്റ് വര്‍ക്കിംഗില്‍ പിന്തുണ ലഭ്യമാക്കുന്ന 'മാര്‍ക്കറ്റ് കണക്ട്'

കുടുംബശ്രീ, എംഎസ്എംഇ, ഡിഐസി, സിഐഐ എന്നീ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

 

 
Related News
� Infomagic- All Rights Reserved.